സ്വന്തം ലേഖകൻ

തിരുവനന്തപുരം : ടി20 കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കി യുകെ മലയാളിയും എം.എസ് ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡിയുടെ ഉടമയുമായ പാലാക്കാരൻ സുഭാഷ് ജോർജ്ജ് മാനുവല്‍ . സുഭാഷ് ജോർജ്ജ് കൊച്ചി ടീമിന്റെ ഉടമയായതോടെ യുകെ മലയാളികളുടെ പേരും കേരള ക്രിക്കറ്റ് ലീഗില്‍ ഇടംനേടി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയുടെ നീലകടുവകള്‍ ( ബ്ലൂ ടൈഗേഴ്‌സ് ) കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് യുകെയിലെ ക്രിക്കറ്റ് പ്രേമികളും. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബര്‍ രണ്ടു മുതല്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ ആറു ടീമുകളാണ് പങ്കെടുക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഫ്രാഞ്ചൈസികൾക്കായി സംഘടിപ്പിച്ച ലേലത്തിലൂടെയാണ് സുഭാഷ് ജോര്‍ജ്ജ് കൊച്ചിയുടെ ടീമായ ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും വലിയ തുകയായ രണ്ടര കോടി രൂപ നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സുഭാഷ് ജോർജ്ജ് സ്വന്തമാക്കിയത്. 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിച്ച ഏഴുപേരെ ഫൈനല്‍ ലേലത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതില്‍ ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേര്‍ക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്. 

സുഭാഷ് ജോര്‍ജ് മാനുവല്‍ ( സിംഗിൾ ഐഡി ). ഫിലിം ഡയറക്ടർ എസ്. പ്രിയദർശൻ  – ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്‍സോര്‍ഷ്യം), ടി. എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ടീമുകളുടെ ഫ്രാഞ്ചൈസികള്‍ ലഭിച്ചത്. ഇതിൽ ആയിരം കോടിക്ക് മുകളിൽ ആസ്തിയുള്ള സുഭാഷ് ജോർജ്ജിന്റെ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ലേലത്തിൽ ഒന്നാമതായി എത്തിയത്. തൊട്ട് പിന്നാലെ എത്തിയത് ഫിലിം ഡയറക്ടർ പ്രിയദർശന്റെ കണ്‍സോര്‍ഷ്യവുമാണ്.

ഐപിഎല്‍ താരവും ഫാസ്റ്റ് ബൗളറുമായ ബേസില്‍ തമ്പിയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ സ്റ്റാര്‍ ഐക്കണ്‍ . 2014-15 സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ബേസില്‍ 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്.

അതോടൊപ്പം കളിക്കാരെ തെരഞ്ഞെടുക്കുവാനായി നടത്തിയ താര ലേലത്തില്‍ മനു കൃഷ്ണനെ ഏഴ് ലക്ഷം രൂപയ്ക്കാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. ആദ്യ ടി20 ക്രിക്കറ്റ് ലീഗില്‍ കൊച്ചിക്ക് ലഭിച്ചത് മികച്ച താരങ്ങളെയാണെന്നും കളിക്കളത്തില്‍ മികച്ച പ്രകടനം ടീം കാഴ്ച്ചവെക്കുമെന്നും സുഭാഷ് ജോർജ്ജ് മാനുവല്‍ വ്യക്തമാക്കി.

കേരളത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പുതുതലമുറയിലെ മികച്ച കളിക്കാരെ കായിക ലോകത്തിന് സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. ബ്രിട്ടണിലും സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കി നിരവധി പ്രവര്‍ത്തനങ്ങള്‍ സുഭാഷിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. യുകെയിൽ കളിക്കാര്‍ക്കായി സ്വന്തമായി ഗ്രൗണ്ടും ഇദ്ദേഹത്തിന്റെ സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. പാലാ ഭരണങ്ങാനം മാറാമറ്റം വീട്ടിൽ മാനുവല്‍ ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് സുഭാഷ് ജോർജ്ജ്.