ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി സുഭാഷ് വാസു. വെള്ളാപ്പള്ളിയും കുടുംബവും എസ്എൻഡിപി യോഗത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സുഭാഷ് വാസു തുറന്നടിച്ചു. ഒരു കോടി എൺപത് ലക്ഷം രൂപ മാത്രമാണ് ആസ്തി എന്നാണ് തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് നൽകിയ സത്യവാംഗ്മൂലത്തിൽ കാണിച്ചിട്ടുള്ളത്. എന്നാൽ, തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ട്. ഇതെങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കണം- അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമായുള്ള താൻ ഇതുവരെ സാമ്പത്തിക ക്രമക്കേട് ഒന്നും നടത്തിയിട്ടില്ലെന്നു പറഞ്ഞ സുഭാഷ് വാസു ലോക വ്യഭിചാരശാലയായ മക്കാവുവിൽ തുഷാറിന് ഫ്ലാറ്റുണ്ടെന്നും ആരോപിച്ചു. ശ്രീനാരായണീയരെ സേവിക്കുകയല്ല തുഷാറിന്റെ ലക്ഷ്യമെന്നും എസ്എൻഡിപിയെ കൊണ്ട് ആർജിച്ച സമ്പത്ത് നഷ്ടപ്പെടുമോ എന്നാണ് തുഷാറിന്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മുമായി വെള്ളാപ്പള്ളിയും തുഷാറും ഒത്തുകളിച്ചെന്ന് തുറന്നടിച്ച സുഭാഷ് വാസു ഇരുവരും എൻഡിഎയെ വഞ്ചിച്ചെന്നും പറഞ്ഞു. ആലപ്പുഴ, അരൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് കുതിരക്കച്ചവടം നടന്നത്. വെള്ളാപ്പള്ളിക്കും കുടുംബത്തിനും സിപിഎമ്മുമായി തെറ്റായ കൂട്ടുകെട്ടാണ് ഉള്ളത്- അദ്ദേഹം ആരോപിച്ചു. കേരളത്തിലുണ്ടായ പല കൊലപാതകങ്ങളിലും വെള്ളാപ്പള്ളിക്ക് പങ്കുണ്ട്. വെള്ളാപ്പള്ളിക്ക് എസ്എൻഡിപി യോഗത്തിന്റെ തലപ്പത്തിരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹത്തിന്റെ സംസ്കാരമില്ലായ്മ യോഗത്തിന് നിരവധി തവണ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞ സുഭാഷ് വാസു വെള്ളാപ്പള്ളി രാഷ്ട്രീയ നേതാക്കൾക്കെതിരെ നടത്തുന്ന വിലകുറഞ്ഞ ആരോപണങ്ങൾ ഇതിനു തെളിവാണെന്നും കൂട്ടിച്ചേർത്തു.
താനാണ് ബിഡിജെഎസിന്റെ സ്ഥാപക പ്രസിഡന്റ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ബിഡിജെഎസിൽ തുഷാറിന് അംഗത്വമുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. എസ്എൻഡിപി യോഗത്തിന്റെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കാൻ ധൈര്യമുണ്ടോയെന്നും സുഭാഷ് വാസു വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചു. ഇനിയും തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വെള്ളാപ്പള്ളിയോ തുഷാറോ ഉന്നയിച്ചാൽ അവരുടെ കുടുംബത്തിലുള്ളവർ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതിവരുമെന്നും അത്തരം നിരവധി തെളിവുകൾ തന്റെ പക്കലുണ്ടെന്നും സുഭാഷ് വാസു വ്യക്തമാക്കി.
Leave a Reply