സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടന്റെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസി ഇറക്കാൻ തീരുമാനമെടുത്തു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ യുകെയിലെ ബിസിനസ്സുകാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വ്യക്തിയായി സുഭാഷ് ജോർജ്ജ് മാനുവൽ എന്ന പാലാക്കാരൻ മാറുന്നു . ബാങ്ക് ഓഫ് കാനഡ , ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സ്വീഡിഷ് ബാങ്ക് , സ്വിസ് നാഷണൽ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി ചേർന്ന് ക്രിപ്റ്റോ കറൻസി നിർമ്മിക്കുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടും തീരുമാനമെടുത്തു എന്ന വിവരമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ യുകെയിലെ ബിസിനസ്സ് രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്
ലോകം മുഴുവനും ക്രിപ്റ്റോ കറൻസി യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കപ്പെടുമ്പോൾ യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിക്ക് രൂപം നൽകിയ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന് അഭിമാനിക്കാം . ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുകെയിൽ സുഭാഷ് ജോർജ്ജ് തുടക്കം കുറിച്ച ഡിജിറ്റൽ കറൻസി അഥവാ ക്രിപ്റ്റോ കറൻസി എന്ന നൂതന ആശയത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു.
അങ്ങ് അകലെ കൊച്ചു കേരളത്തിൽ നിന്നും ഒരു നിയമ വിദ്യാർത്ഥിയായി യുകെയിലെത്തിയ സുഭാഷ് ജോർജ്ജ് മാനുവൽ വളരെ നേരത്തെ തന്നെ ക്രിപ്റ്റോ കാർബൺ ( CCRB ) എന്ന പേരിൽ സ്വന്തമായി യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിക്ക് രൂപം കൊടുത്തിരുന്നു . ആയിരക്കണക്കിന് ഷോപ്പുകളിലൂടെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാനും അതിലൂടെ വൻ ലാഭം നേടുവാനുമുള്ള സൗകര്യവും അദ്ദേഹം തന്റെ കമ്പനിയിലൂടെ ഒരുക്കിയിരുന്നു .
ഇന്ന് ഈ ആശയത്തെ അംഗീകരിച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വന്തം ക്രിപ്റ്റോ കറൻസികൾക്ക് രൂപം നൽകാൻ തയ്യാറാകുമ്പോൾ സുഭാഷ് ജോർജ്ജ് മാനുവൽ എന്ന മലയാളി ബിസിനസ്സുകാരനെ നമ്മുക്ക് അഭിനന്ദിക്കാം . വെറും ഒരു നിയമവിദ്യാർത്ഥിയായി 2007 ൽ യുകെയിലെത്തിയ സുഭാഷ് ഇന്ന് യുകെയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിലും , ബിസിനസ്സ് സ്ഥാപനങ്ങളിലും , യുണിവേഴ്സിറ്റികളിലും ഒക്കെ ബ്ലോക്ക് ചെയിനിനെപ്പറ്റിയും , ക്രിപ്റ്റോ കറൻസികളെപ്പറ്റിയും അനേകം സെമിനാറുകൾ നടത്തി കഴിഞ്ഞു.
ഈയടുത്ത കാലം വരെ ക്രിപ്റ്റോ കറൻസികൾ യാഥാർത്ഥ്യമാകുമോ എന്ന സംശയത്തിലായിരുന്നു ബിസിനസ്സ് രംഗം . എന്നാൽ ബ്ലോക്ക് ചെയിൻ എന്ന സാങ്കേതിക വിദ്യയുടെ അപാരമായ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ ഓരോ രാജ്യങ്ങളും സ്വന്തമായി ക്രിപ്റ്റോ കറൻസികൾ നിർമ്മിക്കുവാനും മറ്റ് ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനും തുടങ്ങി കഴിഞ്ഞു .
ഓക്സ്ഫോർഡ് ഇൻസ്റ്റിട്യൂട്ട് ഓഫ് ലീഗൽ പ്രാക്ടീസിൽ നിന്നും ക്യു എൽ റ്റി റ്റി പാസ്സായ അദ്ദേഹം പല പ്രമുഖ കമ്പനികളുടെയും ലീഗൽ കൺസൾട്ടന്റാണ് . കേരള ഗവണ്മെന്റ് കിഫ്ബിയുടെ ഭാഗമായി തയ്യാറാക്കിയ വിദഗ്ദ്ധരുടെ പാനലിലെ അംഗവുമാണ് സുഭാഷ് ജോർജ്ജ് മാനുവൽ . ടൈംസ് മാഗസിന്‍ ” യൂണിവേഴ്‌സിറ്റി ഓഫ് ദി ഇയര്‍ ” ആയി തെരഞ്ഞെടുത്ത ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ പ്രസക്തി എന്ന വിഷയത്തിൽ കീ നോട്ട് സ്പീക്കറായി (Keynote speaker) സംസാരിക്കാന്‍ ഇന്റർനാഷണൽ അറ്റോർണി കൂടിയായ സുഭാഷ് ജോർജ്ജിന് ക്ഷണം ലഭിച്ചിരുന്നു .
വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും ബിസിനസ് പ്രമുഖരും സാമ്പത്തിക വിദഗ്ദരും പങ്കെടുത്ത ലണ്ടനില്‍ വച്ച് നടന്ന അന്താരാഷ്ട്ര ബ്ലോക്ക് ചെയിന്‍ സമ്മേളനത്തിൽ ഫ്രാൻസിലെ സെൻട്രൽ ബാങ്കിന്റെ പ്രതിനിധിക്കൊപ്പവും , ലോയിഡ്സ് ബാങ്കിന്റെ പ്രതിനിധിക്കൊപ്പവും പങ്കെടുത്ത് ബ്ലോക്ക് ചെയിനിനെപ്പറ്റിയും , ക്രിപ്‌റ്റോ കറന്‍സിയെപ്പറ്റിയും സംസാരിക്കാൻ സുഭാഷ് ജോർജ്ജിന് അവസരം ലഭിച്ചത് ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ലോകം മുഴുവനിലുമുള്ള ബാങ്കുകളും , സാമ്പത്തിക സ്ഥാപനങ്ങളും കോടികൾ മുടക്കി പുതിയ തലമുറയിലെ ബാങ്കിംഗ് സംവിധാനം എന്നറിയപ്പെടുന്ന ബ്ലോക്ക് ചെയിനിനെപ്പറ്റിയും , പുതിയ നാണയമായ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും പഠിക്കാനും പ്രാവർത്തികമാക്കുവാനും ശ്രമിക്കുമ്പോൾ ഇതിനോടകം ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞു എന്നത് സുഭാഷ് ജോർജ്ജ് മാനുവൽ എന്ന മലയാളിയുടെ ഒരു വലിയ നേട്ടം തന്നെയാണ്.
Leave a Reply