മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. വ്യത്യസ്തമായ പല പരിപാടികള്‍കൊണ്ടും സുബി പ്രേക്ഷകരെ സദാ വിസ്മയിപ്പിച്ചുകൊണ്ടുമിരുന്നു.  ഒരിക്കല്‍ ഒരഭിമുഖത്തിനിടെ അവതാരകന്‍ സുബിയോട് ചോദിച്ചു, വയസ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം കഴിക്കാത്തതെന്ന്. അതിന് സുബി നല്‍കിയ മറുപടിയില്‍ തമാശയുണ്ടായിരുന്നില്ല. കലാകാരന്മാര്‍ അവരുടെ എത്രയെല്ലാം വിഷമങ്ങള്‍ മറച്ചുവച്ചാണ് ആളുകളെ ചിരിപ്പിക്കുന്നത് എന്നത് സുബിയുടെ ആ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു.

ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ ആ ബന്ധം ജീവിതത്തിലേക്ക് ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരസ്പര സമ്മതത്തോടെ പിരിഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു, ‘അമ്മയ്ക്ക് എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ’ എന്ന്. അതെന്തിനാണ് അമ്മ ജോലിക്ക് പോകുന്നത്. കുടുംബം ഞാന്‍ നോക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘അമ്മയ്ക്ക് നല്ല ആരോഗ്യവും ചുറുചുറുപ്പും ഉണ്ടല്ലോ’ എന്നായിരുന്നു മറുചോദ്യം.

അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാം. കുടുംബവുമായി നല്ല ബന്ധമുള്ള ആളാണ്. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് ഞാനാണെന്നും അദ്ദേഹത്തിനറിയാം. എന്നിട്ടും എന്തിനാണ് അമ്മയെ ജോലിക്ക് അയക്കാന്‍ ആവശ്യപ്പെട്ടത് എന്ന സംശയം എന്നെ ആശയക്കുഴപ്പത്തിലാക്കി. പിന്നീട് ആലോചിച്ചപ്പോഴാണ് എനിക്ക് കൃത്യമായ ഉത്തരം കിട്ടിയത്. വിവാഹം കഴിഞ്ഞാല്‍ എന്നെ പൂര്‍ണമായും പറിച്ചുകൊണ്ടു പോവുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം. അക്കാര്യത്തെ കുറിച്ച് ഇടയ്ക്കിടെ സംസാരമുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നെ ഒരു കാര്യം, അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തിനാണ് എനിക്ക് അദ്ദേഹം തന്നെ ഒരു അക്കൗണ്ട് എടുത്ത് തന്നത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാന്‍ സമ്പാദിക്കുന്നത് എല്ലാം എന്റെ പേരില്‍ തന്നെ ഉണ്ടാവണം. കുടുംബത്തിലേക്ക് പോകരുത്. വിവാഹത്തോടെ എന്നെ പൂര്‍ണമായും പറിച്ചു നടുമ്പോള്‍ അതൊക്കെ സ്വന്തം പേരിലാക്കാം എന്നതായിരുന്നു അവരുടെ ഉദ്ദേശം.

എനിക്ക് സംശയങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. ഈ ബന്ധം ഇനി മുന്നോട്ട് പോകില്ല എന്ന് പറഞ്ഞ് സംസാരിച്ച് സമ്മതത്തോടെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അദ്ദേഹം ഇപ്പോള്‍ വേറെ വിവാഹമൊക്കെ കഴിച്ചു. ഇടയ്ക്കൊക്കെ കാണാറുണ്ട്. ഞങ്ങളിപ്പോഴും നല്ല സൗഹൃദബന്ധം തുടരുന്നു. സുബി പറഞ്ഞു.

വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. വീട്ടില്‍ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്നുണ്ട്. പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം. പ്രണയിച്ച് വിവാഹം കഴിക്കാന്‍ അമ്മ ലൈസന്‍സ് തന്നിട്ടുണ്ടെന്നും സുബി പറയുന്നു.