ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിലെ ഗ്രാമീണ അന്തരീക്ഷത്തിൽ നിന്ന് യുകെയിലെ പ്രവാസ ജീവിതത്തിലേക്ക് പറിച്ചുനടപ്പെട്ടവർക്ക് പറയാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും. പ്രവാസ ജീവിതത്തിന്റെ വിരസതയും ജന്മനാടിന്റെ ഓർമകളും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറും. ബന്ധങ്ങൾ അഞ്ചിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങിയ കാലത്തും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ചിലർ പ്രകൃതിയിലേക്കും കൃഷിയിലേക്കും തിരിച്ചുനടക്കുകയാണ്. കൃഷിയെപറ്റി സംസാരിക്കുമ്പോൾ ചാത്തന്നൂർകാരനായ എൽദോസ്‌ ജേക്കബ് വാചാലനാവും. കൃഷിയും പൂന്തോട്ടവും നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ഒരാൾ എങ്ങനെയാണ് മിണ്ടാതിരിക്കുന്നത്. യുകെ മലയാളികൾക്ക് പ്രചോദനമേകുന്ന ജീവിതകഥയാണ് എൽദോസ്‌ ജേക്കബ് എന്ന വിനോദിന് പറയാനുള്ളത്. കുടുംബം, കൃഷി, പൂന്തോട്ടം, പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷയെ വളർത്താനുള്ള ശ്രമങ്ങൾ എന്നിവയെപ്പറ്റി മലയാളംയുകെയിൽ മനസ്സ് തുറക്കുകയാണ് വിനോദ്.

കുടുംബം

എന്റെ പേര് എൽദോസ് ജേക്കബ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിനോദ് എന്ന് വിളിക്കും. ഭാര്യ ആശാ മാത്യു. മകൻ ഇനോക്ക് ജേക്കബ് എൽദോസ്‌ (14), മകൾ മീഖ ഗ്രേസ് എൽദോസ് (10). ഇവിടെ എസ്സെക്സിൽ ഡാഗ്നം ഈസ്റ്റ്‌ എന്ന സ്ഥലത്ത് താമസിക്കുന്നു. കൊല്ലം ജില്ലയിലെ കാർഷിക ഗ്രാമമായ ചാത്തന്നൂരാണ് എന്റെയും ആശയുടെയും സ്വദേശം. ധാരാളം സംസാരിക്കാനും സൗഹൃദങ്ങൾ നിലനിർത്താനും അതീവ താല്പര്യമുള്ള എനിക്ക് അനുയോജ്യമായ ജോലിയാണ് ഇവിടെ ലഭിച്ചത് – റോയൽമെയിലിൽ പോസ്റ്റ്‌മാൻ. ഭാര്യ ആശ, ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ നഴ്സ് ആയി ജോലി ചെയ്യുന്നു. മകൻ ഒമ്പതാം ക്ലാസ്സിലും മകൾ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു.

പ്രവാസജീവിതവും വ്യക്തിബന്ധങ്ങളും

നിറയെ വയലുകളും കൃഷിയിടങ്ങളുമുള്ള നാട്ടിൽ നിന്നാണ് ഞങ്ങൾ പതിനഞ്ചു വർഷം മുൻപ് യുകെയിൽ എത്തിയത്. ജോലി സമ്മർദ്ദം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും വിരസമായ ജീവിതക്രമത്തിലേക്കാണ് പ്രവാസി മലയാളികളെ തള്ളിവിടുന്നത്. നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള ഒരു മനസും ചുറ്റുപാടും ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞാൻ കൃഷിയിലേക്കും പൂന്തോട്ടപരിപാലനത്തിലേക്കും കടക്കുന്നത്. അത് മനസ്സിന് ഉല്ലാസം പകരുന്നു.

കൃഷിയിലേക്ക്

മനസ്സിനും ശരീരത്തിനും ഉണർവ് ഏകുവാനും ഉത്തരവാദിത്തം, ലക്ഷ്യം എന്നിവ നേടുവാനുമായി ഞങ്ങൾ കാർഷിക മേഖലയിലേക്ക് തിരിഞ്ഞു. സമയവും പ്രയത്നവും ഫലവത്താകുന്ന രീതിയിൽ ചിലവഴിക്കാൻ ശ്രമിച്ചു. മണ്ണിലേക്ക് ഇറങ്ങി പണിയെടുത്തപ്പോൾ മനസ്സും ശരീരവും ഉണർന്നു. അതിന് തക്കതായ പ്രതിഫലം ലഭിച്ചത് കൂടുതൽ ഊർജം പകർന്നു.

പച്ചക്കറികൾ കൃഷി ചെയ്യാനായി അലോട്മെന്റ് ഉണ്ടായിരുന്നു. അവിടെ വെളുത്തുള്ളി, പലതരം ബീൻസ്, കാബേജ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, നാട്ടിലെ ചീരകൾ, ഉരുളക്കിഴങ്ങ്, വിവിധയിനം മത്തൻ, വെള്ളരിക്ക, കുമ്പളങ്ങ, ഒലിവ്, സവാള, സ്വീറ്റ് കോൺ, നാട്ടിൽ നിന്ന് കൊണ്ടുവന്ന മഞ്ഞൾ, ചേമ്പ്, ഇഞ്ചി, വഴുതനങ്ങ, പച്ചമുളക് എന്നിവ കൃഷി ചെയ്തു തുടങ്ങി. അതെല്ലാം വളരെയേറെ ഫലം പുറപ്പെടുവിച്ചു.

ജൈവകൃഷി രീതിയോട് കൂടുതൽ പ്രിയം

ജൈവ വളങ്ങളാണ് കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത്. ഇത് ഉത്പാദന നിരക്ക് വർധിപ്പിച്ചു. കുതിര ചാണകവും കോഴി വേസ്റ്റും ഉപയോഗിക്കുന്നു. വീട്ടിൽ കോഴി വളർത്തിയിരുന്നു. ഫാം ഹൗസിൽ പോയി കുതിര ചാണകം ശേഖരിച്ചു കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ജൈവകൃഷി രീതി പിന്തുടർന്നാണ് വലിയ വിളവെടുപ്പ് നടത്തിയത്. അമ്പത് കിലോ സവാള ലഭിച്ചു.

പറമ്പിൽ വിളഞ്ഞ ഭീമൻ മത്തങ്ങയും കുമ്പളങ്ങയും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വളരെ ഉത്സാഹം പകരുന്നതായിരുന്നു കുമ്പളങ്ങ കൃഷി. ഗ്രാമീണ പശ്ചാത്തലത്തിൽ വീട്ടിലെ പറമ്പിലും കച്ചി തുറുവിലും മച്ചിൻ പുറങ്ങളിലും വിളഞ്ഞിരുന്ന കുമ്പളങ്ങ ഇന്നവിടെ അന്യമായികൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ കുമ്പളങ്ങ കൃഷി ചെയ്തു. അഞ്ചു കിലോ തൂക്കം വരെ നാൽപതോളം കുമ്പളങ്ങ ഉണ്ടായി. അമ്പതോളം മത്തങ്ങയും വിളഞ്ഞു. 27 കിലോയുള്ള ഭീമൻ മത്തങ്ങയുടെ വിളവെടുപ്പ് ആശ്ചര്യമായിരുന്നു. എൻെറ കൃഷിയിടത്തിലെ ഏറ്റവും മികവുറ്റ ഈ ഫലം സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലണ്ടനിൽ കാഴ്ച വച്ചപ്പോൾ ഉണ്ടായ ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

പൂന്തോട്ടം

ആദ്യം പൂന്തോട്ട പരിപാലനത്തിലാണ് ശ്രദ്ധ വച്ചത്. നിറയെ ചെടികളും പൂക്കളും പൂന്തോട്ടത്തെ മനോഹരമാക്കുന്നു. നാട്ടിലെ പൂന്തോട്ടത്തിന് സമാനമായി നാലുമണി ചെടി, പത്തുമണി ചെടി, കോഴിവാലൻ ചെടി, പിച്ചി, വലിയ സൂര്യകാന്തി എന്നിവ ഇവിടെ വളരുന്നുണ്ട്. നയനമനോഹരമായ കാഴ്ചയാണത്. അതുപോലെ നാടിന്റെ നന്മ വിളിച്ചോതുന്ന തെങ്ങുകളും വാഴകൂട്ടങ്ങളും ഞങ്ങളുടെ പരിപാലനത്തിലുണ്ട്. പല ചങ്ങാതിമാരും വന്ന് വാഴയില വെട്ടി പൊതിച്ചോറ് കെട്ടുന്നതിനും ഇലയപ്പം ഉണ്ടാക്കുന്നതിനുമായി കൊണ്ടുപോകും.

ആത്മസംതൃപ്തി, സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അനുഭവം, സുഹൃത്ത് ബന്ധങ്ങൾ തുടങ്ങിയവ അനുഭവിച്ചറിഞ്ഞത് കൃഷിയിലൂടെയാണ്. പച്ചക്കറികൾ അയൽവാസികൾക്കും ചങ്ങാതിമാർക്കും പകുത്ത് നൽകിയപ്പോൾ കാർഷിക സമൃദ്ധിയുടെ യഥാർത്ഥ സൗന്ദര്യം ഞങ്ങൾ മനസിലാക്കി.

മറ്റ് വിനോദങ്ങൾ

നായ, കോഴി, ലവ്ബേർഡ്‌സ്, മീൻ, മുയൽ എന്നിവ വളർത്തുമായിരുന്നു. ഇപ്പോൾ നായവളർത്തൽ മാത്രം. പച്ചക്കറികളിൽ പലതും രൂപം മാറി അച്ചാറുകളാവും. ബീറ്റ്റൂട്ട്, ആപ്പിൾ, മുന്തിരി, വെളുത്തുള്ളി എന്നിവ അച്ചാറുകളാക്കി ആവശ്യക്കാർക്ക് നൽകുന്നുണ്ട്. വിവിധ തരം വൈനുകളും ഉണ്ടാക്കുന്നു. മുന്തിരി, പൈനാപ്പിൾ, ബ്ലാക്ക്ബറി എന്നിവയാണ് പ്രധാനം.

മലയാളവും മലയാളനാടും നെഞ്ചോട് ചേർന്ന് തന്നെ

പുതിയ തലമുറയ്ക്ക് നമ്മുടെ പൈതൃകവും സംസ്‍കാരവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ‘ആലയം’ എന്ന പേരിൽ ചെറിയൊരു മലയാളം സ്കൂൾ ആരംഭിച്ചു. ഒരു ലൈബ്രറിയും ഉണ്ട്. മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. വായനശാലയിൽ നൂറിലേറെ പുസ്തകങ്ങൾ ഉണ്ട്. നോവൽ, ചെറുകഥ തുടങ്ങിയവ ഉൾപ്പെടുന്നു. ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിലൂടെ പ്രവാസി മലയാളികളിൽ വായനാശീലം വളർത്തിയെടുക്കാൻ സഹായിക്കുന്നു.

എല്ലു മുറിയെ പണി ചെയ്താൽ പല്ലു മുറിയെ തിന്നാം

എന്റെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ പഴഞ്ചൊല്ലാണ്. എന്റെയും ആശയുടെയും പിതാക്കന്മാർ നല്ല കർഷകരായിരുന്നു. അവരുടെ ജീവിത അധ്വാനങ്ങൾ ആണ് എനിക്ക് പ്രചോദനമായത്. എന്റെ കുടുംബമാണ് ഏറ്റവും വലിയ പിന്തുണ. ഒരു ചെടി എങ്ങനെ ഫലം പുറപ്പെടുവിക്കുന്നു, അതെങ്ങനെ വളരുന്നു എന്നൊക്കെ കുട്ടികൾ കണ്ടു മനസിലാക്കുന്നു. ഈ നന്മയാണ് അവർക്ക് പകർന്നുനൽകാനുള്ളത്.

വിനോദിന്റെ കഠിനാധ്വാനം പ്രവാസി മലയാളികൾക്ക് പ്രചോദനമാണ്. മണ്ണിന്റെ മണവും പൂക്കളുടെ സുഗന്ധവും പേറുന്ന ഇത്തരമാളുകൾ പ്രവാസി മലയാളികൾക്ക് അഭിമാനം പകരുന്നു. കൃഷി ചെയ്യാൻ മാത്രമല്ല, കൃഷിയെ സംബന്ധിച്ച് ആളുകൾക്കുള്ള സംശയങ്ങൾ തീർക്കാനും വിനോദ് ഒരുക്കമാണ്. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തിലേക്ക് തിരികെ നടന്ന വിനോദ് ഒരു പാഠപുസ്തകമാണ്; പ്രവാസ ജീവിതത്തിനിടയിലും കൃഷിയെയും മലയാളത്തെയും ചേർത്തു നിർത്തി വളരുന്നത് എങ്ങനെയെന്ന് പറഞ്ഞുതരുന്ന ഒരു പുസ്തകം. നിറഞ്ഞ ചിരിയോടെ, മനസ്സ് നിറഞ്ഞ്, ധാരാളം സംസാരിച്ച് വിനോദ് വീണ്ടും പറമ്പിലേക്ക് ഇറങ്ങുകയായി… ആശംസകൾ