ഫാ.ഹാപ്പി ജേക്കബ്
പിശാചിന്റെ തന്ത്രങ്ങളെ നേരിട്ടും ആത്മശുദ്ധീകരണത്തിലും നോമ്പില്‍ ഒരു വാരം നാം പിന്നിട്ടു. ശാരീരികമായ ശുദ്ധീകരണം എല്ലാ രോഗങ്ങളില്‍ നിന്നും നമുക്ക് മുക്തി തരുന്നു എന്ന വാദം നിലനില്‍ക്കെ തന്നെ കുറച്ചുകൂടി വ്യക്തമായി വിശകലനം ചെയ്യുമ്പോള്‍ അത്രത്തോളം പ്രാധാന്യമുള്ള ആത്മീക ശുദ്ധീകരണം പ്രാപിക്കേണ്ടതിനും നാം ഒരുങ്ങണം. നോമ്പില്‍ ഇനിയുള്ള ആഴ്ചകളില്‍ നമ്മുടെ ചിന്തയും അതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.
വി. മത്തായിയുടെ സുവിശേഷം 8-ാം അദ്ധ്യായം 1-4 വരെയുള്ള വാക്യങ്ങളില്‍ ശരീരമാസകലം കുഷ്ഠം ബാധിച്ച ഒരു വ്യക്തി സൗഖ്യപ്പെടുന്നത് നമുക്ക് വായിച്ച് ധ്യാനിക്കാം. സമൂഹത്തില്‍ ഒരുവനായി ജീവിക്കുവാനുളള അവകാശം ഈ രോഗം മൂലം നഷ്ടപ്പെടുന്നു. വൃണങ്ങള്‍ പൊട്ടി ഒലിച്ച് കാഴ്ചയ്ക്ക് അസഹനീയമായ ഒരു അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നു. ശാരീരിക അസ്വസ്ഥതകളേക്കാള്‍ മറ്റുള്ളവരില്‍ നിന്നുള്ള കുത്തുവാക്കും, അവഗണനയും അനുഭവിക്കേണ്ടി വരുന്നു. ന്യായപ്രമാണ പ്രകാരം കഠിന ശിക്ഷാവിധിക്ക് വേണ്ടി, മരിക്കാന്‍ വേണ്ടി വിട്ടുകൊടുക്കേണ്ട അവസ്ഥ. ഇങ്ങനെയുള്ള ഈ വ്യക്തി കര്‍ത്താവിന്റെ സന്നിധിയില്‍ വന്ന് സൗഖ്യം പ്രാപിക്കുന്നു. അവന്റെ ആവശ്യം മറ്റൊന്നും ആയിരുന്നില്ല. കര്‍ത്താവേ നിനക്ക് ഇഷ്ടമെങ്കില്‍ എന്നെ സൗഖ്യമാക്ക. എനിക്ക് ഇഷ്ടമുണ്ട്, നീ സൗഖ്യമാക എന്ന് കര്‍ത്താവ് പ്രതിവചിക്കുകയും ഉടന്‍ അവന് സൗഖ്യം പ്രാപിക്കുകയും ചെയ്യുന്നു.
കര്‍ത്താവിന്റെ ജനനത്തിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ യശയ്യ പ്രവാചകന് ഈ രക്ഷണ്യ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രവചിച്ചിരുന്നു. യശയ്യ 61:1. രോഗങ്ങളില്‍ നിന്നുള്ള മോചനവും തടവില്‍ നിന്നുള്ള വിടുതലും ഹൃദയം നുറുങ്ങിയ അവസ്ഥയില്‍ നിന്നുള്ള ആശ്വാസവും കര്‍ത്താവിലൂടെ സാധ്യം എന്ന് പ്രവചനം.
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നാം കാണാറുണ്ട്. എന്നാല്‍ നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് ഒന്ന് നോക്കുവാന്‍ പലപ്പോഴും നമുക്ക് സാധ്യമാകുന്നുമില്ല. നോമ്പിന്റെ ദിവസങ്ങള്‍ ആത്മപരിശോധനയുടേതാണ്. ഹൃദയങ്ങളെ വിചിന്തനം ചെയ്യേണ്ട അവസരമാണ്. പ്രാര്‍ത്ഥനയോടെ നമുക്ക് നമ്മുടെ ഉള്ളിലേക്ക് നോക്കാം. ഈ കുഷ്ഠരോഗിയെ പോലെ പാപങ്ങളുടെ അനുഭങ്ങളല്ലേ നമ്മുടെ ഉള്ളില്‍ നിറഞ്ഞുനില്ക്കുന്നത്. വേദനയും നൊമ്പരവും കണ്ണുനീരും അല്ലേ നമ്മുടെ സഹചാരികളായി പിന്തുടരുന്നത്. കുറ്റബോധവും നഷ്ടബോധവും നമ്മെ അലട്ടുന്നില്ലേ. പ്രാര്‍ത്ഥനയിലും വി. കുര്‍ബാനയിലും അയോഗ്യരായല്ലേ പങ്കെടുക്കുന്നത്. ക്രിസ്തീയ ജീവിതം പോലും പേരില്‍ മാത്രമായല്ലേ നാം കൊണ്ടുനടക്കുന്നത്. ഈ സമയം കുഷ്ഠരോഗിയുടെ സൗഖ്യം നാം ധ്യാനിക്കുമ്പോള്‍ നമുക്കും അവന്റെ തിരുമുമ്പില്‍ കടന്നുവന്ന് യാചിക്കാം. കര്‍ത്താവേ! നിനക്ക് ഇഷ്ടമെങ്കില്‍ എന്നെ സൗഖ്യമാക്ക.
ഇന്നുവരേയും നാം ചൊല്ലിയ പ്രാര്‍ത്ഥനകളില്‍ നിന്ന് വിഭിന്നമായ ഒരു അര്‍ത്ഥം നമ്മുടെ ഭൗതിക ആവശ്യങ്ങളായിരുന്നു നമ്മുടെ പ്രാര്‍ത്ഥനകളില്‍ മുഴങ്ങി നിന്നിരുന്നത്. എന്നാല്‍ തിരുഹിതം എന്തെന്ന് നമുക്ക് ചോദിച്ച് അറിയാം. പുതിയ ഒരു തലത്തിലേക്ക് നമുക്ക് ഉയരാം. നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടുവാന്‍, രോഗങ്ങള്‍ സൗഖ്യമാകാന്‍, തടസ്സങ്ങള്‍ മാറ്റിപോകാന്‍ ദൈവസന്നിധിയില്‍ നമുക്ക് കരഞ്ഞ് പ്രാര്‍ത്ഥിക്കാം. നമ്മള് പാടുന്നത് പോലെ – നിന്റെ ഹിതം പോലെ എന്നെ നിത്യം നടത്തിടണമേ, എന്റെ ഹിതം പോലെ അല്ലേ….. എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിക്കാം.
ദൈനംദിന ജീവിതത്തില്‍ അനേകം മുഖങ്ങള്‍ നാം കടന്നു പോകുന്നുണ്ട്. ചിരിക്കാന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ എല്ലാവരും ഏതെങ്കിലും തരത്തില്‍ അടിമകളുമാണ്. ആത്മാവില്‍ ശുദ്ധീകരിക്കപ്പെട്ട് മോചനം പ്രാപിച്ച് ദൈവസന്നിധിയില്‍ തിരുഹിതപ്രകാരം കടന്നുവരാം. നമുക്ക് കേള്‍ക്കണം ആ സ്വര്‍ഗീയ ശബ്ദം. എനിക്ക് ഇഷ്ടമുണ്ട്, നീ സൗഖ്യമാക. സമൂഹവും ജീവിത ശൈലിയും പ്രവര്‍ത്തനങ്ങളും നമ്മെ തടഞ്ഞിരുന്നുവെങ്കില്‍ ഈ കുഷ്ഠരോഗിയെ പോലെ ദൈവ മുമ്പില്‍ കടന്നുവരാം. നമുക്കും പ്രാര്‍ത്ഥിക്കാം കര്‍ത്താവേ നിനക്ക് ഇഷ്ടമെങ്കില്‍ എന്നെ സൗഖ്യമാക്ക.
ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക