ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് നിയമവ്യവസ്ഥിതിയെ ദുരുപയോഗം ചെയ്യുന്ന അഭിഭാഷകർക്ക് ജയിൽ ശിക്ഷ അനിവാര്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രാവർമാൻ. ഞായറാഴ്ച ദി മെയിൽ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തര സെക്രട്ടറി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വ്യവസ്ഥിതിയെ കബളിപ്പിക്കുവാൻ ശ്രമിക്കുന്ന കുറ്റവാളികൾക്കും, കുറ്റവാളികളെ സഹായിക്കുന്നവർക്കും ശക്തമായ ശിക്ഷ ഉണ്ടാകണമെന്ന് അവർ ഓർമ്മിപ്പിച്ചു.
നിയമവിരുദ്ധമായ കുടിയേറ്റത്തെ സഹായിക്കുന്നവർക്ക് നിലവിലുള്ള നിയമപ്രകാരം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. കുടിയേറ്റക്കാരിൽ നിന്നും ആയിരക്കണക്കിന് പൗണ്ടുകൾ ഈടാക്കി, അവർക്ക് അവകാശവാദങ്ങൾ ഉന്നയിക്കാനുള്ള വ്യാജ രേഖകൾ ലഭിക്കുന്നതിനും മറ്റും സഹായിക്കുന്ന നിരവധി അഭിഭാഷകർ ഉണ്ടെന്നുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നിലവിലുള്ള നിയമങ്ങൾ തന്നെ ഇത്തരത്തിലുള്ളവർക്ക് ശിക്ഷ നൽകുവാൻ പര്യാപ്തമാണെന്നും അത് ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നാണ് ആഭ്യന്തര സെക്രട്ടറി തന്റെ അഭിമുഖത്തിൽ ഊന്നൽ നൽകിയത്.
ഇത്തരത്തിലുള്ള അഭിഭാഷകരെ കണ്ടെത്തുന്നതിനായി പുതിയ ടാസ്ക് ഫോഴ്സിന് ഗവൺമെന്റ് രൂപം നൽകിയിട്ടുമുണ്ട്. നിയമവ്യവസ്ഥിതിയെ ചൂഷണം ചെയ്യുന്നതിൽ നിന്നും, സത്യസന്ധമല്ലാത്ത രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്നും സോളിസിറ്റേഴ്സ് റെഗുലേഷൻ അതോറിറ്റി അഭിഭാഷകരെ വിലക്കുന്നുണ്ട്. കുടിയേറ്റക്കാരെ തടയുന്നതിനായി ശക്തമായ നടപടികൾ ഗവൺമെന്റ് എടുക്കാതെ അഭിഭാഷകരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരത്തിലുള്ള നീക്കം വളരെയധികം തെറ്റാണെന്ന അഭിപ്രായമാണ് ഉയർന്നുവന്നിരിക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്നവർക്ക് ശക്തമായ ശിക്ഷ നടപടികൾ ഉണ്ടാവുകയും ചെയ്യും എന്ന സൂചനയാണ് സർക്കാർ അധികൃതർ നൽകുന്നത്.
Leave a Reply