193 കിലോമീറ്റർ നീളമുള്ള ജലപാതയായ സൂയസ് കനാലിൽ ഒരു കണ്ടെയ്നർ കപ്പൽ കുടുങ്ങിയത് ആഗോള തലത്തിലുള്ള വ്യാപാരത്തെ ബാധിച്ചിരിക്കുകയാണ്. ഈജിപ്തിൽ സ്ഥിതി ചെയ്യുന്നതും സമുദ്ര നിരപ്പിലുള്ളതുമായി ഈ കൃത്രിമ ജലപാത 1859 നും 1869 നും ഇടയിലാണ് നിർമിക്കപ്പെട്ടത്. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ കനാൽ.

അറ്റ്ലാന്റിക് സമുദ്രമേഖലയിൽ നിന്ന് ഇന്ത്യൻ, പടിഞ്ഞാറൻ പസഫിക് സമുദ്ര മേഖലകളിലേക്കുള്ള ഏറ്റവും ദൈർഖ്യം കുറഞ്ഞ ജലമാർഗമാണ് സൂയസിലൂടെയുള്ളതെന്നതിനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നാണ് ഇത്. കനാലിലൂടെയല്ലെങ്കിൽ ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിവേണം ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നിന്നുള്ള കപ്പലുകൾക്ക് അറ്റ്ലാന്റിലേക്ക് കടക്കാൻ. ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള പാതയെ അപേക്ഷിച്ച് 7,000 കിലോമീറ്റർ ദൈർഖ്യം കുറവാണ് സൂയസ് വഴിയുള്ള പാത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കനാൽ ഔപചാരികമായി നിർമ്മിച്ചതുമുതലുള്ള 150ഓ അല്ലെങ്കിൽ അതിൽ കൂടുതൽ വർഷങ്ങൾക്കിടെ അതിലൂടെയുള്ള കപ്പൽ ഗതാഗത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. എന്നാൽ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പ്രശ്നങ്ങൾ കനാൽ അഞ്ച് തവണ അടച്ചുപൂട്ടിയിരുന്നു. ഏറ്റവുമൊടുവിൽ 1975 ജൂണിലാണ് എട്ടുവർഷത്തെ ഒരു അടച്ചുപൂട്ടലിനു ശേഷം കനാൽ വീണ്ടും തുറന്നത്.

സൂയസ് കനാലിന്റെ ചരിത്രം

ഈജിപ്തിലെ ഫറവോ ആയ സേനാസ്രെറ്റ് മൂന്നാമന്റെ ഭരണകാലത്ത് (ബിസി 1887-1849) നിർമ്മാണം ആരംഭിച്ചതുമുതൽ കനാൽ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ നിലവിലുണ്ട്. പിന്നീട് ഭരിച്ച പല രാജാക്കന്മാരും ഈ കനാൽ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തു. യൂറോപ്പും ഏഷ്യയും തമ്മിലുള്ള സമുദ്ര വ്യാപാരം പല സമ്പദ്‌വ്യവസ്ഥകൾക്കും നിർണായകമായിത്തീർന്നതിനാൽ ഏതാണ്ട് 300 വർഷങ്ങൾക്ക് മുമ്പ് കനാലിന്റെ നിർമ്മാണം വേഗത്തിലായി.

1799 ൽ, അളവുകളിലെ കൃത്യതയില്ലാത്തതിനാൽ ശരിയായ കനാൽ നിർമ്മിക്കാനുള്ള നെപ്പോളിയന്റെ ശ്രമങ്ങൾ നിലച്ചുപോയിരുന്നു. 1800 കളുടെ മധ്യത്തിൽ ഫ്രഞ്ച് നയതന്ത്രജ്ഞനും എഞ്ചിനീയറുമായ ഫെർഡിനാന്റ് ഡി ലെസെപ്സ് ഈജിപ്ഷ്യൻ വൈസ്രോയി സെയ്ദ് പാഷയുമായി കനാലിന്റെ നിർമ്മാണത്തെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ധാരണയിലെത്തി.

1858-ൽ യൂണിവേഴ്സൽ സൂയസ് ഷിപ്പ് കനാൽ കമ്പനിയെ 99 വർഷത്തേക്ക് കനാൽ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും ചുമതലപ്പെടുത്തി. 99 വർഷത്തിനുശേഷം അവകാശങ്ങൾ ഈജിപ്ഷ്യൻ സർക്കാരിന് കൈമാറും എന്ന ധാരണയിലാണ് കരാർ. സാമ്പത്തിക ബുദ്ധിമുട്ടുകൾ, നിർമ്മാണം നിർത്തലാക്കാനുള്ള ബ്രിട്ടീഷുകാരുടെയും തുർക്കികളുടെയും ശ്രമങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ നേരിട്ടുവെങ്കിലും, 1869 ൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി കനാൽ തുറന്നു.

ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും കനാൽ കമ്പനിയിലെ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരുന്നു. ബ്രിട്ടീഷുകാർ തങ്ങളുടെ സമുദ്ര-കൊളോണിയൽ താൽപ്പര്യങ്ങൾക്കായി ഈ അധികാരം ഉപയോഗിച്ചു. ഇതിന്റെ ഭാഗമായി 1936 ലെ ഉടമ്പടിയുടെ ഭാഗമായി സൂയസ് കനാൽ മേഖലയിൽ പ്രതിരോധ സേനയെ വിന്യസിക്കാനും ബ്രിട്ടണ് കഴിഞ്ഞു. എന്നാൽ 1954 ൽ ഈജിപ്ഷ്യൻ ദേശീയവാദികളുടെ സമ്മർദ്ദം നേരിട്ട ഇരുരാജ്യങ്ങളും ഏഴ് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. കരാർ വ്യവസ്ഥകൾ കാരണ് ബ്രിട്ടണ് സൈനികരെ പിൻവലിക്കേണ്ടി വന്നു.

സൂയസ് കനാൽ ഈജിപ്തിന്റെ നിയന്ത്രണത്തിലേക്ക്

1956 ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ നാസർ നൈൽ നദിയിൽ ഒരു അണക്കെട്ടിന്റെ നിർമ്മാണത്തിനായി പണം കണ്ടെത്താനായി സൂയസ് കനാൽ ദേശസാൽക്കരിച്ചു. ഇത് കാരണം യുകെ, ഫ്രാൻസ്, ഇസ്രായേൽ എന്നിവർ ഈജിപ്തിനെതിരെ ആക്രമണം നടത്താൻ തീരുമാനിച്ചു. സൂയസ് കനാൽ പ്രതിസന്ധി എന്നാണ് ഈ സാഹചര്യം അറിയപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഇടപെട്ടതിനുശേഷം 1957-ൽ ഈ സംഘർഷം അവസാനിച്ചു. തുടർന്ന് യുഎൻ സമാധാന സേനയെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. ലോകത്താദ്യമായി അന്നാണ് ഒരു പ്രദേശത്ത് യുഎൻ സമാധാന സേനയെ വിന്യസിച്ചത്. പ്രദേശത്ത് നിന്ന് അധിനിവേശ സേന തങ്ങളുടെ സൈന്യത്തെ പിൻവലിച്ചപ്പോഴും യുഎൻ സേന സിനായിയിൽ നിലയുറപ്പിച്ചിരുന്നു. ഈജിപ്തും ഇസ്രായേലും തമ്മിലുള്ള സമാധാനം നിലനിർത്താനായിരുന്നു സിനായ് പ്രദേശത്ത് യുഎൻ സേനാ വിന്യാസം തുടർന്നത്.

1967 ൽ നാസർ സമാധാന സേനയെ സീനായിയിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു. ഇത് ഈജിപ്തും ഇസ്രായേലും തമ്മിലുള്ള പുതിയ സംഘട്ടനത്തിലേക്ക് നയിച്ചു. ഇസ്രായേല്യർ സിനായി പിടിച്ചടക്കി, മറുപടിയായി ഈജിപ്ത് കനാൽ അടച്ചു. 1975ൽ ഇരുരാജ്യങ്ങളും സേനാപിൻമാറ്റ കരാറിൽ ഒപ്പുവെയ്ക്കുന്നത് വരെ കനാൽ അടഞ്ഞുതന്നെ തുടർന്നു. ഈജിപ്തിന്റെയും സിറിയയുടെയും നേതൃത്വത്തിലുള്ള അറബ് സഖ്യവും ഇസ്രായേലും തമ്മിൽ നടന്ന 1973 ലെ അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ഈ കനാൽ.

സാമ്പത്തിക ജീവനാഡി

ആഗോള വ്യാപാരത്തിന്റെ 10 ശതമാനം ഓരോ വർഷവും കടന്നുപോകുന്നതിനാൽ പടിഞ്ഞാറും കിഴക്കും തമ്മിലുള്ള എല്ലാ വ്യാപാരത്തിന്റെയും ജിവനാഡിയായി ഈ കനാൽ തുടരുന്നു. പ്രതിദിനം ശരാശരി 50 കപ്പലുകളും അവയിലെ ഏകദേശം 9.5 ബില്യൺ ഡോളർ വിലവരുന്ന ചരക്കുകളും കനാലിലൂടെ കടന്നുപോകുന്നു. ക്രൂഡ് ഓയിൽ മുതൽ പെട്ടെന്ന് നശിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ വരെ ഈ ചരക്കുകളിൽ ഉൾപ്പെടുന്നു.

സൂയസ് കനാൽ തടസ്സപ്പെട്ടതിന്റെ ആഘാതം

മാർച്ച് 23 നാണ് ചൈനയിൽ നിന്ന് നെതർലാൻഡിലേക്കുള്ള യാത്രാമധ്യേ എംവി എവർ ഗിവൺ എന്ന ഭീമൻ കണ്ടെയ്നർ കപ്പൽ കനാലിന്റെ ഇടുങ്ങിയ ഭാഗങ്ങളിലൊന്നിൽ കുടുങ്ങിപ്പോയത്. ഇത് കനാലിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാൻ കാരണമായി. 200 ഓളം കപ്പലുകൾ കനാലിന്റെ ഇരുഭാഗങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. ഈ തടസ്സത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ തടസ്സം എത്രത്തോളം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും. എന്നാൽ ചില രാജ്യങ്ങളിൽ ഇതിനകം തന്നെ എണ്ണവിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

ഭാവിയിലെ അപകടങ്ങൾ തടയുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്താൻ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച ചർച്ച ഈ അപകടത്തിന്രെ പശ്ചാത്തലത്തിൽ ഉയർന്നു വന്നിട്ടുണ്ട്. ഈ ഇടുങ്ങിയ ജലപാതയെ ആഗോള തലത്തിൽ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് എന്തുചെയ്യാം എന്ന ചർച്ചയും ഈ പശ്ചാത്തലത്തിൽ ഉയർന്നിട്ടുണ്ട്.