കേരളാ ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത ഉടുമ്പന്‍ചോല പാമ്പാടുംപാറ പാറപ്പുഴ മഠത്തില്‍ രാജേഷ് പൈ (46) ഏറെ നാളായി കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് ഇയാളുടെ ഡയറിക്കുറിപ്പുകള്‍ സൂചിപ്പിക്കുന്നു.

അവിവാഹിതനായ രാജേഷ് അമ്മയോടൊപ്പം കൊച്ചി എളംകുളത്തെ ഫ്‌ലാറ്റിലാണു താമസിച്ചിരുന്നത്. 12 വര്‍ഷം മുന്‍പ് ഉടുമ്പന്‍ചോലയില്‍നിന്നു കായംകുളത്തേക്കു താമസം മാറ്റിയ കുടുംബം പിന്നീട് എളംകുളത്തേക്കു മാറുകയായിരുന്നു. വോളിബോള്‍ താരമായിരുന്ന രാജേഷ് ഇടുക്കി ജില്ല, എംജി സര്‍വകലാശാല ടീമുകളില്‍ കളിച്ചിട്ടുണ്ട്.

രാജേഷ് പൈ എളംകുളത്ത് കാറുകള്‍ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു. രാജേഷ് പൈയുടെ പിതൃസഹോദരന്‍ സച്ചിദാനന്ദ പൈ ഹൈക്കോടതി അഭിഭാഷകനാണ്. ഇദേഹത്തെ കാണാന്‍ രാജേഷ് മൂന്ന് ദിവസം മുന്‍പും കോടതിയില്‍ എത്തിയിരുന്നു. അസ്വസ്ഥനായി കണ്ടതിനെത്തുടര്‍ന്ന് കാരണം തിരക്കിയെങ്കിലും കാരണം പറയാതെ മടങ്ങുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏറെ നാളായി ഗുവാഹട്ടിയിലുള്ള ഒരു സ്ത്രീയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. നിരന്തരം ഈ സ്ത്രീയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ അകല്‍ച്ചയുണ്ടായതോട് കൂടി തന്റെ സ്വത്തുക്കള്‍ ഈ സ്ത്രീ തട്ടിയെടുക്കുമോയെന്ന ഭയം ഇയാള്‍ക്കുണ്ടായി. ഇതേ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു രാജേഷ്. അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയമാണ് പോലീസിനുള്ളത്.

ഹൈക്കോടതിയുടെ ആറാം നിലയിലെ കോടതി വരാന്തയിലേക്ക് ഒരു ഡയറി വലിച്ചെറിഞ്ഞ ശേഷം നടുമുറ്റത്തേക്കു ചാടി ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് രാജേഷ് ആത്മഹത്യ ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.