ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആത്മഹത്യ നിരക്ക് രണ്ടു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതോടെ ആത്മഹത്യയെ പൊതുജനാരോഗ്യ പ്രതിസന്ധിയായി കണക്കാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്. 2023-ൽ രണ്ട് രാജ്യങ്ങളിലുമായി 6,069 ആത്മഹത്യകളാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. 1999 നു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകളാണ് 2023 ലേത് എന്നതാണ് ആശങ്കയ്ക്ക് വഴിതെളിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

സ്ത്രീകളുടെ എണ്ണം കുറവാണെങ്കിലും, കണക്കുകൾ 1994ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. 2022 നെ അപേക്ഷിച്ച് എല്ലാ പ്രായക്കാരിലും ആത്മഹത്യ നിരക്ക് വർദ്ധിച്ചെങ്കിലും, 45 മുതൽ 64 വരെ വയസ്സുള്ളവരുടെ ഇടയിലെ ആത്മഹത്യ നിരക്കിന് ക്രമാതീതമായ വർദ്ധനയുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡേറ്റ അനാലിസിസ് മേധാവി വഹേ നഫിലിയാൻ പറഞ്ഞു. ആത്മഹത്യകൾ വ്യക്തികളിലും, കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ആഘാതം അതിശക്തമാണെന്നും, അതിനാൽ തന്നെ അപകട സാധ്യതയുള്ള ദുർബലരായ ആളുകളെ കണ്ടെത്തി അവരെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യ പ്രതിരോധ ചാരിറ്റി സംഘടനയായ സമരിയൻസും ഈ സാഹചര്യത്തെ ഗൗരവമായി കാണുന്നതായി വ്യക്തമാക്കി.

സർക്കാർ ഗൗരവമായി ഈ സാഹചര്യത്തെ കണ്ട് അടിയന്തര നടപടി എടുക്കണമെന്ന ആവശ്യം സമരിയൻസ് ഉയർത്തിയിട്ടുണ്ട്. കണക്കുകൾ പ്രകാരം ഈ സർക്കാർ അധികാരമേറ്റ 55 ദിവസത്തിനകം തന്നെ 900 ത്തിലേറെ ആളുകൾ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അതിനാൽ അടിയന്തരമായി ആത്മഹത്യാ പ്രതിരോധ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. പുകവലി നിരക്കുകൾ കുറയ്ക്കുവാൻ കാണിച്ച അതേ ആർജ്ജവത്തോടെ ഈ സാഹചര്യത്തെയും നേരിടണമെന്ന് സമരിയൻസ് ചാരിറ്റി സംഘടന ചാൻസലർ റേച്ചൽ റീവ്സിനോട് ആവശ്യപ്പെട്ടു. ഓരോ ആത്മഹത്യയും ദുരന്തമാണെന്നും നിലവിലെ കണക്കുകൾ ആശങ്കാജനകമായ പ്രവണതയാണ് കാണിക്കുന്നതെന്നും ഇത് നേരിടുവാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ -സാമൂഹ്യ സംരക്ഷണ വകുപ്പ് വക്താവ് വ്യക്തമാക്കി.