പഠനസമയത്ത് ആദ്യം വല്ലാത്ത ടെൻഷനായിരുന്നു. ഹെവി ബസ് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന യുഎഇയിലെ ആദ്യ വനിതയാണ് ഞാനെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും ഇൻസ്ട്രക്ടറുമെല്ലാം ഇടയ്ക്കിടെ പറയുമ്പോൾ അത് ഇരട്ടിയാകും. പക്ഷേ, പതിയെ ടെൻഷനെല്ലാം പോയി. എങ്കിലും ഡ്രൈവിങ് ടെസ്റ്റ് ആറു പ്രാവശ്യം കൊടുത്തപ്പോഴും സുന്ദരമായി പൊട്ടി. ഏഴാം തവണ വിജയം നേടി.
ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കുന്ന ആദ്യത്തെ വനിതയാണ് സുജ തങ്കച്ചൻ എന്ന് അൽ അഹ്ലി ഡ്രൈവിങ് സെന്റർ അവരുടെ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. മാനേജിങ് പാർട്ണർ ആദിൽ നൂറി, അഡ്മിനും ലീഗൽ മാനേജറുമായ വഹാബ്, സെയിൽസ് ആൻഡ് ഡെവലപ്മെന്റ് മാനേജർ അംജത്, കസ്റ്റമർ സർവീസ് മാനേജർ ഗസ്സാൻ, അക്കൗണ്ട്സ് മാനേജർ ഷര്‍മിള തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സുജ തങ്കച്ചനെ ആദരിച്ചു.
നാട്ടിൽ സ്കൂട്ടർ ഒാടിച്ച പരിചയമേയുള്ളൂ, ദുബായ് ഖിസൈസിലെ സ്വകാര്യ സ്കൂൾ ബസ് കണ്ടക്ടറായ സുജ തങ്കച്ചന്. എന്നാൽ, വളയം തിരിക്കുന്ന ജോലി ഇൗ കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലമേറെയായിരുന്നു. അതാണ് തിങ്കളാഴ്ച ദുബായിലെ ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കിയതിലൂടെ യാഥാർഥ്യമായിരിക്കുന്നത്.
ബസിൽ ജോലി ചെയ്യുമ്പോൾ സുജയുടെ ഒരു കണ്ണ് ഡ്രൈവറുടെ കൈകളുടെ ചലനത്തോടൊപ്പം കറങ്ങും. പക്ഷേ, ആ സീറ്റിലിരിക്കാൻ ഏറെ പരിശ്രമം വേണമെന്നും 32കാരിക്ക് അറിയാമായിരുന്നു. ആത്മാർഥ പരിശ്രമുണ്ടെങ്കിൽ എന്തും നേടിയെടുക്കാമെന്നാണല്ലോ, ഒടുവിൽ സുജ ഹെവി ബസ് ഡ്രൈവിങ്ങിനുള്ള സൈലൻസ് സ്വന്തമാക്കി.
സുജയുടെ അമ്മാവൻ നാട്ടിൽ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹം ഒാടിക്കുന്നത് കണ്ടതു മുതല്‍ കൊച്ചുമനസിൽ ആ ആഗ്രഹം മൊട്ടിട്ടു–എങ്ങനെയെങ്കിലും അതുപോലത്തെ വാഹനം ഒാടിക്കുന്ന ഡ്രൈവറാവുക. പക്ഷേ, കോളജ് പഠനത്തിന് ശേഷം മൂന്നു വർഷം മുൻപ് ജോലി തേടി യുഎഇയിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസിലെ കണ്ടക്ടർ ജോലിയായിരുന്നു. അന്നുമുതൽ ചിന്തിച്ചു തുടങ്ങിയതാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസ് നേടുക എന്നത്. ഇക്കാര്യം ദുബായിൽ നഴ്സായ സഹോദരൻ ഡൊമിനിക്കിനോടും പിതാവ് തങ്കച്ചൻ, അമ്മ ഗ്രേസി എന്നിവരോടും പങ്കുവച്ചപ്പോൾ അവരുടെ ഭാഗത്ത് നിന്നും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും പൂർണ പിന്തുണ ലഭിച്ചു.
പ്രിൻസിപ്പൽ അംബിക ഗുലാത്തി, അധ്യാപകരായ ശ്രീജിത്, റീത്ത ബെല്ല, ബസ് ഡ്രൈവർമാർ, മറ്റു ജീവനക്കാർ എന്നിവരെല്ലാം നിറഞ്ഞ പ്രോത്സാഹനം നൽകി. ഒൻപത് മാസം മുൻപ് ദുബായിലെ അൽ അഹ് ലി ഡ്രൈവിങ് സെന്ററിൽ ചേർന്നപ്പോൾ ഡ്യൂട്ടി സമയവും പഠന സമയവും തമ്മിൽ പ്രശ്നമായി. സ്കൂൾ എംഎസ്ഒ അലക്സ് സമയം ക്രമീകരിച്ചു തന്നതോടെ ആ കടമ്പയും കടന്നു. ഖിസൈസിലെ സ്കൂളിൽ നിന്ന് അൽ ഖൂസിലെ ഡ്രൈവിങ് സ്കൂൾ വരെ ചെന്നു തിരിച്ചുപോരാൻ നിത്യേന 32 ദിർഹം വേണമായിരുന്നു. എന്നാല്‍, ഇൻസ്ട്രക്ടർ ഗീവർഗീസിന്റെ സഹകരണം കൊണ്ട് ക്ലാസുകൾ പെട്ടെന്ന് പൂർത്തീകരിച്ചു. അൽ അഹ്ലി സ്കൂള്‍ അധികൃതരും ജീവനക്കാരും പിന്തുണച്ചു.
Leave a Reply