സംസ്ഥാനത്ത് ശബരിമലയുടെ പേരിലുണ്ടായ കലാപത്തിന് കാരണം സര്‍ക്കാരാണെന്ന് എന്‍എസ്എസ്. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല പ്രശ്നത്തില്‍ വിട്ടുവീഴ്ചയ്ക്കുള്ള വിദൂരസാധ്യതപോലുമില്ല എന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിക്കൊണ്ടാണ് എന്‍എസ്എസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ജനം നല്‍കിയ അധികാരം ഉപയോഗിച്ച് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് ഭരണകൂടം നിറവേറ്റാതിരിക്കുമ്പോള്‍ വിശ്വാസികള്‍ ചുമതല ഏറ്റെടുക്കുന്നതിനെ തെറ്റുപറയാനാകുമോ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചോദിച്ചു.
അത്തരം പ്രതിഷേധങ്ങളെ രാഷ്ട്രീയനിറം കൊടുത്ത് പ്രതിരോധിക്കുന്നത് ശരിയല്ല. യുവതീപ്രവേശത്തിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സര്‍ക്കാരാണ്. ആദ്യംതന്നെ സമാധാനപരമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന പ്രശ്നം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി. അനാവശ്യമായ നിരോധനാജ്ഞ, കള്ളക്കേസുകള്‍, വിശ്വാസികളെ പരിഹസിക്കല്‍, ഹൈന്ദവാചാര്യന്മാരെ അധിക്ഷേപിക്കല്‍ എന്നിവയെല്ലാം ജനാധിപത്യസര്‍ക്കാരിന് ചേര്‍ന്നതാണോയെന്നും ജി.സുകുമാരന്‍ നായര്‍ ചോദിച്ചു. വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എല്ലാ മതവിഭാഗങ്ങളും സമാധാനപരമായി പ്രതിഷേധിക്കേണ്ടസമയം അതിക്രമിച്ചെന്നും എന്‍എസ്എസ് നേതൃത്വം ആഹ്വാനം ചെയ്തു.
Leave a Reply