ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കിടയിൽ ആകസ്‌മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യൻെറ (45) വേർപാടിൻെറ ഞെട്ടലിലാണ് മാഞ്ചസ്റ്റർ മലയാളികൾ. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ സുമിത്ത് മിനിറ്റുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിൻെറ ഒരുക്കങ്ങളിലൊക്കെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യൻെറ വേർപാടിൻെറ വേദനയിലാണ് ഇന്നലെ തിരുനാളാഘോഷങ്ങൾ നടത്തപ്പെട്ടത്. തിരുനാൾ ആഘോഷങ്ങളുടെ മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. നേരത്തെ സുമിത്ത് സെബാസ്റ്റ്യൻ്റെ മരണവാർത്തയറിഞ്ഞ് മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേഴ്സിംഗ് ഹോമിലെത്തി പ്രാർത്ഥനകൾ നടത്തിയിരുന്നു.

സുമിത്തിൻറെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.