ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4 ൻ്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആര് സർക്കാർ രൂപീകരിച്ചാലും തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട വാതുവെയ്പ്പ് വിവാദങ്ങൾ അവസാനിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടാണ് പൊതു തെരഞ്ഞെടുപ്പ് തീയതിയായ ജൂലൈ 4- ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ വാതുവെയ്പ്പ് വിവാദത്തോടെ അനുബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കുമാണ്.


തൻ്റെ പാർലമെൻ്ററി സഹായിയായ ക്രെയ്ഗ് വില്യംസിനോട് പൊതുതിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് പറഞ്ഞോ എന്ന് പറയാൻ പ്രധാനമന്ത്രി വിസമ്മതിച്ചുതാണ് ഈ വിഷയത്തിൽ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ചൂടുള്ള വാർത്ത. തിരഞ്ഞെടുപ്പ് തീയതിയിൽ പന്തയം വെച്ചതായി സമ്മതിച്ചതിനെത്തുടർന്ന് കൺസർവേറ്റീവുകൾ ചൊവ്വാഴ്ച സ്ഥാനാർത്ഥിയായി വില്യംസിനുള്ള പിന്തുണ പിൻവലിച്ചിരുന്നു . എന്നാൽ താനൊരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇതിനിടെ തിരഞ്ഞെടുപ്പ് വാതുവെയ്പ്പ് സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയതായി മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ ഈ തിരഞ്ഞെടുപ്പ് കാലത്ത് കൺസർവേറ്റീവ് പാർട്ടിക്ക് ചൂതാട്ട ആരോപണം വൻ തിരിച്ചടിയാകും. അഞ്ചാഴ്ച മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ പാർട്ടി വോട്ടെടുപ്പിൽ 20 പോയിന്റിന് പിന്നിലായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ പാർട്ടിയുടെ നാലാമത്തെ പ്രധാനമന്ത്രിയാണ് നിലവിലുള്ളത്. ഇത്രയും ചീത്തപ്പേരുള്ള സാഹചര്യത്തിലാണ് ചൂതാട്ട വിവാദവും പാർട്ടിക്കെതിരെ ആരോപിച്ചിരിക്കുന്നത്. വിവാദത്തിൽ ഇതുവരെ നാല് ടോറി പാർട്ടി അംഗങ്ങളും ഒരു ലേബർ സ്ഥാനാർത്ഥിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്