എംപി ശശിതരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനലായ റിപബ്ലിക് ടിവി. ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്കറിന്റെ മൃതദേഹം മരണം നടന്ന സ്ഥലത്തുനിന്ന് മാറ്റപ്പെട്ടുവെന്നാണ് വൈകിട്ട് ഏഴു മണിക്ക് സൂപ്പര്‍ എക്സ്ക്ലൂസീവായി പുറത്തുവിട്ട വാര്‍ത്തയില്‍ അര്‍ണാബ് ആരോപിച്ചത്. ഹോട്ടലിലെ 307ാംനമ്പര്‍ മുറിയില്‍നിന്ന് 345ാം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപിച്ചിരിക്കുന്നത്. മരണം നടന്ന സ്ഥലത്തെ ക്രൈം സീനില്‍ മാറ്റം വരുത്തിയെന്നും ആരോപിക്കുന്നു.
മരണദിവസത്തെയും തലേ ദിവസങ്ങളിലെയും ഓഡിയോ ടേപ്പുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ചാനല്‍ അറിയിച്ചിട്ടുണ്ട്. സുനന്ദ പുഷ്കര്‍ അടക്കമുള്ളവരുടെ ശബ്ദം ടേപ്പിലുണ്ട്. റിക്കാര്‍ഡ് ചെയ്യപ്പെട്ട 19 ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവിടുമെന്ന് റിപബ്ലിക് ടിവി പ്രഖ്യാപിച്ചിരിക്കുന്നത്. സുനന്ദ സംസാരിക്കാന്‍ ആഗ്രിച്ചപ്പോള്‍ തരൂര്‍ തടുത്തുവെന്നത് ടേപ്പില്‍ നിന്നു വ്യക്തമാകുന്നു. ഇതാദ്യമായാണ് ഈ ഓഡിയോ സംഭാഷണങ്ങള്‍ പുറത്തുവരുന്നത്. അര്‍ണാബ് ഗോസ്വാമി നയിക്കുന്ന വാര്‍ത്താ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.
2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടന്ന് മൂന്നു വര്‍ഷവും മൂന്നര മാസവും പിന്നിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. സുനന്ദയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.സുനന്ദയുടെ മരണസമയത്ത് കേന്ദ്ര മാനവവിഭശേഷി സഹമന്ത്രിയായിരുന്നു ശശി തരൂര്‍.സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ(എയിംസ്) ഫോറന്‍സിക് വിഭാഗം മേധാവി ഡോ.സുധീര്‍ ഗുപ്ത വ്യക്തമാക്കിയിരുന്നു. ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടര്‍മാരുടെ സംഘമാണ് സുനന്ദ പുഷ്കറുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ദുബായിലെ ടീകോം ഇന്‍വെസ്റ്റ്മെന്റിന്റെ ഡയറക്ടറും റാന്‍ഡേവൂ സ്പോര്‍ട്സ് വേള്‍ഡിന്റെ സഹ ഉടമയുമായിരുന്ന സുനന്ദ പുഷ്കറിനെ 2010 ആഗസ്തില്‍ സുനന്ദയെ കേന്ദ്ര മന്ത്രിയായ ശശി തരൂര്‍ വിവാഹം ചെയ്തു. ഇരുവരുടെയും മൂന്നാംവിവാഹമായിരുന്നു ഇത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരിക്കെ ശശി തരൂര്‍ ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ കൊച്ചിന് ടസ്കേഴ്സ് എന്ന പേരില്‍ ഒരു ടീമുണ്ടാക്കിയത് സുനന്ദ പുഷ്കര്‍ക്ക് വലിയ ഓഹരി വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. കൊച്ചി ഐ.പി.എല്‍. ടീമില്‍ സുനന്ദയ്ക്ക് അനധികൃതമായി 70 കോടിയുടെ ഓഹരി നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇത് തരൂരിന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കുകയും ചെയ്തു.ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രണയ സന്ദേശങ്ങള്‍ സംബന്ധിച്ച് സുനന്ദയുടെ ട്വീറ്റുകള്‍ വിവാദമായിരുന്നു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് തരൂര്‍ സന്ദേശമിട്ടെങ്കിലും ഹാക്ക് ചെയ്തതല്ലെന്നും പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂര്‍ പ്രണയത്തിലാണെന്നും താന്‍ വിവാഹ മോചനം നടത്തുമെന്നും പറഞ്ഞ് സുനന്ദ രംഗത്തുവന്നു. പിന്നീട് തങ്ങള്‍ സന്തുഷ്ടരാണെന്നും വിവാഹമോചനമില്ലെന്നും അറിയിച്ച് ഇരുവരും പ്രസ്താവനയുമിറക്കി. അതിനു ശേഷമായിരുന്നു സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Leave a Reply