ഫാ.ബിജു കുന്നയ്ക്കാട്ട്
ഷോളയൂരിലും പരിസരങ്ങളിലും ഏതാനും നാളുകളിലായി ജനങ്ങള്‍ ഭീതിയിലായിരുന്നു; വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച് യഥേഷ്ടം മേഞ്ഞുനടന്നിരുന്ന ഒരു കാട്ടുകൊമ്പനായിരുന്നു അതിനു കാരണം. പക്ഷേ, ആ ഭീതി കഴിഞ്ഞ ദിവസം തീര്‍ന്നു, മേഞ്ഞു നടന്ന ഒറ്റയാന് മരണക്കെണിയായത് വരടിമല താഴ്‌വാരത്തെ സ്വകാര്യ തോട്ടത്തില്‍ നിന്ന ഒരു പ്ലാവും. പ്ലാവിലെ ചക്കയില്‍ ആകൃഷ്ടനായി അതില്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വലതുകാല്‍ പ്ലാവിന്റെ കവരയില്‍ കുടുങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാല്‍ മരക്കെണിയില്‍ മുറുകി മലര്‍ന്നടിച്ചുവീണ കാട്ടുകൊമ്പന്റെ കാലിന്റെ എല്ലുപൊട്ടിയതും വീഴ്ചയുടെ ആഘാതം ആന്തരിക അവയവങ്ങള്‍ക്ക് നല്‍കിയ മുറിവുകളും മരണകാരണമായി. ഏതായാലും ഒറ്റയാന്‍ ‘ചെരിഞ്ഞത്’ നാട്ടുകാര്‍ക്ക് ആശ്വാസമായി.
മനുഷ്യരുടെയിടയിലും ചില ‘പ്രമുഖ’ര്‍ക്ക് ഇത് വീഴ്ചയുടെ കാലമായിരുന്നു. സിനിമാതാരങ്ങളും മതരംഗങ്ങളിലുള്ളവരും രാഷ്ട്രീയക്കാരും മറ്റു പല ജീവിത രംഗങ്ങളിലുള്ളവരും ഇക്കൂട്ടത്തില്‍പെടും. ആരുടെ വീഴ്ചയായാലും കാണാനും കേള്‍ക്കാനും സുഖമുള്ള കാര്യമല്ല. വീഴുന്നവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കും (മറ്റുള്ളവരുടെ വേദനയും പതനവും ആഗ്രഹിക്കുന്ന ചിലര്‍ക്കൊഴിച്ച്) അത് ഹൃദയഭേദകം തന്നെ. പ്രത്യേകിച്ച്, വീഴ്ച ഒട്ടും പ്രതീക്ഷിക്കാത്തവരില്‍ നിന്നാകുമ്പോഴും കേള്‍ക്കാനാഗ്രഹിക്കാത്ത കാരണങ്ങളാലാവുമ്പോഴും.
ഒഴിവാക്കാമായിരുന്ന ഇത്തരം വീഴ്ചകള്‍ എങ്ങനെ സംഭവിക്കുന്നു എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. നിയന്ത്രണമില്ലാത്ത മനസിനെ വീഴിക്കാന്‍ പ്രലോഭനങ്ങള്‍ പലരീതിയില്‍ കടന്നുവരാം. അല്പനേരത്തേക്ക് ആകര്‍ഷണം തരുന്ന കാര്യങ്ങളുടെ മറുവശത്ത് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയാതെ പോകുന്നു ഇവര്‍. ഏദന്‍ തോട്ടത്തിലെ ആകര്‍ഷകമായ കണ്ണിന് ആനന്ദകരവും ആസ്വാദ്യകരവും അഭികാമ്യവുമാണമെന്ന (ഉല്‍പ്പത്തി 3:6) തോന്നലിനപ്പുറത്ത് അനുസരണക്കേടെന്ന പാപത്തിന്റെ വിഷം മറഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയാതെ പോയ ഹവ്വയെപ്പോലുള്ളവര്‍. വീണവര്‍ നല്‍കുന്ന ജീവിതപാഠങ്ങളെന്തൊക്കെയാണ്?
വീഴുന്നത് പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത ചില കാരണങ്ങളില്‍ തട്ടിയാവാം എന്നതാണ് ഒന്നാമത്തേത്. ആദ്യം കണ്ട കഥയിലെ കാട്ടുകൊമ്പന് പ്ലാവിന്റെ കവര കെണിയായതുപോലെ. സ്വാഭാവികമല്ലാത്ത അടുപ്പം/സ്‌നേഹബന്ധം, അനാവശ്യമായ ഒരു ഫോണ്‍വിളി, ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു പക, അവകാശമില്ലാത്ത ഒരാളുടെമേല്‍ കാണിക്കുന്ന അമിത സ്വാതന്ത്ര്യം. അങ്ങനെ എന്തും. സാരമില്ലെന്നും ആരും അറിയുകയില്ലെന്നും കരുതി എന്നും മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നവര്‍ ഒരുനാള്‍ ഒട്ടും പ്രതീക്ഷിക്കാത്തൊരിടത്ത് തട്ടി വീഴും. പഴഞ്ചൊല്ലു പോലെ, ‘പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍’
അപകടസാധ്യതയുള്ള ഒന്നിനെയും വില കുറച്ചു കാണാതിരിക്കുക എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. എന്റെ വരുതിയില്‍ നില്‍ക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നു ചിന്തിച്ച് വേണ്ട പരിഗണന കൊടുക്കാതിരുന്നാല്‍ അവ നമ്മെ കെണിയിലാക്കാം. മദ്യപാനത്തിനും പുകവലിക്കുമൊക്കെ അടിമപ്പെടുന്നവര്‍ അതിനെ തങ്ങളുടെ നിയന്ത്രണത്തില്‍ ഉപയോഗിച്ചു തുടങ്ങിയവരാണ്. പക്ഷേ, പലരും അവരറിയാതെ തന്നെ, അവയുടെ മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടവരായി. മറ്റൊരു രീതിയില്‍, ഈ ഉപയോഗവസ്തുക്കള്‍ ഇവരുടെ നിയന്ത്രണത്തിലായിരുന്നെങ്കില്‍ നിയന്ത്രണമില്ലാത്ത തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ഈ ആളുകള്‍ ആ ലഹരി വസ്തുക്കളുടെ നിയന്ത്രണത്തിലാകുന്നു.
തെറ്റിലേയ്ക്കു നയിക്കപ്പെടുന്ന സാഹചര്യങ്ങള്‍ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. തെറ്റിന്റെയും പാപത്തിന്റെയും സംഭവങ്ങള്‍ക്ക് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ മനഃപൂര്‍വ്വം ഒഴിവാക്കുന്നവര്‍ക്ക് തെറ്റിലേക്ക് വീഴുന്ന അവസരങ്ങളും വളരെ കുറഞ്ഞിരിക്കും. ഏതു ജീവിതാന്തസിലുള്ളവരും തങ്ങളുടെ ജീവിത വിശുദ്ധിക്കു ചേരാത്ത ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്തശ്രദ്ധയും ബോധപൂര്‍വ്വമായ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. തെറ്റിനു കാരണമായേക്കാവുന്ന വ്യക്തികളുടെയും വസ്തുക്കളുടെയും സ്ഥലങ്ങളുടെയും സാന്നിധ്യം ഒഴിവാക്കുന്നതുവഴിയും സംസാരങ്ങളില്‍ സഭ്യത പാലിച്ചും ചിന്തകളില്‍ കുലീനത്വം പുലര്‍ത്തിയും ഇതു നേടിയെടുക്കാവുന്നതാണ്. ജന്മസിദ്ധമായ വിവേചനാശക്തിയുടെ ഉപയോഗം വഴി ഇത്തരം തെറ്റിന്റെ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ബോധപൂര്‍വ്വം അവയെ അവഗണിച്ച് മുന്നോട്ട് പോകുന്നവര്‍ തങ്ങള്‍ക്കുള്ള കുഴി സ്വയം തോണ്ടുകയാണ്.
ഓരോ ജീവിതാന്തസിനും പദവിക്കും ചേരാത്ത തൃഷ്ണകളും അര്‍ഹതയില്ലാത്തത് ആഗ്രഹിക്കുന്ന മനസിന്റെ ശീലവും കൂടെയുള്ളവര്‍ക്ക് ഈ പാപ സാഹചര്യങ്ങള്‍ എളുപ്പം സൃഷ്ടിക്കപ്പെടും. ഓരോരുത്തനും താന്‍ ആരാണെന്നും എന്തുരീതിയില്‍ മറ്റുള്ളവരും സമൂഹവും തന്നെ വിലമതിക്കുന്നു എന്നും ചിന്തിക്കാന്‍ സാധിച്ചാല്‍, സ്വന്തം നില മറന്ന് സ്വയം കുഴിയില്‍ ചാടുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാനാകും. ഒരു അച്ഛന്റെ, അമ്മയുടെ, വൈദികന്റെ, സന്ന്യാസിയുടെ, സഹോദരന്റെ സഹോദരിയുടെ, മകളുടെ, അയല്‍പക്കക്കാരന്റെ, സുഹൃത്തിന്റെ…. ഇങ്ങനെ എന്തും. ഈ ‘സ്വയംബോധം’ നഷ്ടപ്പെടുമ്പോഴാണ് പലരും അരുതാത്തതു ചെയ്യുന്ന സാഹചര്യങ്ങളിലേയ്‌ക്കെത്തുന്നത്; ‘അവനവന്റെ നില മറക്കാതിരിക്കുക’ എന്നു ചുരുക്കം.
ചെറിയ വീഴ്ചകളില്‍ നിന്നു പഠിക്കാത്തവരാണ് വന്‍ വീഴ്ചകളിലേയ്ക്ക് നടന്നു കയറുന്നത്. ഒരു കുഞ്ഞ് നടക്കാന്‍ പഠിക്കുന്ന ആദ്യ നാളഉകളില്‍ പലതവണ വീഴുന്നുണ്ടെങ്കിലും അവന്റെ ശരീര വളര്‍ച്ച നല്‍കുന്ന ബലവും വീഴ്ചകളില്‍ നിന്നു പഠിച്ച പാഠങ്ങളും ഒന്നിച്ചുചേര്‍ത്ത് നിവര്‍ന്നുനില്‍ക്കാനും തുടര്‍ന്ന് നടക്കുമ്പോള്‍ വീഴാതിരിക്കാനും ശ്രദ്ധിക്കുന്നു. അതുപോലെ ചെറുപിഴവുകള്‍ സംഭവിച്ചാല്‍ അവയുടെ വെളിച്ചത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുത്ത് മുമ്പോട്ട് പോകുന്നവര്‍ക്കും അപകടസാധ്യതകള്‍ കുറവായിരിക്കും.
വീഴ്ചകളില്‍ നിന്നു പഠിക്കാതെ അഹങ്കാര ചിന്തയിലും ധാര്‍ഷ്ട്യമനോഭാവത്തിലും അതിരു കവിഞ്ഞ ആത്മവിശ്വാസത്തിലും ജീവിക്കുന്നവര്‍ വലിയ ദുരന്തങ്ങള്‍ കൊണ്ടേ പഠിക്കൂ. അപകട സാധ്യതകളുടെ ചൂണ്ടുപലകകളെ പുച്ഛിച്ച്, തനിക്കെല്ലാം അറിയാം എന്ന ചിന്തയോടെ മുമ്പോട്ടു പോകുന്നവര്‍, മറ്റുള്ളവരുടെ മുന്നറിയിപ്പുകള്‍ക്ക് ആവശ്യമായ പ്രധാന്യം കൊടുക്കാതെ ഭോഷനായ ധനികന്റെ ചിന്തയോടെ ‘തനിക്കെല്ലാം ഭദ്രം’ എന്നു ചിന്തിച്ചു മുമ്പോട്ടു പോയാല്‍, തിരിച്ചിറങ്ങാന്‍ വഴി കാണാത്ത അപകടത്തിലേയ്ക്കാവും കയറിപ്പോകുന്നത്.
വലിയ വീഴ്ചകളിലകപ്പെടുന്നവരുടെ പ്രിയപ്പെട്ടവരുടെ വേദന കൂടി ഇവിടെ ഓര്‍ക്കപ്പെടേണ്ടതാണ്. ഇവരെയോര്‍ത്ത് ഏറെ അഭിമാനിച്ചവര്‍, സന്തോഷിച്ചിരുന്നവര്‍, അവരോട് തങ്ങളെ ചേര്‍ത്തു പറയുന്നത് വലിയ ഉയര്‍ച്ചയായി കണ്ടിരുന്നവര്‍…. ഇവരു കൂടിയാണ് ഇപ്പോള്‍ വീണുപോയിരിക്കുന്നത്.
വീഴ്ചകള്‍ ആഘോഷിക്കപ്പെടേണ്ടതല്ല, തിരുത്തപ്പെടേണ്ടതും മറ്റുള്ളവര്‍ക്കും മുന്നറിയിപ്പാകേണ്ടതുമാണ്. ഇത്തരം വീഴ്ചകളില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല എന്ന സത്യം ഈ വീഴ്ചകളുടെ ആഴം കാണിക്കുന്നു. ശുദ്ധീകരണ സ്ഥലത്തില്‍ കിടന്ന ലാസറിനോട് അബ്രാഹം പറയുന്നതുപോലെ, ”ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേയ്‌ക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേയ്‌ക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ അത് സാധിക്കുകയില്ല”. (ലൂക്കാ : 16:26). കുമാരനാശാന്റെ ‘വീണപൂവ്’ എന്ന വിഖ്യാത കവിതയുടെ ആദ്യ വരികള്‍ പോലെ, ” ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നൊരു രാജ്ഞികണക്കയേ നീ” എന്ന് പറയാനും പരിതപിക്കാനും അവരുടെ പ്രതാപകാലങ്ങളെയോര്‍ത്ത് സങ്കടപ്പെടുവാനും കഴിയുന്നവര്‍ മാത്രമായി പ്രിയപ്പെട്ടവരും സുഹൃത്തുക്കളും മാറേണ്ടി വരുന്നു.
ആരും ഇനി തുടര്‍ച്ചയുടെ ഒരു കല്ലിലും തട്ടി വീഴാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ഒരു മിഴിയും ഇത്തരം വീഴ്ചകളെയോര്‍ത്ത് നിറയാന്‍ ഇടയാകാതിരിക്കട്ടെ എന്ന ആശംസയോടെ, ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ഒരു വരി എപ്പോഴും ചുണ്ടില്‍ സൂക്ഷിക്കാം. ”പ്രലോഭനത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ”.
നന്മനിറഞ്ഞ ഒരാഴ്ച നേര്‍ന്നുകൊണ്ട്
സ്‌നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.