ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യു കെ യിലെ റോഡുകളിൽ ജൂലൈ മാസത്തിൽ കോവിഡ് സമയത്തെ ഏറ്റവുമധികം ട്രാഫിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചിലയിടങ്ങളിൽ കോവിഡ് സമയത്തിനു മുൻപത്തെക്കാളും വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ, ആളുകൾ എല്ലാവരും തന്നെ യാത്രചെയ്യുന്നത് അമിതമായി വർദ്ധിച്ചിട്ടുണ്ട്. ജനങ്ങൾ അവധിക്കാലം ആഘോഷിക്കാനായി നിരത്തുകളിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. കാറുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെങ്കിലും, ബസ്, ട്രെയിൻ മുതലായ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ജനങ്ങളിൽ അഞ്ചിൽ രണ്ട് പേരും ഇപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുന്നത് ഭയപ്പെടുന്നതായി റെയിൽവേ ടെക്നോളജി ജേർണൽ നടത്തിയ സർവേയിൽ വ്യക്തമാകുന്നു.


അന്താരാഷ്ട്ര യാത്രകൾക്കും മറ്റും ഇളവുകൾ ഗവൺമെന്റ് നൽകിയതോടെ കൂടുതൽ ആളുകൾ അവധിക്കാലം ആഘോഷിക്കുന്നതിനായി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്കുള്ള റോഡുകളിലാണ് ഏറ്റവും കൂടുതൽ ട്രാഫിക് ഉണ്ടാകുന്നത്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. കൂടുതൽ ഇളവ് നൽകുന്നത് രോഗ വർധനയ്ക്ക് ഉള്ള സാധ്യത ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഭയപ്പെടുന്നു.