ഫാ.ബിജു കുന്നയ്ക്കാട്ട്

ഈ ലേഖനത്തിലെ അക്ഷരങ്ങള്‍ക്ക് കണ്ണുനീരിന്റെ നനവും ഇതിലെ ചിന്തകള്‍ക്ക് നിരവധി ജീവനുകളുടെ വിലയുമുണ്ട്. കഴിഞ്ഞയാഴ്ചയില്‍ എം 1ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ എന്റെ പ്രിയ സുഹൃത്ത് ബെന്നിച്ചേട്ടന്റെയും അദ്ദേഹത്തോടൊപ്പം പൊലിഞ്ഞ മറ്റ് ഏഴ് പേരുടെയും പാവന സ്മരണയ്ക്കു മുന്നില്‍ കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യുകെയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ ദിവസവും റോഡപകടങ്ങളില്‍ മരിക്കേണ്ടി വരുന്നവര്‍ നിരവധിയാണ്. ചിലരെങ്കിലും അശ്രദ്ധയിലൂടെ അപകടം ക്ഷണിച്ചു വരുത്തുമ്പോള്‍ ഏറെപ്പേരും മറ്റുള്ളവരുടെ അശ്രദ്ധമായ റോഡുപയോഗത്തിന്റെ ഇരകളാകുന്നവരാണ്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വരുന്ന ഈ ഹതഭാഗ്യരുടെ ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരാകട്ടെ തങ്ങളുടെ ശിഷ്ടകാലം മുഴുവന്‍ കണ്ണീര്‍ കുടിച്ചു കഴിയേണ്ടിയും വരുന്നു.

ചുറ്റുമുള്ള മറ്റുള്ളവരെക്കുറിച്ച് പരിഗണനയും ശ്രദ്ധയും കരുതലും കുറയുന്ന മനസില്‍ നിന്നാണ് ഓരോ അപകടവും ഉദ്ഭവിക്കുന്നത്. പൊതുവഴി സ്വന്തം വഴിയെന്നതുപോലെ നിയമങ്ങളെ കാറ്റില്‍പ്പറത്തി തന്നിഷ്ടപ്രകരാം പ്രവര്‍ത്തിക്കുന്നവരാണ് റോഡിനെ കൊലക്കളമാക്കി മാറ്റുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക (മത്തായി 22:39) എന്ന ദൈവപ്രമാണത്തിന്റെ ഗുരുതരമായ ലംഘനമാണ് ഇത്. ഒരൊറ്റ നിമിഷത്തെ അശ്രദ്ധ മതി ഒരപകടമുണ്ടാകാനും അതുവഴി പലരുടെയും ജീവിതം മാറിമറിയുവാനും. എം 1 റോഡില്‍ ഉണ്ടായ അപകടത്തിന് കാരണക്കാരെന്ന് കരുതപ്പെടുന്ന രണ്ട് ലോറി ഡ്രൈവര്‍മാരില്‍ ഒരാള്‍ നിയമവിരുദ്ധമായി, അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മദ്യപിച്ചിരുന്നു എന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം സന്തോഷത്തിനായി മദ്യത്തിനെ കൂട്ടുപിടിച്ച അയാള്‍ ചിന്തിക്കേണ്ടിയിരുന്നു, മറ്റുള്ളവരുടെ ജീവന്റെ വിലയെക്കുറിച്ചും അവര്‍ കണ്ടിരുന്ന മനോഹര സ്വപ്‌നങ്ങളെക്കുറിച്ചും.

പൊതുവെ നാല് പ്രധാന കാരണങ്ങള്‍ ഗുരുതര റോഡപകടങ്ങളിലേക്ക് നയിക്കാറുണ്ട്. അമിതവേഗതയാണ് അതില്‍ ഒന്നാമത്തേത്. പുതിയ വാഹനം സ്വന്തമാക്കുന്ന ചെറുപ്പക്കാരില്‍ ചിലരെങ്കിലും വാഹനം അമിത വേഗത്തില്‍ പറത്തി മറ്റു വഴിയാത്രികരെ കിടിലം കൊള്ളിക്കാറുണ്ട്. സാഹസികതയുടെ ലക്ഷണമായും മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച് ആകര്‍ഷണ കേന്ദ്രമാകാനുമുള്ള വിവേകമില്ലാത്ത മനസിന്റെ പ്രതിഫലനമാണിത്. എന്നാല്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിലല്ല, ഏറ്റവും സുരക്ഷിതമായ രീതിയിലും നിയന്ത്രിതമായ വേഗത്തിലും വാഹനം ഓടിക്കുന്നതാണ് ഒരു നല്ല ഡ്രൈവറുടെ ലക്ഷണം എന്ന് ഇക്കൂട്ടരില്‍ പലര്‍ക്കും അറിയില്ല. ഇവനെന്താ വായുഗുളിക മേടിക്കാന്‍ പോകുവാണോ എന്ന് കാഴ്ചക്കാരെക്കൊണ്ട് പറയിക്കത്തക്കവിധം ബൈക്കിലും കാറിലും ചീറിപ്പായുന്ന യുവതലമുറ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടഭീഷണി വിളിച്ചു വരുത്തുകയാണ്. ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി അഭ്യാസം കാണിക്കുന്നവരും വാഹനം എടുത്തു ചാടിച്ച് വിനോദിക്കുന്നവരും മറക്കരുത്, നിങ്ങള്‍ അപകടപ്പെടുത്തുന്ന ഒരു ജീവനും നിങ്ങള്‍ക്ക് തിരിച്ചു കൊടുക്കാനാവില്ല.

കടുത്ത ശരീരക്ഷീണമുള്ളപ്പോഴും മനസും ശരീരവും ഡ്രൈവിംഗിന് തയ്യാറാകാത്തപ്പോഴും യാത്ര നടത്തുന്നവര്‍ക്കും അപകട സാധ്യത കൂടുതലാണ്. അതിദൂരം യാത്ര ചെയ്യുന്നവര്‍ ക്ഷീണമകറ്റാന്‍ എനര്‍ജി ഡ്രിങ്കുകളെയും ഉന്മേഷം നല്‍കുന്ന മറ്റ് കാര്യങ്ങളെയും ആശ്രയിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാനാവില്ല. ചിലപ്പോള്‍ ചുരുങ്ങിയ ഒരു സമയത്തിനു ശേഷം കണ്ണുകളുടെ ഭാരം വര്‍ദ്ധിക്കുകയും ഉറക്കത്തിലേക്കും ശ്രദ്ധക്കുറവിലേക്കും വഴുതിവീണേക്കാം. മനപൂര്‍വമല്ലെങ്കിലും മാനസികമായും ശാരീരികമായും തയ്യാറല്ലാത്ത യാത്രാവസരങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ജീവഹാനി വരുത്തിയേക്കാം. ആരെങ്കിലുമായി ഒരു കലഹത്തിനു ശേഷം യാത്ര പുറപ്പെടുമ്പോളും വാഹനത്തിലിരുന്ന വാഗ്വാദം നടത്തി യാത്ര ചെയ്യുമ്പോളും യാത്ര സുരക്ഷിതമായിരിക്കില്ലെന്നും റോഡിലെ ശ്രദ്ധ കുറഞ്ഞ് അപകടത്തിന് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യാത്രക്കിടയില്‍ വന്നുകൂടുന്ന അശ്രദ്ധാകാരണങ്ങളാണ് അപകടങ്ങള്‍ക്ക് വില്ലനാകുന്ന മൂന്നാമത്തെ ഘടകം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്, മെസേജ് അയക്കുന്നത്, ഫോട്ടോ എടുക്കുന്നത്, അമിത ശബ്ദത്തില്‍ സംഗീതം കേള്‍ക്കുന്നത് ഇങ്ങനെ പലതും അത്തരം കാരണങ്ങളില്‍പ്പെടും. ശ്രീനഗറിലെ തെങ്‌പോറ മേഖലയില്‍ നടന്ന അപകടം മൂന്ന് വിദ്യാര്‍ത്ഥികളുടെ ജീവനെടുത്തത് ഡ്രൈവിംഗിലെ സാഹസികത ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോളായിരുന്നു. റോഡില്‍ ശ്രദ്ധിക്കുന്നതിനു പകരം ഡ്രൈവറായ നാലാമന്‍ ഫേസ്ബുക്ക് ലൈവിന്റെ ഫ്രെയിമില്‍ ഉള്‍പ്പെടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് അവര്‍ സഞ്ചരിച്ചിരുന്ന മാരുതി 800 കാര്‍ ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്നത്. മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇതൊക്കെ സ്വയംകൃതാനര്‍ത്ഥം എന്നേ പറയാനാകൂ. ഇത്തരം കാര്യങ്ങളുടെ അപകടങ്ങളേക്കുറിച്ച് അറിയാഞ്ഞ്ിട്ടും അറിവില്ലാതിരുന്നിട്ടുമല്ല, ഇതൊന്നും എനിക്കുവേണ്ടി പറയുന്നതല്ലെന്നും താന്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ചെന്നുചാടില്ലെന്നും താന്‍ സൂക്ഷിച്ചാണ് വാഹനമോടിക്കുന്നതെന്നും എല്ലാവരും അവനവനെക്കുറിച്ച് ചിന്തിക്കുന്നു. സ്വന്തം അനുഭവത്തില്‍ വരുമ്പോള്‍ മാത്രം കാര്യങ്ങള്‍ പഠിക്കുന്നു.

മദ്യപിച്ച് വാഹനമോടിക്കുന്നവരാണ് ഏറ്റവും അപകടകാരികളായ നാലാമത്തെ കൂട്ടര്‍. എത്ര കഴിച്ചാലും തനിക്ക് ഇതൊന്നും ഏല്‍ക്കില്ല എന്ന മിഥ്യാധാരണയോടെ മദ്യപിച്ച് റോഡിലിറങ്ങുന്നവര്‍ തങ്ങളുടെ മരണസമയം അങ്ങോട്ട് അന്വേഷിച്ച് ചെല്ലുന്നവരാണ്. വാഹനത്തെ നിയന്ത്രിക്കേണ്ട ഡ്രൈവറുടെ നിയന്ത്രണം അയാള്‍ സേവിച്ച മദ്യവും മയക്കുമരുന്നും ഏറ്റെടുക്കുന്നതോടുകൂടി അവരുടെ വാഹനം കൊലവണ്ടികളായി മാറുന്നു. സ്വയം അപകടത്തില്‍ ചാടുക മാത്രമല്ല, നിരപരാധികളായ മറ്റ് നിരവധി മനുഷ്യജീവനുകള്‍ കൂടി ഇക്കൂട്ടര്‍ പന്താടുകയാണ്. ഈ പാവങ്ങള്‍ക്കുമുണ്ട് സ്വപ്‌നങ്ങളും ഭാവിയെക്കുറിച്ചുള്ള വര്‍ണ്ണാഭമായ പ്രതീക്ഷകളുമെന്ന് ഈ മദ്യപാനികള്‍ മറക്കരുത്.

മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്ന് ലോകം അംഗീകരിച്ചിരിക്കുന്നത് ചക്രമാണ്. ഒരു വസ്തു ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ മനുഷ്യനെ ചക്രത്തിന്റെ ഉപയോഗം ഏറെ സഹായിച്ചിക്കുന്നു എന്ന് മനസിലാക്കിയതു മുതലാണ് പുരോഗതിയുടെ കുതിച്ചുചാട്ടത്തിന് തുടക്കമായത് എന്ന വിലയിരുത്തലില്‍ നിന്നാണ് ചക്രത്തിന് ഈ ബഹുമതി ലഭിച്ചു തുടങ്ങിയത്. ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പിന്നീട് യാത്രാസൗകര്യത്തിന്റെയും അഭിമാനത്തിന്റെയും ആഡംബരത്തിന്റെയും പ്രൗഢിയുടെയുമൊക്കെ പ്രതീകമായി മാറി. ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കായി വഴികളും പൊതുയാത്രാ സൗകര്യങ്ങളുമെല്ലാം ഉണ്ടായി. എല്ലാം മനുഷ്യ നന്മയ്ക്കും ഉപകാരത്തിനും വേണ്ടിയായിരുന്നു. ഏദന്‍ തോട്ടത്തിലെ വിലക്കപ്പെട്ട കനിപോലെ ഈ സൗകര്യങ്ങള്‍ എപ്രകാരം ഉപകാരപ്പെടുത്തണമെന്നുള്ളത് ഓരോരുത്തരുടെയും തീരുമാനമാണ്. നല്ല രീതിയില്‍ റോഡും വാഹനവും ഉപയോഗിക്കുന്നവര്‍ തനിക്കും മറ്റുള്ളവര്‍ക്കും നന്മ വരുത്തുന്നു. അശ്രദ്ധയോടെ പെരുമാറുന്നവര്‍ തനിക്കും മറ്റുള്ളവര്‍ക്കും അപകടം വിളിച്ചു വരുത്തുന്നു.

ഒന്നോര്‍മിക്കണം, എടുത്താല്‍ തിരിച്ചുകൊടുക്കാന്‍ കഴിയാത്തതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു ജീവനാണ്. ജീവന്‍ ദൈവദാനമാണ്. അത് നല്‍കാനും തിരിച്ചെടുക്കാനും അവകാശമുള്ളത് ദൈവത്തിനു മാത്രം. ജീവനെ അതിന്റെ എല്ലാ ഘട്ടത്തിലും വളര്‍ത്താനും പരിപാലിക്കാനും പരിപോഷിപ്പിക്കാനുമാണ് മനുഷ്യന് ഉത്തരവാദിത്തം. റോഡില്‍ വാഹനവുമായി ഇറങ്ങുന്നവരില്‍ ഏതാനുംപേര്‍ മാത്രം ശ്രദ്ധയുള്ളവരായാല്‍ പോര, എല്ലാവരും അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എം1 മോട്ടോര്‍വേയിലുള്ളതുപോലെയുളള ഒരു ദുരന്തവും ഇനിമേലില്‍ കേള്‍ക്കാതിരിക്കാന്‍ ഇടവരാതിരിക്കട്ടെ, ആര്‍ക്കും, ഒരിടത്തും, ഒരിക്കലും.

അകാലത്തില്‍ പൊലിഞ്ഞ സുഹൃത്തുക്കള്‍ക്ക് കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചും ദുരന്തത്തിന്റെ ബാക്കിപത്രവും പേറി കണ്ണീര്‍ക്കടലിലായിരിക്കുന്ന പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്നും ഇത്തരം ദുരന്തങ്ങള്‍ ഇനിയാര്‍ക്കും ഉണ്ടാകരുതേ എന്ന് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെയും നന്മ നിറഞ്ഞ ഒരാഴ്ച ഏവര്‍ക്കും സ്‌നേഹത്തോടെ ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.