ന്യൂസ് ഡെസ്ക് മലയാളം യുകെ

വൈദ്യശാസ്ത്രത്തിൽ ഉള്ള അറിവുകൊണ്ട് മാത്രം ആർക്കും മികച്ച ഡോക്ടറും നേഴ്സും ആകാൻ സാധിക്കില്ല. മനുഷ്യ സ്നേഹവും അർപ്പണവും ആത്മാർത്ഥതയും ഒത്തുചേർന്നാൽ മാത്രമേ ആരോഗ്യ രംഗത്ത് ശോഭിക്കാൻ സാധിക്കുകയുള്ളൂ. എൻഎച്ച്എസ്സിന്റെ ചരിത്രത്തിൽ തന്നെ തങ്കലിപികളിൽ എഴുതപ്പെടാവുന്ന ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ റിപ്പോർട്ട് ചെയ്യുന്നത് . അച്ഛനും മകളും ഒരുമിച്ച് നേഴ്സുമാരായി തങ്ങളുടെ ജോലി ആരംഭിച്ചിരിക്കുന്ന വാർത്ത വളരെ അഭിമാനത്തോടെയാണ് എൻഎച്ച്എസ് പുറത്തുവിട്ടിരിക്കുന്നത് .

42 വയസ്സുകാരനായ സ്റ്റീവറും മകൾ സ്റ്റീവിലി ജൂവലും ആഴ്ചകളുടെ വ്യത്യാസത്തിലാണ് നേഴ്സിംഗ് ബിരുദം കരസ്ഥമാക്കിയത്. ഇപ്പോൾ ഇരുവരും ബ്ലാക്ക് പൂളിലെ ഹാർബർ മാനസികാരോഗ്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. അച്ഛനുമൊത്ത് ജോലി ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് 22 വയസ്സുകാരിയായ സ്റ്റീവിലി പറഞ്ഞു.

അച്ഛനും മകളും പരസ്പരം ഒട്ടേറെ ചർച്ച ചെയ്താണ് നേഴ്സിംഗ് കോഴ്സിന് ചേർന്നത്. താൻ ഈ ജോലിയെ വളരെ സ്നേഹിക്കുന്നതായി എഡ്ജ് ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ മിസ് ജൂവൽ പറഞ്ഞു. ജോലിയോടുള്ള രണ്ടുപേരുടെയും അഭിനിവേശം കാണുന്നത് വളരെ പ്രചോദനകരമാണെന്ന് സൗത്ത് കംബ്രിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഒലിവർ പറഞ്ഞു.