ഫാ.ബിജു കുന്നയ്ക്കാട്ട്

ചുറ്റുമുള്ളവരെ സ്വാധീനിച്ചും പ്രചോദിപ്പിച്ചും കടന്നുപോകുന്ന അസാധാരണ വ്യക്തിത്വങ്ങളെയാണ് ഇതിഹാസ ജീവിതങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. ഇതിഹാസങ്ങളായി ചില കൃതികള്‍ മാത്രം പരിചയപ്പെട്ടിട്ടുള്ളവരുടെ മുമ്പില്‍ ചില വ്യക്തിപ്രഭാവങ്ങള്‍ ഇതിഹാസവും ചരിത്രവുമായി മാറുന്നു. വിവിധ കാലഘട്ടങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനിതര സാധാരണമായ സവിശേഷതകള്‍ കൊണ്ട് കാലത്തിനും അനവധി ജീവിതങ്ങള്‍ക്കും ദിശാബോധം നല്‍കിയ ഈ ശ്രേഷ്ഠ ജന്മങ്ങള്‍ എല്ലാ ജീവിതരംഗങ്ങളില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്. അസാമാന്യ മനോധൈര്യംകൊണ്ട് മരണത്തെപ്പോലും വിറപ്പിക്കുകയും ജീവിതദുരന്തങ്ങളെ എങ്ങനെ നേരിടുകയും ചെയ്യണം എന്നു പറഞ്ഞ ഒരു സാധാരണക്കാരിയുടെയും അവളുടെ കുടുംബത്തിന്റെയും വാര്‍ത്തയാണ് ഇതിഹാസസമാനമായി ഇന്ന് ലോകം നോക്കിക്കാണുന്നത്.

ക്യാന്‍സര്‍ ബാധിച്ചു മരിച്ച ഭാര്യയെക്കുറിച്ച് ഒരു ഭര്‍ത്താവ് ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ഇന്ന് അദ്ഭുതത്തോടെ വായിക്കപ്പെടുന്നത്. പട്ടാമ്പി സ്വദേശിയായ രമേഷ്‌കുമാ എന്ന ചെറുപ്പക്കാരനാണ് അകാലത്തില്‍ വേര്‍പിരിഞ്ഞ തന്റെ ജീവിതസഖിയെ അഭിമാനതത്തോടെ ഓര്‍മ്മക്കുറിപ്പില്‍ അനുസ്മരിച്ചത്. ക്യാന്‍സര്‍, നിനക്കെന്റെ ശരീരത്തെയേ തളര്‍ത്താന്‍ പറ്റൂ, എന്റെ മനസനെ തളര്‍ത്താന്‍ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്നാണ് രമേഷിന്റെ ഭാര്യ അച്ചു പറഞ്ഞത്. കീമോതെറാപ്പിയുടെ കടുത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലും കൊച്ചിയിലെത്തിയ സച്ചിന്‍ ടെന്‍ഡില്‍ക്കറിനെ കാണണമെന്ന അവളുടെ അടങ്ങാത്ത ആഗ്രഹത്തിനു മുന്നില്‍ വേദനയ്ക്കും ക്ഷീണത്തിനും വഴി മാറിക്കൊടുക്കേണ്ടി വന്നു മരണത്തെ മുന്നില്‍ കാണുമ്പോഴും അപാരമായ അഭിനിവേശത്തോടെ ജീവിതത്തെ പുല്‍കിയ ഈ ഇതിഹാസ സഹോദരിക്കും ഒരിഞ്ചുപോലും കുറയാതെ കൂടെ നിന്ന ഭര്‍ത്താവിനും ഒരു ബിഗ് സല്യൂട്ട്. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇരമ്പിയാര്‍ക്കുന്ന കാണികളുടെ കൂടെയിരുന്ന് ആര്‍ത്തുവിളിച്ച് അവര്‍ സച്ചിനെ കാണുകതന്നെ ചെയ്തു. ദൃഢനിശ്ചയത്തിന്റെയും മനോധൈര്യത്തിന്റെയും ഇതിഹാസം ക്രിക്കറ്റ് ലോകത്തെ ഇതിഹാസപുരുഷനെ കണ്ടു.

ചെറിയ പ്രതിസന്ധികള്‍ക്കു മുന്നില്‍ മനസു മടുക്കുകയും ജീവിതത്തിന്റെ പ്രത്യാശ നഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്കുള്ള സുവിശേഷമാണ് അച്ചുവിന്റെയും രമേഷ് കുമാറിന്റെയും കുടുംബത്തിന്റെ ജീവിതം. പ്രഭയാര്‍ന്ന മൂന്ന് ഉള്‍ക്കാഴ്ചകള്‍ ഈ കുടുംബം ലോകത്തിനു തരുന്നുണ്ട്. പ്രതിസന്ധികളില്‍ എങ്ങനെ തളരാതിരിക്കാം എന്നതിന്റെ അനുഭവപാഠമാണ് ഒന്നാമത്തേത്. ആരും തളര്‍ന്നുപോകുന്ന ക്യാന്‍സര്‍ എന്ന മാരക രോഗത്തിന്റെ മുമ്പിലും ഇവര്‍ നട്ടെല്ല് നിവര്‍ത്തി നിന്നു. വന്നുചേര്‍ന്ന മഹാദുരന്തത്തെയോര്‍ത്ത് ശിഷ്ടകാലം കണ്ണീരൊഴുക്കി തീര്‍ക്കാനായിരുന്നില്ല അവരുടെ തീരുമാനം. ജീവിതം ജീവിച്ചു ജീവിച്ചു തീര്‍ക്കാനാണവര്‍ തീരുമാനിച്ചത്. ജീവിതത്തിന്റെ മുമ്പില്‍ കാലങ്ങളെ നോക്കാതെ ഈ നിമിഷത്തിന്റെ സൗന്ദര്യം കാണാന്‍ സാധിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യം. സാധാരണ പറയാറുണ്ട്. If ou are depressed you are living in the past. If you are anxious, you are living in the future. If you are at peace, you are living in the present. വരാനിരിക്കുന്ന അനിവാര്യമായ സങ്കടങ്ങളെ ഓര്‍ത്ത് കണ്‍മുന്നിലുള്ള നിമിഷങ്ങളുടെ സൗന്ദര്യത്തെ കളയാതെ ജീവിതത്തെ പ്രസന്നമായ മനസാല്‍ മനോഹരമാക്കിയതാണ് അച്ചുവും രമേഷും ലോകത്തോട് പറഞ്ഞ സുവിശേഷം. കണ്‍മുന്നിലുള്ള ജീവിതവും അവസരവും ദൈവം ഇപ്പോഴത്തേക്ക് മാത്രം തന്നിരിക്കുന്ന സമ്മാനമാണെന്ന തിരിച്ചറിവാണ് ഓരോരുത്തര്‍ക്കും വേണ്ടത്. Past is history, future oie mystery, but present is a gift, That is why it is known as present. അതേ, ഓരോ നിമിഷവും ദൈവം തന്നിരിക്കുന്ന സമ്മാനമാണ്. ഇന്ത്യയുടെ മിസൈല്‍മാന്‍ ഡോ.എപിജെ അബ്ദുള്‍കലാമിന്റെ വാക്കുകളില്‍ Pst is a wastepaper, Future is aquestion paper, but present is the newspaper- read and write carefully, otherwise it will become tissue paper. തന്റെ ജീവിതത്തെ ടിഷ്യുപേപ്പര്‍ ആക്കാതെ ഇന്നും ലോകം ആദരവോടെ വായിക്കുന്ന ന്യൂസ്‌പേപ്പറും ഇതിഹാസവും ആക്കി മാറ്റാന്‍ അച്ചുവിനെ പ്രാപ്തയാക്കിയത് ജീവിതത്തോടുള്ള അവളുടെ കാഴ്ചപ്പാടായിരുന്നു.

ലക്ഷ്യം നേടാനുള്ള ഉല്‍ക്കടമായ ആഗ്രഹവും പരിമിതികള്‍ വകവയ്ക്കാതെ അതിനായി നടത്തിയ അദ്ധ്വാനവുമാണ് ഇവരുടെ ജീവിതം നല്‍കുന്ന രണ്ടാമത്തെ പാഠം. അജ്ഞാതനായ ഒരു പ്രസിദ്ധ ഗ്രന്ഥകാരന്റെ ഓര്‍മ്മപ്പെടുത്തല്‍ ഇങ്ങനെയാണ്. The task ahead of you is never greater than the strength within you. മനസിലെ ധൈര്യത്തിന് മറികടക്കാന്‍ ആവാത്ത പ്രതിബന്ധങ്ങളിലും വലിയ നേട്ടങ്ങളൊന്നും എളുപ്പത്തില്‍ നേടാനാവുന്നില്ലെന്ന് അറിയുന്നതാണ് തിരിച്ചറിവിന്റെ ബാലപാഠങ്ങളിലൊന്ന്. ഓരോ കാര്യത്തിനും ധൈര്യമായി മുന്നിട്ടിറങ്ങാനുള്ള പ്രേരകശക്തി അതിന്റെ പിന്നിലെ ആഗ്രഹത്തിന്റെ തീക്ഷ്ണത അനുസരിച്ചായിരിക്കും. ഈ ആഗ്രഹങ്ങള്‍ തരുന്നതാകട്ടെ ഉദാത്തമായ സ്വപ്‌നങ്ങളും. ഇന്ത്യന്‍ ജനതയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മഹാനായ അബ്ദുള്‍ കലാമിന്റെ വാക്കുകളില്‍ ‘ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്നം, ഉറങ്ങാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതാണ് സ്വപ്‌നം’. You will become what you think എന്ന അടിസ്ഥാന മനശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ചിന്തകള്‍ സ്വപ്‌നങ്ങളായി രൂപപ്പെടുകയും അത് ആഗ്രഹമായി വളര്‍ന്ന് ധൈര്യത്തിന്റെ ചുവടുകള്‍ വെക്കുകയും ചെയ്യുമ്പോള്‍ പതിവുകള്‍ക്ക് മാറ്റമുണ്ടാകുന്നു, പുതുചരിത്രം പിറക്കുന്ന, ജീവിതങ്ങള്‍ ഇതിഹാസങ്ങളാകുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദാമ്പത്യ സ്നേഹത്തിന്റെയും കരുതലിന്റെയും പരസ്പര സമര്‍പ്പണത്തിന്റെയും ആദര്‍ശ രൂപമായാണ് ഈ ദമ്പതികള്‍ മൂന്നാമത്തെ പാഠം ലോകത്തിന് നല്‍കുന്നത്. തന്റെ ഭാര്യക്ക് മാറാരോഗമാണെന്ന് അറിഞ്ഞിട്ടും ഇഷ്ടം കുറയാതെയും വിട്ടുപോകാതെയും കൂടെ നിന്നും എന്നുമാത്രമല്ല അവളെ കൂടുതലായി സ്നേഹിക്കുകയും ഏതൊരു രോഗിയും ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും നല്‍കി എന്നതുമാണ് രമേഷ് കുമാര്‍ എന്ന ചെറുപ്പക്കാരനെ ഉത്തമനായ ഭര്‍ത്താവിന്റെ തലത്തിലേക്കുയര്‍ത്തിയത്. സുഖങ്ങളില്‍ മാത്രമല്ല, ദുഃഖങ്ങളിലും ഒരേ മനസോടെ കഴിയേണ്ടവരാണ് ദമ്പതികള്‍. ഉദാത്തമായ ദാമ്പത്യ സ്നേഹം ഇവര്‍ പരസ്പരം സൂക്ഷിച്ചു. സ്നേഹവും പ്രേമവും കേള്‍ക്കുമ്പോള്‍ ഒരുപോലെ തോന്നുമെങ്കിലും പ്രായോഗികതലത്തില്‍ വ്യത്യസ്തമായി കാണാറുണ്ട്. ഏതെങ്കിലും പ്രത്യേക ഗുണങ്ങളാല്‍ ആകൃഷ്ടരായി മറ്റൊരാളോടു തോന്നുന്ന ഇഷ്ടമാണ് പ്രേമം. ആ പ്രത്യേക കഴിവ് (സൗന്ദര്യം, ആരോഗ്യം, ധനം) നഷ്ടപ്പെടുമ്പോള്‍ ഇഷ്ടവും തീരുന്നു. കുറവുകളോടും മേന്മകളോടും കൂടി ഒരാളായിരിക്കുന്ന അവസ്ഥയില്‍ തന്നെ അയാളെ സ്വീകരിക്കാന്‍ പറ്റുന്നതാണ് സ്നേഹം. ജീവിതത്തില്‍ എന്ത് പ്രതിബന്ധങ്ങള്‍ ഇടയ്ക്ക് വന്നാലും ഈ സ്നേഹത്തിന് കുലുക്കമുണ്ടാവുകയില്ല.

അവസാന ആഗ്രഹമെന്നോണം തന്റെ ഭാര്യ ഒരു കാര്യം ആവശ്യപ്പെട്ടപ്പോള്‍ അതിനുവരാവുന്ന തടസ്സങ്ങളെക്കുറിച്ച് ചിന്തിച്ച് ശ്രമം ഉപേക്ഷിക്കാതെ ഭാര്യയുടെ മനസ് മനസിലാക്കാന്‍ രമേഷ് കുമാര്‍ എന്ന ഭര്‍ത്താവ് കാണിച്ച സന്മനസിന് കൂടിയാണ് ഇന്ന് ലോകം കയ്യടി നല്‍കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം മനസിലാക്കുന്നിടത്തും അംഗീകരിക്കുന്നിടത്തും കുറവുകള്‍ ഒരിക്കലും പ്രശ്നമാകുന്നില്ല. പതികളുമുണ്ടാകുന്നില്ല. പരസ്പര സ്നേഹവും പരസ്പര ബഹുമാനവുമാണ് (എഫേനോസ് 5:33) കുടുംബജീവിതത്തിന്റെ അടിത്തറ. കൂടുമ്പോള്‍ ഇമ്പം ഉള്ളതാണ് കുടുംബം എന്നു പറയാറുണ്ടെങ്കിലും ഇമ്പം തനിയെ ഉണ്ടാകുന്നതല്ലെന്നും ദമ്പതികള്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്നതാണെന്നും ഇവര്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

സത്യമായിട്ടുള്ളതെല്ലാം കണ്ണുകൊണ്ട് കാണാനാവാത്തവയാണെന്നതാണ് പരമമായ ഒരു യാഥാര്‍ത്ഥ്യം. ധൈര്യം, കരുണ, സ്നേഹം, ബുദ്ധി, വിവേകം, അഭിമാനം, ആത്മാര്‍ത്ഥത, ആത്മവിശ്വാസം ഇതെല്ലാം മനുഷ്യനില്‍ മറഞ്ഞിരിക്കുന്നു, അവന്റെ പ്രവൃത്തിയിലൂടെ പ്രകടമാകുന്നു. പരമസത്യമായ ദൈവവും അങ്ങനെ തന്നെ. ദൈവദത്തമായ ഇത്തരം നന്മകളില്‍ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേര്‍സാക്ഷ്യങ്ങളും മൂര്‍ത്ത രൂപങ്ങളുമായി രമേഷ് – അച്ചു ദമ്പതികളുടെ ജീവിതം സമകാലിക ഇതിഹാസമായി മാറിയിരിക്കുന്നു. ‘വീഴുന്നതല്ല, വീണിടത്തു കിടക്കുന്നതാണ് പരാജയം’ എന്ന മഹത് വചനത്തിന് ജീവിതത്തിലൂടെ നല്‍കിയ മറുപടിയും ജീവിതം ജീവിച്ചു തന്നെ തീര്‍ത്തതിന്റെ മാതൃകയും അവസാന ശ്വാസം വരെ ഉയര്‍ത്തിപ്പിടിച്ച ദാമ്പത്യ സ്നേഹത്തിന്റെ മഹനീയതയും സമാന പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് ആശ്വാസവും പ്രചോദനവുമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ

നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വം ആശംസിക്കുന്നു. ഫാ.ബിജു കുന്നയ്ക്കാട്ട്

 

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.