‘ഫാ. ടോം ഉഴുന്നാലില്‍: കാണാതായ ഇടയന്റെ ഉപമ’ – ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

‘ഫാ. ടോം ഉഴുന്നാലില്‍: കാണാതായ ഇടയന്റെ ഉപമ’ – ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
September 17 07:19 2017 Print This Article

ഫാ.ബിജു കുന്നയ്ക്കാട്ട്

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ക്രൈസ്തവ സഭയ്ക്ക് മാത്രമല്ല ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും കിട്ടിയ ഏറ്റവും ‘വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത’ (ലൂക്കാ 2:10) ബഹു. ടോം ഉഴുന്നാലിലച്ചന്റെ മോചന വാര്‍ത്തയായിരുന്നു. വി. ബൈബിളില്‍ വിവരിക്കുന്ന മൂന്ന് ഉപമകളുടെ കൂടെ (കാണാതെ പോയി കണ്ടുകിട്ടിയ ആടിന്റെ ഉപമ, നഷ്ടപ്പെട്ടുപോയി തിരിച്ചുകിട്ടിയ നാണയത്തിന്റെ ഉപമ, പിതാവില്‍ നിന്നകന്ന് ദൂരദേശത്തേയ്ക്ക് പോയിട്ടും തിരിച്ചുവന്ന ധൂര്‍ത്തപുത്രന്റെ ഉപമ-ലൂക്കാ 15) ചേര്‍ത്തുപറയാന്‍ ഇതാ, നാലാമതൊരു ദൈവികമായ ഉപമ കൂടി – തട്ടിക്കൊണ്ടുപോകപ്പെട്ടതിനുശേഷം തിരിച്ചുകിട്ടിയ ഉഴുന്നാലിലച്ചന്‍ എന്ന ഉപമ. തിരിച്ചുകിട്ടിയ ആടിനെ സന്തോഷത്തോടെ ഇടയന്‍ ഇടയന്‍ തോളിലേറ്റിയതുപോലെ അച്ചനെ ഇപ്പോള്‍ ലോകം ഹൃദയത്തിലേറ്റിയിരിക്കുന്നു, തിരിച്ചു കിട്ടിയ നാണയത്തെക്കുറിച്ചുള്ള സന്തോഷം അയല്‍ക്കാരുമായി പങ്കുവെയ്ക്കപ്പെട്ടതുപോലെ കേട്ടവരെല്ലാം ഈ വലിയ വിശേഷം പങ്കുവെയ്ക്കുന്നു, ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന പിതാവിന്റെ മനസ് ഇന്ന് ലോകം ഏറ്റുവാങ്ങിയിരിക്കുന്നു: ‘ അവര്‍ ആഹ്‌ളാദിക്കാന്‍ തുടങ്ങി”. (ലൂക്കാ 15: 24).

പ്രിയപ്പെട്ട ടോമച്ചന്റെ നന്ദി വാക്കുകളോടു ചേര്‍ന്ന് ലോകം മുഴുവന്‍ പറയുന്നു: ‘ദൈവത്തിനു നന്ദി, ഒമാന്‍ രാജാവിനു നന്ദി, സഭാ നേതൃത്വത്തിനു നന്ദി, ഈ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെട്ട് പരിഹാരത്തിനായി ശ്രമിച്ച വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ക്കു നന്ദി, സര്‍വ്വോപരി അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഒരു തുള്ളി കണ്ണുനീരെങ്കിലും പൊടിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി’.

സൈക്കിള്‍ ബ്രാന്‍ഡ് അഗര്‍ബത്തിയുടെ പരസ്യത്തില്‍ ഒരു കുഞ്ഞ്, ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടുനില്‍ക്കുന്ന തന്റെ അമ്മയോടു ചോദിക്കുന്നു: ‘ അമ്മേ, ദൈവം ഇല്ലാതിരുന്നെങ്കിലോ? കുഞ്ഞിന്റെ ഈ സംശയത്തിന് വിവിധ ജീവിതരംഗങ്ങളിലുള്ളവരാണ് ഉത്തരം നല്‍കുന്നത്. ഉയര്‍ന്ന സ്ഥലത്തു കയറി നില്‍ക്കാന്‍ ഉള്ളിലെ ഭയം മാറ്റുന്നത് ദൈവമെന്ന് ഇലക്ട്രിസിറ്റി ലൈന്‍മാന്‍, പാടത്ത് വിത്തുമുളപ്പിക്കുന്നത് ദൈവമെന്ന് കര്‍ഷകന്‍, പരീക്ഷയില്‍ ജയിക്കാന്‍ സഹായിക്കുന്നതും ദൈവമെന്ന് വിദ്യാര്‍ത്ഥികള്‍, കരിക്കിനുള്ളില്‍ വെള്ളം നിറയ്ക്കുന്നതുപോലും ദൈവമെന്ന് അവന്റെ സഹപാഠിയും പറഞ്ഞുകൊടുക്കുന്നു. പരസ്യത്തിനൊടുവില്‍ ഈ ഉത്തരങ്ങളുടെ വെളിച്ചത്തില്‍ പൊതുനിഗമനം ഇങ്ങനെ: ”ദൈവം ഉണ്ട്”. ടോം അച്ചന്റെ മോചന വാര്‍ത്ത കേട്ടപ്പോള്‍ മനുഷ്യസ്‌നേഹം തുടിക്കുന്ന ഓരോ ഹൃദയവും ആയിരം മടങ്ങ് ഉറപ്പോടെ ഈ ഉത്തരം ആവര്‍ത്തിച്ചു. ‘ദൈവം ഉണ്ട്’ .

ആത്മാര്‍ത്ഥമായി എല്ലാവരും ദൈവത്തെ വിളിച്ച നാളുകളായിരുന്നു ഇത്. ഒരിക്കല്‍ പോലും കണ്ടിട്ടും കേട്ടിട്ടുമില്ലെങ്കിലും ടോമച്ചന്‍ എല്ലാ ഭവനത്തിന്റെയും വേദനയും പ്രാര്‍ത്ഥനാ വിഷയവുമായി മാറി. ഗവണ്‍മെന്റ് തലത്തില്‍ മോചന ശ്രമങ്ങള്‍ നടക്കുമ്പോഴും ദൈവജനത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ദൈവത്തില്‍ മാത്രമായിരുന്നു. വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ (സെപ്തംബര്‍ – 14) ദിനത്തിന് കൃത്യം രണ്ട് ദിവസം മുമ്പ് മോചിതനായി എത്തിയ ടോമച്ചന്റെ ജീവിതം, അദ്ദേഹം സഹിച്ച വര്‍ണനാതീതമായ കുരിശുകളുടെ വിജയത്തിന്റെയും പുകഴ്ചയുടെയും തിരുനാള്‍ ദിവസം സഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മൂന്ന് ഉത്തരവാദിത്തങ്ങളാണ്; പ്രാര്‍ത്ഥന, പ്രവര്‍ത്തനം, പ്രത്യാശ.

ബഹു. ടോം അച്ചന്റെ കാര്യത്തില്‍ ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ചു. ഇക്കാലത്താണ് സുവിശേഷം എഴുതപ്പെട്ടിരുന്നതെങ്കില്‍, ‘ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നു കാണിക്കാന്‍ ഈശോ അവരോട് (ലൂക്കാ 18:11) ടോം ഉഴുന്നാലിലച്ചന്റെ ഉപമ പറഞ്ഞു’ എന്നു ചിലപ്പോള്‍ വായിക്കേണ്ടി വന്നേനെ. അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞവരെല്ലാം അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ വി. കുര്‍ബാന അര്‍പ്പിക്കാന്‍ ഒരിക്കല്‍ പോലും അവസരം ലഭിച്ചില്ലെങ്കിലും പകല്‍ സമയം മുഴുവന്‍ പ്രാര്‍ത്ഥിച്ചാണ് സമയം പോക്കിയിരുന്നതെന്ന് ഫാ. ടോം പറഞ്ഞു. സംശയങ്ങളൊന്നുമില്ലാതെ ലോകം മുഴുവന്‍ പറയുന്നു- ഉഴുന്നാലിലച്ചന്റെ മോചനം പ്രാര്‍ത്ഥനയുടെ ഉത്തരമാണ്. മനസ്സ് മടുക്കാതെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വൈകിയാലും ഉത്തരമുണ്ടെന്നാണ് ടോമച്ചന്റെ അനുഭവം പഠിപ്പിക്കുന്നത്. ചില വലിയ കാര്യങ്ങള്‍ക്ക് വലിയ കാത്തിരിപ്പുവേണ്ടി വരും. വി. അഗസ്റ്റിന്‍ പാപജീവിതത്തില്‍ നിന്നു തിരിച്ചുവരാന്‍ വി. മോനിക്ക (അഗസ്റ്റിന്റെ അമ്മ)) കണ്ണീരോടെ പ്രാര്‍ത്ഥിച്ചു കാത്തിരുന്നത് നീണ്ട 17 വര്‍ഷം. ഒരു കാര്യം ഉറപ്പിക്കാം. ആത്മാര്‍ത്ഥമായ ഒരു പ്രാര്‍ത്ഥനയും ഫലമണിയാതെ പോകില്ല.

‘താന്‍ പാതി, ദൈവം പാതി’ എന്ന പഴമൊഴിയുടെ നേര്‍സാക്ഷ്യമായിരുന്നു വിവിധ തലങ്ങളില്‍ നടന്ന മോചന പ്രവര്‍ത്തനങ്ങളും അവയെ ബലപ്പെടുത്തിയ പ്രാര്‍ത്ഥനയും. ഇതു രണ്ടിനും ഊര്‍ജ്ജം നല്‍കിയതാകട്ടെ, മോചനം സാധ്യമാണെന്ന പ്രത്യാശയും. ഈ മൂന്ന് കാര്യങ്ങളുടെ ഒത്തുചേരലില്‍ മോചനം യാഥാര്‍ത്ഥ്യമായി. കുരിശുമരവും കുരിശനുഭങ്ങളും ഈശോ ശരീരത്തില്‍ ചുമന്നു, ഗത്സമിനിയില്‍ രക്തമൊഴുകി പ്രാര്‍ത്ഥിച്ചു, പിതാവ് കൈവിടില്ലെന്ന് പ്രത്യാശിച്ചു – അത് ഈശോയുടെയും കുരിശിന്റെയും വിജയത്തിനും പുകഴ്ചയ്ക്കും കാരണമായി. ഒന്നര വര്‍ഷം നീണ്ട ടോമച്ചന്റെ കുരിശുകളും സെപ്തംബര്‍ 12-ന് പുകഴ്ത്തപ്പെട്ടത് ഈ മൂന്ന് കാര്യങ്ങളുടെ ഒന്നിക്കലിലത്രേ!

അതീവ സങ്കീര്‍ണമായ ഈ മോചന ദൗത്യത്തിന് മുന്നണിയില്‍ പ്രവര്‍ത്തിച്ച ചിലര്‍ കൂടി ഈ വാര്‍ത്തയോടൊപ്പം ശ്രദ്ധിക്കപ്പെട്ടു. നിര്‍ണായകമായ മോചന അഭ്യര്‍ത്ഥന നടത്തിയ കത്തോലിക്കാ സഭാ തലവന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ, ഒരു വലിയ സമൂഹത്തിന്റെ മുഴുവന്‍ ഹൃദയവേദനയുടെ ആഴം കണ്ട് മോചന ശ്രമത്തിന് മുന്‍കൈ എടുത്ത ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ്, സതേണ്‍ അറേബ്യയുടെ വികാരി അപ്പസ്‌തോലിക്ക ബിഷപ്പ് പോള്‍ ഹിണ്ടര്‍, കേരള സഭയിലെ സഭാ നേതൃത്വം, ടോമച്ചന്‍ അംഗമായ ഡോണ്‍ ബോസ്‌കോ സഭയുടെ അധികാരികള്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സഭയുടെ പരമാധികാരിയായ മാര്‍പാപ്പയുടെ കരം ചുംബിച്ച് ആദരവ് പ്രകടിപ്പിക്കുന്ന പതിവ് തെറ്റിച്ച്, സഹനദാസന്‍ ടോമച്ചന്റെ കരം ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയുടെ മുഴുവന്‍ ആദരം അച്ചനെ അറിയിച്ചു. ഒന്‍പത് രാജ്യങ്ങളിലെ സൈന്യം ഭരണം നടത്തുന്ന തീവ്രവാദികളുടെ മേഖലയില്‍ നിര്‍ണായക ഇടപെടലിലൂടെ ഒമാന്‍ രാജാവ് മോചന ദൗത്യത്തിന് നേതൃത്വം നല്‍കി. മാനുഷികമായ പല പ്രവര്‍ത്തനങ്ങളിലൂടെ മുമ്പും ഈ ഭരണാധികാരി കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും കൂടി സുല്‍ത്താനായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. കേരള സഭയുടെയും സലേഷ്യന്‍ സഭയുടെയും നിരന്തര അഭ്യര്‍ത്ഥനയെ അര്‍ഹിക്കുന്ന പരിഗണനയോടെ കണ്ട് ക്രിയാത്മകമായ ശ്രമങ്ങള്‍ നടത്തിയ, ശ്രീമതി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളും മറക്കപ്പെടരുതാത്തതാണ്. ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നത് ഒറ്റ കാര്യം മാത്രം, ടോമച്ചന്റെ മോചനം സാധ്യമാക്കാന്‍ ദൈവത്തിന് ചില കരങ്ങള്‍ ആവശ്യമായിരുന്നു. ഈ സഭാധികാരികളും ഭരണാധികാരികളും ദൈവകരങ്ങളില്‍ ഉപകരണങ്ങങളായി മാറുകയായിരുന്നു.

ഭീകരര്‍ അത്ര ഭീകരരല്ലായിരുന്നു എന്ന് ടോമച്ചന്റെ സാക്ഷ്യം. ‘അവര്‍ എന്നെ വധിക്കുമെന്ന് ഞാനൊരിക്കലും ഭയപ്പെട്ടിരുന്നില്ല’ എന്ന് അച്ചന്‍ തന്നെ പറയുന്നു ഒറ്റവസ്ത്രത്തില്‍ തന്നെ കഴിയേണ്ടി വന്നെങ്കിലും അസുഖബാധിതമായപ്പോള്‍ മരുന്ന് തരാനുളള കരുണ ആ അസുരഹൃദയങ്ങളിലുണ്ടായി എന്നതും അത്ഭുതം തന്നെ. എത്ര ക്രൂര ഹൃദയത്തിലും കരുണയുടെ ഒരംശം എവിടെയെങ്കിലും മായാതെ കിടപ്പുണ്ടാകുമെന്നുറപ്പ്. ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും എന്തൊക്കെയോ ചില നല്ല കാര്യങ്ങള്‍ ഈശോ യൂദാസില്‍ കണ്ടതുപോലെ, ഭീകരരുടെ മനസില്‍ പോലും ദൈവം പ്രവര്‍ത്തിച്ചു എന്നുവേണം കരുതാന്‍!.

‘യമന്‍’ എന്ന പേര് മലയാളികള്‍ക്ക് അത്ര പഥ്യമല്ല. ഹൈന്ദവ പുരാണമനുസരിച്ച് മനുഷ്യരെ ഈ ഭൂമിയില്‍ നിന്നു കൊണ്ടുപോകുന്ന ‘കാലന്‍’ എന്നതിന്റെ പര്യായപദമാണേ്രത അത്. ടോമച്ചന്റെ കാര്യത്തില്‍ അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍ ‘യമനില്‍’ നിന്ന് ദൈവം അച്ചനെ സൈ്വര ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. ഇതിനുവേണ്ടി നടന്ന കൂട്ടായ ശ്രമങ്ങള്‍ തെളിയിക്കുന്നത്, മനുഷ്യത്വത്തിനും പൗരോഹിത്യത്തിനും ലോകവും ദൈവജനവും കൊടുത്ത വില അളക്കാനാവാത്തതാണെന്നതാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ക്രൈസ്തവ സഭ ലോകത്തോടു പ്രസംഗിച്ച ഏറ്റവും വലിയ സുവിശേഷ പ്രഘോഷണമായിരുന്ന ഫാ. ടോം ഉഴുന്നാലില്‍ ദൈവാശ്രയബോധവും ദൈവചിന്തയും പ്രാര്‍ത്ഥവയും ദാനധര്‍മ്മവുമെല്ലാം അത് ജനങ്ങളില്‍ വളര്‍ത്തി. കുരിശിന്റെ അവസാനം ക്രിസ്തുവിന്റെ കാലം മുതല്‍ നിരാശയായിരുന്നില്ല, അത് ഉത്ഥാനത്തിന്റെ സന്തോഷത്തിലെ അവസാനിക്കൂ. ക്രിസ്തുദാസന്‍ ടോമച്ചന്റെ കാര്യത്തിലും അത് തെറ്റിയില്ലാ തെറ്റുകയുമില്ല.

ഈ കാലഘട്ടത്തിന്റെ സുവിശേഷവും ഈശോ തന്ന ഉപമയുമാണ് ഫാ. ടോം ഉഴുന്നാലില്‍, സഭ വളരും, മനുഷ്യത്വം വളരും, നന്മ വളരും. ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമ്പോള്‍ ഏതു ദുഃഖവും സന്തോഷമായി മാറ്റാന്‍ ദൈവത്തിനു കഴിയും. നമ്മുടെ കുരിശുകളില്‍ പ്രാര്‍ത്ഥനയോടെ പ്രവര്‍ത്തിക്കാനും പ്രത്യാശിക്കാനും കാത്തിരിക്കാനും ടോമച്ചന്റെ മാതൃകയും മനോഭാവവും നമുക്ക് ശക്തിയാകട്ടെ.

നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. പ്രാര്‍ത്ഥനയോടെ, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles