ഫാ.ബിജു കുന്നയ്ക്കാട്ട്
കേള്‍ക്കുന്ന ആരുടെയും മനസിനെ വേദനപ്പിക്കുന്ന രണ്ടു സംഭവങ്ങള്‍ അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ടെക്‌സാസില്‍ താമസിക്കുന്ന വെസ്ലിയുടെ മകള്‍ മൂന്ന് വയസ്സുള്ള ഷെറിന്‍ എന്ന കുട്ടിക്ക് പിതാവ് കൊടുത്ത ഒരു ചെറിയ ശിക്ഷയാണ് വന്‍ അബദ്ധത്തില്‍ കലാശിച്ചിരിക്കുന്നത്. ആരോഗ്യക്കുറവുള്ള കുഞ്ഞ് പാല് കുടിക്കാത്തതിനു ശിക്ഷയായി വീടിനു പുറത്ത് ഇറക്കി നിര്‍ത്തിയിട്ട് പതിനഞ്ചു മിനിറ്റുശേഷം ചെന്നു നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലത്രേ! കുഞ്ഞിനെ ഒന്നു പേടിപ്പിച്ചു ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിച്ചത് തീരാദുഃഖത്തില്‍ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു! ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഒരു വിവരവും കുഞ്ഞിനെക്കുറിച്ച് വീട്ടുകാര്‍ക്കോ പോലീസ് അധികാരികള്‍ക്കോ ലഭിച്ചിട്ടില്ല.
ഇത്രപോലും മനഃപൂര്‍വ്വമായി ചെയ്ത ഒരു കാര്യത്തിലല്ല ലണ്ടന്‍ ദമ്പതികളായ വിനോദിനും ലക്ഷ്മിക്കും വന്‍ ദുരന്തം വന്നുചേര്‍ന്നത്. ഇവരുടെ മകള്‍ നൈനിക ആവശ്യപ്പെട്ടതനുസരിച്ച് പിതാവ് ഉണ്ടാക്കിക്കൊടുത്ത പാന്‍ കേക്ക് കഴിച്ചതാണ് നൈനികയെ മരണത്തിലേയ്ക്ക് നയിച്ചത്. മകളുടെ ആവശ്യപ്രകാരം ചേര്‍ത്ത ബ്ലാക്ക്‌ബെറിയാണ് കേക്കിലൂടെ വില്ലനായി മാറിയത്. ബ്ലാക്ക്‌ബെറിയില്‍ നിന്നുവന്ന അലര്‍ജിയാവാം ദുരന്തത്തിനു കാരണമായതെന്നു സംശയിക്കുന്നു. പാന്‍കേക്ക് കഴിച്ച് കുഴഞ്ഞുവീണ നൈനികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അഞ്ചുദിവസം വെന്റിലേറ്ററില്‍ കിടത്തുകയും ചെയ്തുവെങ്കിലും പഞ്ചാബ് സ്വദേശികളായ ഈ ലണ്ടന്‍ ദമ്പതികള്‍ക്ക് തങ്ങളുടെ മകളെ എന്നന്നേയ്ക്കുമായി നഷ്ടമായി.
ഈ രണ്ട് സംഭവങ്ങളിലും മാതാപിതാക്കളെ ഒരു പരിധിയിലേറെ കുറ്റപ്പെടുത്താനാവില്ല, രണ്ടാമത്തേതില്‍ പ്രത്യേകിച്ച്. മനഃപൂര്‍വ്വം പീഡിപ്പിക്കണമെന്നോ ഉപദ്രവിക്കണമെന്നോ പകരം വീട്ടണമെന്നോ ഒന്നും കരുതി ചെയ്തതല്ല ഇവര്‍. കുട്ടികളോടു സ്‌നേഹമില്ലാത്തതിന്റെ പേരില്‍ അവരോട് ഇഷ്ടക്കേട് തീര്‍ത്തതുമല്ല. വേണ്ടവിധം ചിന്തിക്കാതെ ചെയ്തു പോയതിനെ ഓര്‍ത്ത് ഇന്ന് ഇവര്‍ ദുഃഖിക്കുന്നുണ്ടാവും. വി. ബൈബിളില്‍ പറയുന്നതുപോലെ, ”റാമായില്‍ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഫേല്‍ സന്താനങ്ങളെക്കുറിച്ച് കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍ അവള്‍ക്ക് സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു”. (മത്തായി 1: 18).
നമുക്കും ജീവിതത്തില്‍ പലപ്പോഴും പറ്റാവുന്ന അബദ്ധങ്ങളാണിത്. കുഞ്ഞുങ്ങള്‍ക്ക് അവരുടെ തെറ്റുകളില്‍ ചെറിയ ശിക്ഷകള്‍ കൊടുക്കുന്നതിലും അവരുടെ ചില ഇഷ്ടങ്ങള്‍ സാധിച്ചുകൊടുക്കുന്ന കാര്യങ്ങളിലും മാത്രം പറ്റുന്ന അബദ്ധങ്ങളല്ലിത്. നമ്മുടെ സ്വഭാവ പ്രത്യേകതകള്‍ക്കനുസരിച്ച് ചില സാഹചര്യങ്ങളില്‍ മുന്‍പിന്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നത് തിരിച്ചു കയറാനാവാത്ത പല പടുകുഴികളിലേയ്ക്കുമായിരിക്കും. എന്തെങ്കിലും പ്രകോപനങ്ങള്‍ക്കടിപ്പെടുമ്പോള്‍ വിവേകപൂര്‍വ്വം, ഒരു മാത്ര ചിന്തിക്കാതെ ഉള്ളില്‍ തോന്നുന്ന വികാരങ്ങള്‍ക്കനുസരിച്ച് സംസാരിക്കാനും പ്രവര്‍ത്തിക്കാനും തുനിയുന്നതാണ് പലരെയും സ്വപ്‌നേന വിചാരിക്കാത്ത പല അപകടങ്ങളിലും കൊണ്ടു ചെന്നു ചാടിക്കുന്നത്. ഒന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്ന് പിന്നീട് പരിതപിക്കുമ്പോഴേയ്ക്കും സമയം കഴിഞ്ഞുപോയിരിക്കും.
പ്രകോപനപരമായ സാഹചര്യങ്ങളില്‍ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും സംസാരങ്ങള്‍ക്കും പ്രതീക്ഷിക്കുന്നതിലും അളവ് കൂടിപ്പോകുമെന്നതാണ് യാഥാര്‍ത്ഥ്യം. ആദ്യ സംഭവത്തില്‍ ഷെറിന്‍ എന്ന കാണാതായ കുട്ടിയുടെ പിതാവ് വെസ്ലിക്ക്, അവളോടെന്തെങ്കിലും ഇഷ്ടക്കുറവായതുകൊണ്ടു വീടിനു പുറത്തിറക്കി നിറുത്തിയതല്ല. വിവാഹത്തിനുശേഷം ഏറെക്കഴിഞ്ഞാണ് തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടായതെങ്കിലും, ആ കുഞ്ഞിനെ ദൈവം നല്‍കിയ സന്തോഷത്തില്‍ മറ്റൊരു അനാഥക്കുഞ്ഞിനു കൂടി നല്ല ജീവിതം കൊടുക്കാം എന്ന നല്ല മനസോടെ വെസ്ലിയും ഭാര്യയും എടുത്തുവളര്‍ത്തിയ കുഞ്ഞായിരുന്നു ഈ ഷെറിന്‍. വളര്‍ച്ചയിലും ആരോഗ്യത്തിലും ചില പ്രശ്‌നങ്ങളുണ്ടായിരുന്ന ഷെറിന് ദിവസത്തില്‍ പലതവണ, രാത്രിയിലുള്‍പ്പെടെ ഭക്ഷണം ആവശ്യമായിരുന്നു. അതനുസരിച്ച് രാത്രിയിലുണര്‍ന്ന് പാല് കൊടുത്തപ്പോള്‍ ഷെറിന്‍ കുടിക്കാതിരുന്നത് വെസ്ലിയെ പ്രകോപിപ്പിച്ചിരിക്കാം. ആ പ്രകോപനത്തില്‍ കുഞ്ഞിനെ അല്പം പേടിപ്പിച്ചാണെങ്കിലും പാലു കുടിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാവാം പുറത്ത് നിറുത്തിയതും അങ്ങനെ കുട്ടി മനസ്സുമാറുമ്പോള്‍ പാല് കുടിക്കുമല്ലോ എന്നു ചിന്തിച്ചതും.
കൊടുത്ത പാല് ഉടനടി കുടിക്കാതിരുന്നത് വെസ്ലിയെ പ്രകോപിപ്പിച്ചപ്പോള്‍ താന്‍ ചെയ്യാന്‍ പോകുന്നതിന്റെ ഗൗരവമോ വരാന്‍ പോകുന്നതിന്റെ ഗൗരവമോ വരാന്‍ സാധ്യതയുള്ള അപകടങ്ങളോ ഒന്നും അദ്ദേഹത്തിനു ചിന്തിക്കാന്‍ പറ്റിയില്ല. മൂന്ന് വയസുമാത്രം പ്രായമുള്ള കുട്ടിയാണെന്നും രാത്രിയില്‍ തനിച്ചുനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നും ആ പ്രായത്തിലുള്ള കുഞ്ഞിന് താങ്ങാന്‍ പറ്റുന്ന ശിക്ഷണരീതിയല്ല ഇതെന്നും ആ പിതാവ് ചിന്തിക്കേണ്ടിയിരുന്നു. കുട്ടികളുടെ പ്രായത്തിനും അറിവിനും ചേരാത്ത ശിക്ഷണനടപടികള്‍ യാതൊരു ഗുണവും ചെയ്യില്ല. ശിക്ഷയല്ല, ശിക്ഷണമാണ് (Not Punishment, but displine) പ്രധാനമെന്ന് മാതാപിതാക്കള്‍ മറക്കരുത്. കാര്യഗൗരവമായി പറഞ്ഞു കൊടുത്താല്‍ മതിയാകുന്നിടത്ത് അനാവശ്യമായി മറ്റു ശിക്ഷ കൂടി അരുത്. കുട്ടികള്‍ അവരുടെ തെറ്റു മനസിലാക്കുക എന്നതാണ് പ്രധാനം. കാര്യത്തിന്റെ ഗൗരവമനുസരിച്ചും തിരുത്തല്‍ സ്വീകരിക്കുന്ന ആളിന്റെ ശാരീരിക-മാനസിക ബൗദ്ധിക കഴിവുകളും പരിഗണിച്ചേ ശിക്ഷിക്കാവൂ. ചില മാതാപിതാക്കള്‍ തങ്ങളുടെ ഉള്ളില്‍ കിടക്കുന്ന ഇഷ്ടക്കേടു മുഴുവന്‍ തീരുന്നതുവരെ വഴക്കുപറയുകയും ശിക്ഷിക്കുകയും ചെയ്യാറുണ്ട്. ഒരു ചെറിയ തെറ്റിനാവാം മറ്റു പല നെഗറ്റീവ് അനുഭവങ്ങളില്‍ നിന്നു കിട്ടിയ എല്ലാ വേദനയും വിഷമവും വെറുപ്പും അതുമുഴുവന്‍ കേള്‍ക്കേണ്ട ഒരു കാര്യവുമില്ലാത്ത കുഞ്ഞുങ്ങളോ, ജീവിത പങ്കാളിയോ മറ്റാരെങ്കിലുമൊക്കെ വെറുതെ കേള്‍ക്കേണ്ടി വരുന്നത്. മനസില്‍ കെട്ടിക്കിടക്കുന്ന തിക്താനുഭവങ്ങള്‍ ഒരു ഡാം പൊട്ടിയതുപോലെ പുറത്തേയ്ക്ക് വരുമ്പോള്‍ പലര്‍ക്കും സംസാരിക്കുന്ന വാക്കുകളില്‍ പോലും നിയന്ത്രണമുണ്ടാവില്ല. ഏതു പ്രകോപനത്തിന്റെ അവസരത്തിലും ആരോട്, എന്ത്, എപ്പോള്‍, എങ്ങനെ പറയുന്നു, ചെയ്യുന്നു എന്നുമാത്രം നോക്കി സംസാരിക്കുകയും പെരുമാറുകയും ചെയ്യണം. പഴമക്കാര്‍ പറയും പോലെ ”നേരം നോക്കണം, നില നോക്കണം, എന്നെ നോക്കണം, നിന്നെ നോക്കണം”.
തന്റെ മകള്‍ ഇഷ്ടപ്പെട്ട് ചോദിച്ച ഒരു ഭക്ഷണപദാര്‍ത്ഥം വലിയ ദുരന്തത്തിലേയ്ക്ക് വഴി തുറന്നത് നൈനികയുടെ മാതാപിതാക്കള്‍ക്കും കനത്ത വേദനയായിരിക്കും സമ്മാനിച്ചത്. അവരുടെ ഭാഗത്തെ എന്തെങ്കിലും പിഴവ് അതില്‍ ഉണ്ടോ? ഇല്ലെന്നും ചെറിയ രീതിയില്‍ ഉണ്ടെന്നും പറയാം. നൈനികയ്ക്ക് ജന്മനായുള്ള അലര്‍ജി പ്രശ്‌നം മൂലം മുട്ട, സോയ തുടങ്ങിയവ നല്‍കിയിരുന്നില്ല. ബ്ലാക്ക് ബെറി ചേര്‍ത്ത പാന്‍ കേക്ക് കൊടുക്കുമ്പോള്‍ അതൊരു പ്രശ്‌ന കാരണമാകുമോ എന്ന് അവര്‍ ഒട്ടും ചിന്തിച്ചുമില്ല. മക്കളോടുള്ള സ്‌നേഹം കൂടുമ്പോള്‍ ഓര്‍ക്കേണ്ട പലതും മറന്നുപോകുന്ന പല മാതാപിതാക്കളുമുണ്ട്. നൈനികയുടെ കാര്യത്തില്‍ ഇത് നിര്‍ദോഷമെന്നു തോന്നാവുന്ന ഒരു ചെറിയ കാരണമാണെങ്കില്‍, മറ്റു ചില മാതാപിതാക്കള്‍ മക്കള്‍ പറയുന്ന ഏതു വലിയ ആഗ്രഹവും സാധിച്ചുകൊടുക്കാന്‍ ഒരു മടിയും കാണിക്കാറില്ല. തങ്ങളുടെ ചെറുപ്പകാലത്ത് ഇതിനൊന്നും അവസരമില്ലായിരുന്നു, മക്കളെങ്കിലും ആ കഷ്ടപ്പാടുകള്‍ അറിയാതെ വളരണം എന്ന ഒരു ന്യായവും പറയുമതിന്. വില കൂടിയ ഫോണുകളും വാഹനങ്ങളും ആവശ്യത്തില്‍ കൂടുതല്‍ വസ്ത്രങ്ങളും ആവശ്യത്തില്‍ കൂടുതല്‍ പണം നല്‍കുന്ന രീതിയുമൊക്കെ അതു കിട്ടുന്നവര്‍ക്ക് വലിയ സന്തോഷവും കൊടുക്കുന്നവര്‍ക്ക് ലഭിക്കുന്ന സ്‌നേഹവാക്കുകളുടെ സംതൃപ്തിയും തരുമ്പോഴും പലരീതിയില്‍ വരാവുന്ന അപകടങ്ങളിലേയ്ക്കുള്ള വാതില്‍ കൂടിയാണ് അവരുടെ മുമ്പില്‍ തുറക്കുന്നതെന്ന് ‘സ്‌നേഹമുള്ള’ ഈ മാതാപിതാക്കള്‍ മറക്കരുത്.
മാതാപിതാക്കള്‍ വീട്ടിലെ കേന്ദ്ര കഥാപാത്രങ്ങള്‍ എന്നനിലയില്‍ നിന്ന് പലയിടത്തും മക്കളും മക്കളുടെ ഇഷ്ടങ്ങളും വീടിന്റെ കേന്ദ്രമാകാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. മക്കളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും മാത്രം സാധിച്ചുകൊടുക്കുവാനുള്ള ആളുകള്‍ മാത്രമാണ് മാതാപിതാക്കള്‍ എന്ന ചിന്ത ചില കുട്ടികളുടെയെങ്കിലും മനസില്‍ വേരുറച്ചു പോയിരിക്കുന്നു. അതു ശരിയല്ല, അതുമാറണം. അരുതാത്തതു ചെയ്യുമ്പോള്‍ കുട്ടികളെ ശാസിക്കാനും തിരുത്താനുമുള്ള ധാര്‍മ്മികബലം മാതാപിതാക്കള്‍ക്കും ഉണ്ടായിരിക്കണം. ഈ അവസരത്തില്‍ ശാസിക്കുന്നത് കുട്ടികളെയല്ല, കുട്ടികളിലെ തിന്മയെയാണ്. ശാസിക്കുമ്പോള്‍ ഈ തിന്മ കുട്ടികളെ വിട്ടുപോകുന്നു. ” ഈശോ അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി, തത്ക്ഷണം ബാലന്‍ സുഖം പ്രാപിച്ചു”. (മത്താ 17: 18).
മനഃപൂര്‍വ്വമല്ലാതെ നാമപകടത്തില്‍ ചാടുന്നതും മറ്റുള്ളവരെ വേദനിപ്പിക്കുന്നതും ബോധപൂര്‍വ്വമല്ലാതെ നടത്തുന്ന സംസാരം വഴിയാണ്. ഇഷ്ടപ്പെട്ട വിഷയങ്ങളിലും എതിര്‍വാദമുന്നയിക്കുമ്പോഴും അടുപ്പമുള്ളവരോടു സംസാരിക്കുമ്പോഴുമൊക്കെ ആവേശം കൂടി ‘വായില്‍ തോന്നിയതൊക്കെ’ വിളിച്ചുപറയുന്നവരുണ്ട്. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അത് നന്നാവില്ല. നമ്മുടെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും ‘വികാരം ഭരിക്കാതെ വിവേകം ഭരിക്കട്ടെ’ ചിന്തിക്കാന്‍ കഴിവുള്ള വിശേഷ മൃഗമായ മനുഷ്യന് ബോധപൂര്‍വ്വകമായ ചിന്തയിലൂടെ വലിയ ദുരന്തങ്ങളെ ഒഴിവാക്കാനാകാട്ടെ. എപ്പോള്‍ വേണമെങ്കിലും നിലച്ചു പോകാവുന്ന ഹൃദയവുമായി ജീവിക്കുന്ന ഓരോ മനുഷ്യനും മറ്റൊരാളുടെ ഹൃദയത്തെയും ഇനി വാക്കുകള്‍ കൊണ്ടോ പ്രവൃത്തികള്‍ കൊണ്ടോ മുറിപ്പെടുത്താനിടയാകാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ,
നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
Leave a Reply