ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ മതങ്ങളുടെയും ആത്മീയ ജീവിതയാത്രയില്‍ നോമ്പിനും ഉപവാസത്തിനും പവിത്രമായ സ്ഥാനമുണ്ട്. ‘വ്രത’കാലമെന്നും ‘നോമ്പു’കാലമെന്നും ‘തപസ്സു’കാലമെന്നുമൊക്കെ അത് പല പേരുകളില്‍ അറിയപ്പെടുന്നുവെന്നുമാത്രം. ആത്മാവിനെയും മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാനും ദൈവത്തോടും ദൈവവിചാരത്തോടും കൂടുതല്‍ അടുക്കാനുള്ള അവസരമായാണ് ഈ പുണ്യകാലങ്ങളെ മനസിലാക്കുന്നത്. ചിട്ടയായ ആത്മീയ അനുഷ്ഠാനങ്ങളിലും ദൈവചിന്തയിലും കടന്നുപോകുന്ന ഈ കാലത്തെ ”പുണ്യം പൂക്കുന്ന കാലം” എന്നും മഹത്തുക്കള്‍ വിശേഷിപ്പിക്കാറുണ്ട്.

ക്രിസ്തീയ വിശ്വാസികള്‍ക്ക് ആത്മീയ ഓമനപ്പേരില്‍ ‘തപസുകാലം’ എന്നറിയപ്പെടുന്ന ‘വലിയ നോമ്പു’ തുടങ്ങിയിരിക്കുന്നു – ഇത്തവണ ദുഃഖവെള്ളിയുടെ വേദനയും ഹൃദയഭാരവും ആദ്യ ആഴ്ചയില്‍ത്തന്നെ എല്ലാവര്‍ക്കും കിട്ടി എന്ന വ്യത്യാസത്തോടെ. മിശിഹായുടെ ശരീരമാകുന്ന സഭയ്ക്കും അതിലെ അവയവങ്ങളായ സഭാംഗങ്ങള്‍ക്കും തിന്മയുടെ പരീക്ഷണത്തി൯െറയും അതുമൂലമുണ്ടാകുന്ന വലിയ വേദനയുടെയും ഈ നാളുകള്‍, കുരിശിലെ സഹനത്തിലൂടെ ഉത്ഥാനത്തി൯െറ വിജയത്തിലേയ്ക്കു പ്രവേശിച്ച ഈശോയെ ഓര്‍ക്കാനും അനുകരിക്കാനുമുള്ള സമയം. ലോകത്തെ മുഴുവന്‍ തിന്മയില്‍ നിന്നു രക്ഷിക്കാനായി സ്വയം ഏറ്റെടുത്ത ത്യാഗങ്ങളെയും കുരിശിനെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ‘പീഡ’ (പീഡാസഹനം) എന്ന വാക്കുതന്നെ ഇന്ന് നേരെ വിപരീതാര്‍ത്ഥത്തില്‍ (പീഡനം) അവനെ വീണ്ടും ക്രൂശിക്കുന്നത് നമുക്ക് കാണേണ്ടിവരുന്നത് വിചിത്രം.

Screenshot_20170304-205036ഒരു നല്ല ജീവിതത്തില്‍ നിന്നും ദൈവ ഐക്യത്തില്‍ നിന്നും നമ്മെ അടര്‍ത്തിമാറ്റാന്‍ പിശാചിന് അവ൯െറതായ ചില പദ്ധതികളുണ്ട്. അരുതാത്ത കാര്യങ്ങളിലേയ്ക്ക് ആകര്‍ഷണം നല്‍കി ചതിക്കുഴിയില്‍ വീഴിക്കുക എന്നതാണ് അതില്‍ പ്രധാനം. അത്തരം തിന്മയുടെ ഫലങ്ങള്‍ ‘ആസ്വാദ്യവും, കണ്ണിനു കൗതുകകരവും അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും’ (ഉല്‍പത്തി 3:6) ആണെന്ന് ആദ്യ സ്ത്രീയായ ഹവ്വയെപ്പോലെ നാമും തെറ്റിദ്ധരിക്കുന്നു. തിന്മയും പ്രലോഭനവും നമ്മെത്തേടിവരുന്നത് പലരും കരുതുന്നപോലെ വാലും കൊമ്പും കറുത്ത രൂപവുമുള്ള പേടിപ്പിക്കുന്ന രൂപമായിട്ടല്ല, വശീകരിക്കാനും പ്രലോഭിപ്പിക്കാനും കഴിയുന്ന ഉള്ളില്‍ വിഷം ഒളിപ്പിച്ച പാമ്പി൯െറ (ഏദന്‍തോട്ടത്തിലെ സര്‍പ്പം) മധുര വചനങ്ങളുമായിട്ടായിരിക്കും.

ഈ ചതിക്കുഴികളെയും പ്രലോഭന വഴികളെയും എങ്ങനെ മറികടക്കണമെന്നുള്ള, ആത്മാവും ശരീരവും മനസും എങ്ങനെ തിന്മയിലേയ്ക്കു ചായാതെ പിടിച്ചു നിര്‍ത്താമെന്നുള്ള പാഠമാണ് ഈശോയുടെ മരുഭൂമിയിലെ പരീക്ഷ. ഈശോ പിശാചില്‍ നിന്ന് ആദ്യം നേരിട്ടത് ശരീരത്തിൻെറ തലത്തിലുള്ള പരീക്ഷയായിരുന്നു. കല്ല് അപ്പമാക്കാന്‍ പ്രലോഭനം. വിശപ്പും അതിനുള്ള അപ്പവുമാണ് മനുഷ്യന് ഏറ്റവും വലുതെന്ന് ചിന്തിക്കാന്‍ ഈശോയെ പ്രേരിപ്പിച്ചപ്പോള്‍ അതിലും വലുത് ദൈവവും ദൈവത്തിൻെറ വചനങ്ങളുമാണെന്ന് ഈശോയുടെ മറുപടി. ശരീരത്തിന് സുഖം തരുന്ന ആകര്‍ഷണങ്ങളില്‍ പലരും വീണുപോകുന്നു – ഭക്ഷണത്തിൻെറ രുചിയും ഗന്ധവും, മദ്യത്തിൻെറ ലഹരി, മയക്കുമരുന്ന് തരുന്ന സുഖം, ലൈംഗിക തൃഷ്ണകളുടെ പൂര്‍ത്തീകരണം ഇങ്ങനെ പലതും.

ശരീരം നമ്മുടേതാണെന്നും നമുക്ക് സുഖിക്കാനുള്ളതാണെന്നും ചിന്തിക്കുന്നതിനു പകരം ശരീരം ദൈവം തന്നതാണെന്നും ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണെന്നും നിയന്ത്രണമില്ലാത്ത ശരീര തൃഷ്ണകള്‍ പ്രലോഭനത്തിലേയ്ക്കും തെറ്റുകളിലേയ്ക്കും വീഴിക്കുമെന്നുള്ളതും ഓര്‍ക്കാന്‍ വേണ്ടി തന്നെയാണ് ഇഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങളെങ്കിലും ഉപേക്ഷിച്ച് നാം നോമ്പെടുക്കുന്നത്. ഇത്തവണ ഞാന്‍ ഭക്ഷണത്തിനല്ല, ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനുമാണ് നോമ്പെടുക്കുന്നത് എന്നുപറയുന്നവരോട്, തൊട്ടുമുമ്പിലിരിക്കുന്ന ഭക്ഷണത്തെ നിയന്ത്രിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ മറ്റുകാര്യങ്ങള്‍ക്ക് എങ്ങനെ നോമ്പുനോക്കാനാവും എന്നു ചോദിക്കുന്നവരുമുണ്ട്.

Screenshot_20170304-205117ഈശോ നേരിട്ട രണ്ടാമത്തെ പരീക്ഷണം, മനസിൻെറ പ്രലോഭനത്തെ ജയിക്കാനായിരുന്നു. (മത്താ: 4: 6) വിശുദ്ധ നഗരമായ ജറുസലേമിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തു നിന്നു ചാടി ‘കഴിവു തെളിയിക്കാൻ’ വെല്ലുവിളി. തന്നിലെ മനുഷ്യാംശത്തിൻെറ ഇംഗിതത്തിനു വഴങ്ങാതെ ദൈവാംശം ഉയർത്തിക്കാട്ടി, തിരുവചനം കൊണ്ടു തന്നെ ഈശോ പ്രലോഭനത്തെ നേരിട്ടു: “നീ നിൻെറ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്”. മനസിൻെറ ആഗ്രഹങ്ങൾക്കും ചിന്തകൾക്കുമനുസരിച്ചാണ് ശരീരം പ്രവർത്തിച്ചു തുടങ്ങുന്നത്.

ശരീരത്തിൻെറ ആഗ്രഹങ്ങൾക്കു മുകളിൽ മനസ്സിനു ജയിക്കാൻ പറ്റുന്നിടത്താണ് മനുഷ്യത്വത്തിൻെറ പ്രകടനം. മനസ്സിൽ ചിന്തകളായി രൂപപ്പെടുമ്പോഴും ആഗ്രഹങ്ങളായായി ശക്തി പ്രാപിക്കുമ്പോഴും അതിലെ നന്മയും തിന്മയും വിവേചിച്ചറിഞ്ഞ്, അർഹതയുള്ളതു പോലും വേണ്ട എന്നു വയ്ക്കാൻ തീരുമാനിക്കുന്നിടത്ത് മനസ്സു വിജയിച്ചു തുടങ്ങി. വിശന്നിരുന്ന ഈശോ അപ്പം വേണ്ട എന്നു വച്ചതു പോലെ. മദ്യപാനവും പുകവലിയും അമിത ഭക്ഷണ പ്രിയവും മറ്റു ദു:ശ്ശീങ്ങളുമൊക്കെ ഈ നോമ്പു കാലത്തേയ്ക്കെങ്കിലും ‘വേണ്ട’ എന്നു വയ്ക്കാൻ തുടങ്ങുന്നിടത്ത് മനസ്സ് വിജയം കണ്ടു തുടങ്ങുന്നു. ഫെയ്സ് ബുക്കിനും വാട്ട്സ് ആപ്പിനും ഫോൺ ഉപയോഗത്തിനുമൊക്കെ നോമ്പ് എടുക്കുന്നത് മനസ്സിൻെറ നിയന്ത്രണ തലത്തിൽ കണ്ടു വേണം ചെയ്യാൻ.

പിശാചിൽ നിന്ന് ഈശോ നേരിട്ട മൂന്നാമത്തെ പ്രലോഭനം ആത്മീയ തലത്തിലായിരുന്നു. എല്ലാം സൃഷ്ടിച്ച ദൈവത്തിനു പകരം ദൈവത്തിൻെറ ശത്രുവായ പിശാചിനെ ആരാധിച്ചാൽ ഈ കാണുന്നതെല്ലാം തരാമെന്നായിരുന്നു പിശാചിൻെറ വാഗ്ദാനം. പിശാചിനു തിരുത്തലും ലോകത്തിനു മുഴുവൻ ഓർമ്മപ്പെടുത്തലുമായി ഈശോ പറഞ്ഞ മറുപടി ശ്രദ്ധേയം. “നീ നിൻെറ ദൈവമായ കർത്താവിനെ ആരാധിക്കണം, അവനെ ‘മാത്രമേ’ പൂജിക്കാവൂ”.

എന്തിനെയെങ്കിലും ആരാധിക്കാനും ഉള്ളിൽ പ്രഥമ സ്ഥാനത്ത് കൊണ്ടു നടക്കാനും എല്ലാ മനുഷ്യർക്കും ഉള്ളിൽ ആഗ്രഹമുണ്ട്. ആ സ്ഥാനമാകട്ടെ ദൈവത്തിനു മാത്രം അവകാശപ്പെട്ടതും. പത്തു കല്പനകൾക്കായി സീനായ് മലകളിലേയ്ക്ക് മോശ കയറിപ്പോയപ്പോൾ അക്ഷമരായ ജനം അഹറോൻെറ നേതൃത്വത്തിൽ കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കി ആരാധിച്ചതും (പുറപ്പാട് 32:1) അതു കൊണ്ടു തന്നെ. വി. ജോൺ വിയാനി പറഞ്ഞിട്ടുണ്ട്‌. “ഒരു ഇടവക ദേവാലയത്തിൽ ദൈവാരാധന നയിക്കാൻ ഒരു വൈദികൻ ഇല്ലാതെ വന്നാൽ കുറേ വർഷങ്ങൾക്കു ശേഷം ഒരു പക്ഷേ, വഴിയിലൂടെ നടന്നുപോകുന്ന മൃഗങ്ങളെ ആരാധിക്കാൻ തുടങ്ങും അവിടുത്തെ ജനങ്ങൾ. മനസ്സിൽ ദൈവത്തിന്റെ സ്ഥാനം ഒഴിവായി കിടന്നാൽ മറ്റെന്തിനെയെങ്കിലും അവർക്ക്  അവിടെ പ്രതിഷ്ഠിക്കണം”.

ദൈവത്തിനു കൊടുക്കേണ്ട ഒന്നാം സ്ഥാനം മറ്റു പലതിനും കൊടുക്കുന്നവരുണ്ട്. ഏതെങ്കിലും വ്യക്തികളോ, സാധനങ്ങളോ, പണമോ, അധികാരമോ എന്തും പ്രലോഭനമായി പിശാച്‌ നമ്മുടെ മുമ്പിലും വയ്ക്കാം. ലഹരിയും വിനോദങ്ങളും കൂട്ടു കെട്ടുകളും ദൈവ നിഷേധ ചിന്തകളുമൊക്കെ, ദൈവത്തിനു പകരം ഉള്ളിൽ കൊണ്ടു നടന്ന് ജീവിതാന്ത്യത്തിൽ മാത്രം തിരിച്ചറിവുണ്ടായവർ ചരിത്രത്തിൽ നിരവധി. നമ്മൾ ആ ഗണത്തിൽ വീഴാതിരിക്കട്ടെ. സാത്താനെ ദൂരെപ്പോവുക എന്ന് പറഞ്ഞ് ഇത്തരം പ്രലോഭനങ്ങളുടെ പിന്നിലെ തിന്മയുടെ കൗശലം തിരിച്ചറിയാനും ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ.

അൽമായ ജീവിതത്തിലും പുരോഹിത – സമർപ്പിത ജീവിതങ്ങളിലും വ്യാപരിക്കുന്നവർ തങ്ങളുടെ വിളിയിലും വിശുദ്ധിയിലും പ്രലോഭനങ്ങളെ കീഴ് പ്പെടുത്തി വിജയം വരിക്കട്ടെ. പുരോഹിതന്മാർക്കു വേണ്ടിയുള്ള പ്രാർത്ഥനയിലെ ഈ വരികൾ എല്ലാവരുടെയും ജീവിത വിശുദ്ധിക്കു കോട്ടയായിരിക്കട്ടെ: “അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളിൽ നിന്ന് സംരക്ഷിക്കട്ടെ”. സർവ്വോപരി, ഈശോ പഠിപ്പിച്ച പ്രാർത്ഥനയിലെ “ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ” എന്ന അപേക്ഷ നമ്മുടെ അധരത്തിലും മനസ്സിലും സദാ നിറഞ്ഞു നിൽക്കട്ടെ.

സുകൃത സമ്പന്നമായ ഒരാഴ്ച സ്നേഹപൂർവ്വം ആശംസിക്കുന്നു.

ഫാ.ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീർത്തനം -36

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂFr Biju Kunnackattuപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.