ഫാ. ബിജു കുന്നയ്ക്കാട്ട്
ഇത്തവണയും തോറ്റത് ഭീരുക്കളായ ഭീകരര്‍ തന്നെയാണ്. മാഞ്ചസ്‌ററര്‍ അരീനയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തെ ലോകം ഒന്നായി നേരിട്ടപ്പോള്‍ പതിയിരുന്ന് ആക്രമിക്കാനല്ലാതെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ തന്റേടമില്ലാത്തവരാണെന്ന് അവര്‍ ഒരിക്കല്‍കൂടി തെളിയിച്ചു. 22 നിരപരാധികള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുക തന്നെ ചെയ്തു. എന്നാല്‍ ഈ സംഭവം മനുഷ്യ സ്‌നേഹത്തിന്റെയും മഹാകരുണയുടെയും വേദി കൂടിയായി മാറി. മാഞ്ചസ്റ്റര്‍ ജനതയും യു.കെ സമൂഹവും മനുഷ്യ സേവനത്തിനായി കൈകോര്‍ത്തപ്പോള്‍ ഭീകരത മുഖം മറച്ച് തോറ്റോടി.
ചാവേറാക്രമണത്തില്‍ പരിക്കുപറ്റിയും ഭയചകിതരുമായി പുറത്തേക്കോടിയവര്‍ക്ക് അപ്രതീക്ഷിത കാരുണ്യപ്രവൃത്തികളിലൂടെ കൈത്താങ്ങായവരാണ് ഈ ദിവസങ്ങളില്‍ യുകെയിലെ ഹീറോകള്‍. നിസ്സഹായരായി തെരുവില്‍ അലഞ്ഞ 50 പെണ്‍കുട്ടികള്‍ക്ക് സ്വന്തം ചിലവില്‍ അഭയമൊരുക്കിയ 48 കാരിയായ പോളി റോബിന്‍സണ്‍, സൗജന്യ യാത്രാ സൗകര്യമൊകുക്കിയ ടാക്‌സി ഡ്രൈവര്‍മാരും സ്വകാര്യ കാറുമടകള്‍, വീടുകളിലേയ്ക്കും അപ്പാര്‍ട്ട്‌മെന്റുകളിലേയ്ക്കും ഓടിക്കയറിയ കുട്ടികള്‍ക്ക് അഭയം നല്‍കിയ പ്രദേശവാസികള്‍, പരിചയമില്ലാത്ത കുഞ്ഞുങ്ങള്‍ക്കും പോലീസുകാര്‍ക്കുമായി ചൂടു ചായ നിറച്ച ഫ്‌ളാസ്‌കുമായി വന്ന അമ്മമാര്‍, ലിഫ്റ്റ് കൊടുക്കാന്‍ തയ്യാറായി എത്തുന്ന മോട്ടോര്‍ ബൈക്കുകാര്‍, ആളുകളെ സുരക്ഷിതരാക്കാനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും സ്വയരക്ഷപോലും നോക്കാതെ ഇറങ്ങിത്തിരിച്ച ആയിരക്കണക്കായ പോലീസ് അധികാരികളും മെഡിക്കല്‍ സന്നദ്ധ പ്രവര്‍ത്തകരും …. ” ഇതു മാഞ്ചസ്റ്ററാണ്, ഞങ്ങള്‍ കരുത്തരാണ്, ഞങ്ങള്‍ ഒന്നാണ്” എന്നെഴുതി ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകള്‍ ഈ കരുണയുടെയും യോജിപ്പിന്റെയും അക്ഷര രൂപമായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ അടിയന്തരസാഹചര്യത്തില്‍ പിന്‍വലിയാനല്ല, കരുണയുടെ കരങ്ങളുമായി മുന്നോട്ട് വരാനാണ് മാഞ്ചസ്റ്റര്‍ ജനത ശ്രമിച്ചത്. അതിന് അവരെ പ്രേരിപ്പിച്ചതാകട്ടെ അവരുടെ ഉള്ളിലുള്ള കരുണയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും വറ്റാത്ത ഉറവയും. ഒരു വര്‍ഷക്കാലം നീണ്ട കരുണയുടെ ജൂബിലി വര്‍ഷം ലോകത്തിനു നല്‍കിയ പരിശീലനത്തിന്റെ ഫലങ്ങള്‍ ലോകത്തില്‍ തുടരുന്നു എന്നു കാണുന്നത് ആഹ്‌ളാദകരം തന്നെ.
ദൈവത്തിന്റെ മറ്റൊരു പര്യായമാണ് കരുണ. സ്‌നേഹവും സത്യവും നീതിയും ക്ഷമയുമൊക്കെ ദൈവത്തെത്തന്നെ ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങളാണെങ്കില്‍ കരുണ ദൈവം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവത്തിന്റെ ഗുണങ്ങളും കിട്ടിയിട്ടുണ്ട്. അതുവേണ്ട ഇടങ്ങളില്‍ പ്രകടിപ്പിക്കുമ്പോള്‍ മനുഷ്യന്‍ ദൈവതലത്തിലേയ്ക്കാണ് ഉയരുന്നത്. മനുഷ്യന്‍ ദൈവരൂപമെടുക്കുന്നത് കരുണ കാണിക്കുമ്പോഴും (ദൈവം മനുഷ്യരൂപമെടുക്കുന്നതും) മനുഷ്യന്‍ മനുഷ്യനാകുന്നത് ബുദ്ധിയും നീതിയും പ്രകടിപ്പിക്കുമ്പോഴും, മനുഷ്യന്‍ മൃഗമാകുന്നത് സ്വന്തം ഇഷ്ടത്തിനുവേണ്ടി മറ്റുള്ളവരെ കീഴ്‌പ്പെടുത്തുമ്പോഴും മനുഷ്യന്‍ മൃഗത്തിനും താഴെയാകുന്നത്, നിരപരാധികളെ നിഹനിക്കുന്ന ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴുമത്രേ. ഇതിനും താഴേയ്ക്ക് പിന്നെ പോകാനാവില്ല.
ആവശ്യപ്പെടാതെ കൊടുക്കുമ്പോഴും അര്‍ഹതയില്ലാത്തവര്‍ക്കും അപരിചിതര്‍ക്കും കൊടുക്കുമ്പോഴുമാണ് കരുണ ഏറ്റവും ഉദാത്തമാകുന്നത്. കാരണം അതു ഹൃദയത്തില്‍ നിന്നു വരുന്ന നന്മയാണ്. നമ്മുടെ കൈവശമുള്ളതെന്തെങ്കിലും മറ്റൊരാളുമായി പങ്കുവയ്ക്കുന്നത് നമുക്ക് അയാളോട് സഹതാപം (Sympathy) തോന്നിയിട്ടാവാം, അതു നല്ലതുതന്നെ. കരുണ കാണിക്കുന്നവന്‍ സഹതാപത്തിനപ്പുറത്തേയ്ക്കും സഞ്ചരിക്കുന്നു. സഹായമാവശ്യമുള്ള വ്യക്തിയുടെ സ്ഥാനത്ത് തന്നെത്തന്നെ കണ്ട് ഹൃദയത്തിന്റെ പ്രചോദനത്താല്‍ അവന്റെ ആവശ്യത്തിലേക്കിറങ്ങി ചെല്ലുന്നതാണ (Empathy) കരുണയുടെ അന്തഃസത്ത. ഇവിടെ സ്വയം പ്രേരിതമായി, സ്വയം മറന്നാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത്. വേദനിക്കുന്നവന്റെ വേദന സ്വന്തം ഹൃദയത്തില്‍ അനുഭവപ്പെടുന്നതിന്റെ പ്രതിഫലനമാണ് കരുണയുടെ പ്രവര്‍ത്തികള്‍.
വി. ബൈബിളിലെ നല്ല സമറിയാക്കാരന്റെ കഥയില്‍ ഒരു സാധാരണ സമറിയാക്കാരന്‍ ദൈവത്തിന്റെ കണ്ണില്‍ ‘നല്ല’ സമറിയാക്കാരനായത് അവന്റെ കരുണ നിറഞ്ഞ പ്രവര്‍ത്തിയിലൂടെയാണ്. സമറിയാക്കാരനും മുറിവേറ്റ് വഴിയില്‍ കിടന്നവനും തമ്മില്‍ ശത്രുതയുള്ള വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നെങ്കിലും ഒരു അടിയന്തരഘട്ടത്തില്‍ സമുദായ വിഭാഗങ്ങളുടെ വേലിക്കെട്ടുകള്‍ പരിഗണിക്കാതെ മുറിവേറ്റവനെ സഹായിക്കാന്‍ കാണിച്ച സന്മനസാണ് മുമ്പേ വന്നുപോയ പുരോഹിതനില്‍ നിന്നും ലേവായനില്‍ നിന്നും അവനെ വ്യത്യസ്ഥനാക്കിയത്. നാം ആരാണന്നല്ല, നാം മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നാം ദൈവസന്നിധിയില്‍ വിലയിരുത്തപ്പെടുന്നത്.
മാഞ്ചസ്റ്ററില്‍ സഹായത്തിനെത്തിയവരെല്ലാം നല്ല സമറിയാക്കാരന്റെ മനസ്സുള്ളവരായിരുന്നു. ഫ്‌ളാസ്‌കുകളില്‍ ചൂടുകാപ്പിയും അത്യാവശ്യ മരുന്നുകളുമായി ഓടിയെത്തിയ അമ്മമാര്‍ എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകള്‍ വച്ചുകെട്ടിയ നല്ല സമറിയാക്കാരന്റെ മനസുള്ളവരായിരുന്നു. സ്വകാര്യ വാഹനങ്ങളും ടാക്‌സി കാറുകളും തെരുവില്‍ അലഞ്ഞവര്‍ക്ക് സൗജന്യ യാത്ര നല്‍കി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചപ്പോള്‍ മുറിവേറ്റ് കിടന്നവനെ ചുമന്നു സത്രത്തിലെത്തിച്ച കഴുതയുടെ വിലയേറിയ സഹായം ചെയ്യുകയായിരുന്നു. അപ്പാര്‍ട്ടുമെന്റുകളും വീടുകളും ഓടിവന്നവര്‍ക്ക് അഭയം നല്‍കിയപ്പോള്‍ മുറിവേറ്റ മനുഷ്യന് അഭയം നല്‍കിയ സത്രത്തിന്റെ സുരക്ഷിതത്വം നല്‍കുകയായിരുന്നു. ഇനിയൊരാക്രമമുണ്ടാകാതെ എല്ലാ മുന്‍കരുതലുമെടുക്കുമെന്ന പ്രധാനമന്ത്രിയുടെയും മറ്റ് ഭരണാധികാരികളുടെയും വാക്കുകള്‍, മുറിവേറ്റവന് കൂടുതല്‍ ചിലവാകുന്നത് താന്‍ മടങ്ങിവരുമ്പോള്‍ തന്നുകൊള്ളാമെന്ന സമറിയാക്കാരന്റെ ഉറപ്പുള്ള വാക്കുകളുടെ പ്രതിഫലനമായിരുന്നു.
അലിവും ദയയും മൃഗങ്ങള്‍ പോലും പ്രകടിപ്പിക്കാറുണ്ട്. വിശേഷ ബുദ്ധിയുള്ള, ചിന്തിക്കുന്ന മൃഗമായ മനുഷ്യന്‍ ദയതോന്നി കയ്യിലുളളതു മാത്രം കൊടുക്കേണ്ടവനല്ല, സ്വന്തം ഹൃദയവും അതിലെ നന്മയും കൂടി കരുണയായി കാണിക്കേണ്ടവനാണ്. അതാണ് മനുഷ്യതലത്തിനും മുകളില്‍ അവനെ ദൈവതുല്യനാക്കുന്നത്. കരുണ കാണിക്കുന്നത് ദൈവത്തിന്റെ സ്വഭാവമാണ്. സീറോ മലബാര്‍ വി. കുര്‍ബാനയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു: ”അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ” എന്ന്. ”കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്കു കരുണ ലഭിക്കും” (മത്താ 5: 7) എന്ന് വി. ബൈബിളും പറയുന്നു. ‘ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് ‘ എന്നത് യേശുവിന്റെ ഒരു പ്രധാന ഓര്‍മ്മപ്പെടുത്തലത്രേ (മത്താ 9:13).
മാഞ്ചസ്റ്റര്‍ ആദ്യം വിറങ്ങലിച്ചു നിന്നത് ഭീകരതയുടെ അഴിഞ്ഞാട്ടത്തിലാണ്. എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ അത് കരുണയുടെ അത്ഭുതത്തിനു വഴിമാറി. ഏതു ഭീകരതയെയും തുരത്തുന്ന കരുണയും സ്‌നേഹവും എന്നും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കട്ടെ. ഇവ പുറപ്പെടുവിക്കുന്ന ശാന്തിയും സമാധാനവും നമ്മുടെ ഹൃദയങ്ങളെ എന്നും ഭരിക്കട്ടെ. ഹൃദയത്തിലും സംസാരത്തിലും പെരുമാറ്റത്തിലും കരുണയുടെ സന്ദേശവാഹകരും പ്രയോക്താക്കളുമാകാന്‍ നമുക്ക് സാധിക്കട്ടെ. തിന്മയുടെ താണ്ഡവം ഉണ്ടാക്കിയ മാഞ്ചസറ്ററിലെ മുറിവ് എത്രയും വേഗം സുഖപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെയും സ്‌ഫോടനത്തിന് ഇരായയവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നും എല്ലാവര്‍ക്കും നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വം ആശംസിക്കുന്നു.
സ്‌നേഹത്തോടെ
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
Leave a Reply