ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്യത്ത് വരും ദിനങ്ങളിൽ കുരങ്ങുപനി ബാധിതരുടെ എണ്ണം ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മേധാവികൾ. ഇന്നലെ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽ ആകെ രോഗികളുടെ എണ്ണം ഇരുപതായി. പുതിയ രോഗികളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ മുമ്പ് സ്ഥിരീകരിച്ച ഒമ്പത് കേസുകളിൽ ആറു പേർ സ്വവർഗാനുരാഗികളായ പുരുഷന്മാരാണ്. കോവിഡിനെപ്പോലെ കുരങ്ങുപനി നിയന്ത്രണാതീതമാകില്ലെന്ന് ആരോഗ്യ വിദഗ്ധർ ഉറപ്പ് നൽകുന്നു. എന്നാൽ കേസുകൾ ഇരട്ടിയാകുന്നത് ആശങ്കാജനകമാണെന്ന് അവർ വ്യക്തമാക്കി.

ഇനിയും കേസുകൾ ഉയരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ സൂസൻ ഹോപ്കിൻസ് പറഞ്ഞു. പൊതുവേ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന രോഗം ഇപ്പോള്‍ തെക്കേ അമേരിക്ക, യൂറോപ്പ്, കാനഡ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കുരങ്ങുപനി തടയാനുള്ള നടപടികൾ ചർച്ച ചെയ്യാനായി ലോകാരോഗ്യ സംഘടന ഇന്നലെ അടിയന്തിര യോഗം വിളിച്ചിരുന്നു.

ലക്ഷണങ്ങൾ

വൈറസ് ബാധ മൂലമാണ് കുരങ്ങുപനി പ‌ടര്‍ന്നുപിടിക്കുന്നത്.‌‌ പനിയാണ് കുരങ്ങുപനിയുടെ പ്രാഥമിക രോഗലക്ഷണം. ശരീരത്തിൽ തടിപ്പും ചുണങ്ങും കാണപ്പെടാറുണ്ട്. രോഗിയുമായി അടുത്ത ശാരീരിക ബന്ധമുള്ളവരിലേക്ക് രോഗം പെട്ടെന്ന് പകരും.

കുരങ്ങുപനി ഗുരുതരമോ?

രോഗം ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രോഗി സുഖം പ്രാപിക്കും. മൃഗങ്ങളിൽ നിന്നാണ് കുരങ്ങുപനി മനുഷ്യരിലേക്ക് പകരുന്നത്. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ് ചെയ്യുന്നത്. 1958ൽ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്.

രണ്ട് രീതിയിലുള്ള കുരങ്ങുപനികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നാമത്തേത് കോംഗോ കുരങ്ങുപനിയാണ്. ഇത് കൂടുതൽ ഗുരുതരമാവാറുണ്ട്. 10 ശതമാനം വരെ മരണനിരക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ വർഗത്തിൽ പെടുന്ന കുരങ്ങുപനി അത്ര ഗുരുതരമാവാറില്ല. 1 ശതമാനം മാത്രമാണ് മരണനിരക്ക്. യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പടിഞ്ഞാറൻ ആഫ്രിക്കൻ കുരങ്ങുപനിയാണ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാവും രോഗം വ്യാപിച്ചതെന്നാണ് നിഗമനം.