ഫാ. ബിജു കുന്നയ്ക്കാട്ട്

മാനസികോല്ലാസത്തിനും നോരമ്പോക്കിനും സൗഹൃദം പങ്കുവെയ്ക്കാനും കഴിവു തെളിയിക്കാനുമൊക്കെയായി ആളുകള്‍ പലപ്പോഴും കളികളിലേര്‍പ്പെടാറുണ്ട്. വിജയികളെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ കളി, മത്സരത്തിന്റെ തലത്തിയേക്ക് മാറുന്നു. ചില അവസരങ്ങളില്‍ ഈ കളികള്‍ മത്സരത്തിന്റെ തലവും കടന്ന് വാക്പോരിലേയ്ക്കും കയ്യാങ്കളിയിലേക്കും ചെന്നെത്താറുണ്ട്. ഒട്ടും ആരോഗ്യകരമല്ലാത്തതും തീര്‍ത്തും ഒഴിവാക്കേണ്ടതുമായ ഇത്തരം, ‘കളി കാര്യമാകുന്ന’ സന്ദര്‍ഭങ്ങള്‍ ഈ കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാന്‍ ഇന്ത്യയെ വലിയ വ്യത്യാസത്തില്‍ തോല്‍പിച്ചത് ഇന്ത്യന്‍ ആരാധകര്‍ക്ക് കനത്ത ക്ഷീണവും പാക്കിസ്ഥാന് ഇരട്ടി മധുരവും സമ്മാനിച്ചു. ജയിച്ച പാക്കിസ്ഥാന്‍ ടീമിന്റെ ആരാധകരുടെ അടക്കാനാവാത്ത നിരാശയുടെ വിങ്ങിപ്പൊട്ടലുകളും പരസ്പരമുള്ള വാക്പോരിലും പോലീസ് ഇടപെട്ട് പരിഹരിക്കേണ്ട തലത്തിലുള്ള ക്രമസമാധാന പ്രശ്നമായും വളരുകയും ചെയ്തു.

ഇന്ത്യ – പാക്കിസ്ഥാന്‍ ആരാധകര്‍ ചേരിതിരിഞ്ഞ് ഫൈനല്‍ മത്സരം നടന്ന ഓവലിലെ സ്റ്റേഡിയത്തിനു പുറത്തും മാഞ്ചസ്റ്ററിലും ലെസ്റ്ററിലും തമ്മിലടിച്ചതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കളിക്കളത്തില്‍ ഒതുങ്ങി നില്‍ക്കേണ്ട കളി കളിക്കളത്തിനു പുറത്തേയ്ക്ക് കൈവിട്ടു പോകുന്നതിനെ തടയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആര് ആരെയാണ് തടയേണ്ടത് എന്ന് ചോദിച്ചാല്‍, നമ്മള്‍ നമ്മളെത്തന്നെയാണ് എന്നാണ് ഉത്തരം. എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ ചില സെലിബ്രിറ്റികള്‍ തോറ്റ ടീമിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള കമന്റുകള്‍ ഇട്ടതും നിലവാരമില്ലാത്തതായിപ്പോയി. കളി കൈവിട്ടു പോകുന്നതെന്തുകൊണ്ടാണ്?

കളിയെ, ഒരു കളിയായി മാത്രം പലര്‍ക്കും കാണാന്‍ പറ്റാത്തതാണ് ഏറ്റവും പ്രധാന കാരണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കളിയെ നിറുത്തേണ്ടിടത്തു നിര്‍ത്താന്‍ പറ്റുന്നില്ല പലര്‍ക്കും. മാനസിക ഉല്ലാസത്തിനും വിനോദത്തിനുമായി കളിയെ ആസ്വദിക്കുന്നതിനു പകരം, അര്‍ഹിക്കുന്നതിനും മുകളിലായ സ്ഥാനം കൊടുക്കുമ്പോള്‍ ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും തലം നഷ്ടപ്പെട്ടേക്കാം. കളി മുറുകുമ്പോള്‍ കാണികളുടെ ആവേശവും വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ‘സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനു ചേരാത്ത ആവേശം കാണികളിലുണ്ടാകുമ്പോഴാണ് അത് വഴക്കിലേയ്ക്കും അക്രമത്തിലേയ്ക്കും വഴിമാറുന്നത്.

കളിയെ, കളിയായി മാത്രം കാണാന്‍ പഠിക്കുക. ആധുനിക ലോകത്തില്‍ ഓരോ കളിയെയും വളരെ ‘പ്രൊഫഷണലായി’ സമീപിക്കുന്ന ആളുകള്‍ എല്ലായിടത്തുമുണ്ട്. കായിക താരങ്ങളുടെ പ്രകടനങ്ങള്‍ സാങ്കേതികമായ രീതിയില്‍ വിലയിരുത്തുകയും നിരൂപണം നടത്തുകയും വിശകലനത്തിലൂടെ അപഗ്രഥിക്കുകയുമൊക്കെ ചെയ്യുന്നവരുണ്ട്. അത് അവരുടെ ജോലിയും കളിക്കാരുടെ സാങ്കേതിക മികവ് മെച്ചപ്പെടുത്തുന്നതിന് സഹായകരവുമാണ്. എന്നാല്‍ ഈ ജോലികളൊന്നുമില്ലാതെ വിനോദവും ആസ്വാദനവും മാത്രം ലക്ഷ്യമാക്കി കളി കാണേണ്ട ‘കാണികള്‍’ അവരുടെ ലക്ഷ്യങ്ങള്‍ മറന്ന് അനാവശ്യ ആവേശപ്രകടനങ്ങള്‍ നടത്തുന്നതും അതിന്റെ പേരില്‍ ഉണ്ടാക്കുന്ന കലാപങ്ങളുമാണ് ന്യായീകരിക്കാനാവാത്തത്.

കളിയുടെ ഈ കാര്യത്തിലെന്നപോലെ ജീവിതത്തിലും ചിലര്‍ ചെറിയ കാര്യങ്ങള്‍ക്ക് അനാവശ്യ പരിഗണന കൊടുത്ത് പൊല്ലാപ്പുകളില്‍ ചെന്നു ചാടുന്നവരുണ്ട്. ഒരാള്‍ തമാശ രൂപേണ പറയുന്ന കാര്യങ്ങളെ ആ രീതിയില്‍ മനസിലാക്കാതെ, ചിലപ്പോള്‍ ചില വാക്കുകളില്‍ കയറിപ്പിടിച്ച് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നവര്‍. തമാശകളെ സഹൃദയ മനസ്സോടെ മനസിലാക്കാനും ആസ്വദിക്കാനും കഴിയുന്നതും ഇനി എന്തെങ്കിലും അതിലൊരു ദുഃസൂചന തോന്നിയാലും ഉടനെ പുറത്തു പ്രകടിപ്പിക്കാതെ ”നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് തെറ്റ് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതുമാണ്” (മത്താ 18: 15) ഹൃദയവികാസവും മാനസിക പക്വതയും നേടിയൊരാള്‍ ചെയ്യേണ്ടത്. ചെറിയ ഇഷ്ടക്കേടുകളില്‍ കലഹിക്കുകയും അടുത്ത നിമിഷത്തില്‍ എല്ലാം മറന്ന് കൂട്ടുകൂടുകയും ചെയ്യുന്ന കൊച്ചുകുട്ടികളുടെ നിസ്സാരമായ വഴക്കിനെ ഏറ്റുപിടിച്ച് പര്‍വ്വതീകരിച്ച് ശത്രുപക്ഷങ്ങളുണ്ടാക്കുന്ന മുതിര്‍ന്നവരും ഓര്‍ക്കേണ്ട പ്രധാന കാര്യമിതാണ് – ചെറിയ കാര്യങ്ങള്‍ക്കും പ്രസക്തിയില്ലാത്ത കാര്യങ്ങള്‍ക്കും അനാവശ്യ പരിഗണന കൊടുത്ത്, ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച് ഉള്ള സ്നേഹവും സൗഹൃദവും നഷ്ടപ്പെടാതിരിക്കുക. മറ്റൊരാളുടെ മനസിനെയോ വികാരങ്ങളെയോ മുറിപ്പെടുത്തുന്ന തമാശകളും സംസാരങ്ങളും പ്രവര്‍ത്തനങ്ങളും സാഹചര്യം കണ്ടറിഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതും മാനസിക പക്വതയുടെയും മറ്റുള്ളവരോടുള്ള പരിഗണനയുടെയും ലക്ഷണമാണ്.

  ബ്രിട്ടനിൽ എക്സ്ബോക്സ് ഗെയിമിംഗിലൂടെ പരിചയപ്പെട്ട കൗമാരക്കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച 31 കാരിയായ യുവതിക്ക് ജയിൽ ശിക്ഷ : എക്സ്ബോക്സിലൂടെ ആരംഭിച്ച സൗഹൃദം അതിരു കടന്നത് വാട്സാപ്പ് ചാറ്റിങ്ങിലൂടെ

അഭിമാനത്തിന്റെ പേരിലായാലും ആഗ്രഹത്തിന്റെ പേരിലായാലും ഒരിടത്തും ആരുടെ മുമ്പിലും തോല്‍ക്കാനോ, തോല്‍വിയെ ഉള്‍ക്കൊള്ളാനുള്ള മനസിനെ രൂപപ്പെടുത്താനോ കഴിയാത്തതാണ് നമ്മുടെ മറ്റൊരു പ്രധാന പ്രശ്നം. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമൊക്കെ യുദ്ധമായി, അഭിമാന കാര്യമായി വാര്‍ത്തകള്‍ നമ്മുടെ മുമ്പിലവതരിപ്പിക്കുമ്പോള്‍ നാമും അറിയാതെ അതിരുവിടുന്ന ആവശേത്തിലേയ്ക്ക് വീണുപോകുന്നു. ഒരു മത്സരത്തിനിറങ്ങുന്ന രണ്ട് ടീമും ജയിക്കാന്‍ വേണ്ടി തന്നെയാണ് കളിക്കുന്നത്. അതിനായി കഴിവിന്റെ പരമാവധി ഉത്സാഹിക്കുകയും വേണം. എങ്കിലും ഏതെങ്കിലും ഒരു ടീമിനെ വിജയിക്കാനാവൂ. എപ്പോഴും ജയം മാത്രം സ്വപ്നം കാണുമ്പോഴാണ് തോല്‍വികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നത്. കൂടുതല്‍ നന്നായി പ്രകടനം നടത്തുന്നവര്‍ വിജയം നേടും. ഒരിക്കല്‍ തോറ്റു എന്നു കരുതി അതു ലോകാവസാനമാകുന്നില്ല.

വിജയങ്ങളെപ്പോലെ തന്നെ തോല്‍വികളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോഴാണ്, അപ്രതീക്ഷിതമായി കടന്നുവരുന്നതിനെയും സമചിത്തതയോടെ സ്വീകരിക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്. പഠനത്തിലായാലും കരിയറിലായാലും ‘എപ്പോഴും ജയം’ എന്ന ഒറ്റ ചിന്തമാത്രം കുഞ്ഞുങ്ങളുടെ മനസില്‍ മാതാപിതാക്കള്‍ കുത്തിവയ്ക്കുന്നുണ്ടെങ്കില്‍, ഭാവിയില്‍ ഒരു പരാജയത്തെ മുമ്പില്‍ കാണുമ്പോള്‍ ഈ മക്കള്‍ ജീവിതത്തില്‍ പ്രത്യാശ നഷ്ടപ്പെടുന്നവരും ചിലപ്പോള്‍ ജീവിതം തന്നെ അവസാനിപ്പിക്കുന്നവരും ആയിത്തീര്‍ന്നേക്കാം. ഒരു പരാജയം വരുമ്പോള്‍ ‘സാരമില്ല’ എന്നുപറഞ്ഞ് പുഞ്ചിരിയോടെ ചുമലില്‍ തട്ടി ആശ്വസിപ്പിക്കാനും ‘അടുത്ത തവണ നമുക്ക് അത് നേടിയെടുക്കാന്‍’ കുറച്ചു കൂടി നന്നായി പരിശ്രമിക്കാ’മെന്ന് പറയാനും മാതാപിതാക്കള്‍ക്ക് കഴിയുമ്പോള്‍ അവര്‍ മക്കള്‍ക്ക് നല്‍കുന്നത് മനസിന് ആശ്വാസം മാത്രമല്ല, ഭാവിയെ പ്രതീക്ഷയോടെ നോക്കാനുള്ള ആത്മവിശ്വാസം കൂടിയാണ്. ഓട്ടമത്സരത്തിനുമുമ്പ് ഒരു കുട്ടി പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ മറ്റൊരു കുട്ടി ചോദിച്ചു. ”നീ എന്താണ് ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, ജയിക്കാനുള്ള അനുഗ്രഹമാണോ?” കുട്ടി മറുപടി പറഞ്ഞു. ”ജയിപ്പിക്കണമേയെന്നല്ല, തോറ്റു പോയാലും അതിനെ ഓര്‍ത്ത് കരയാതിരിക്കാന്‍ അനുഗ്രഹിക്കണമേയെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. നമ്മുടെ കുഞ്ഞുങ്ങളെയൊക്കെ ഇനി എന്നുമുതലാണ് ഇപ്രകാരമൊന്നു പ്രാര്‍ത്ഥിക്കാന്‍ ശീലിച്ചു തുടങ്ങുന്നത്?.

മത്സരങ്ങളില്‍ വിജയിക്കുന്നവരെയും ജീവിത രംഗങ്ങളില്‍ ഉയര്‍ച്ച നേടുന്നവരെയും നല്ല വാക്കുപറഞ്ഞ് അഭിനന്ദിക്കാന്‍ നമുക്കാവണം. നാം വിജയിക്കുകയും മറ്റുള്ളവര്‍ തോറ്റുപോവുകയും ചെയ്തെങ്കില്‍ തോറ്റവരെ സ്നേഹത്തോടെ ആശ്വസിപ്പിക്കാനും ‘സാരമില്ല, better luck next time’ എന്നു പറയാനും നമുക്കാവണം. എങ്കിലേ കളികള്‍ക്കു ശേഷവും സൗഹൃദവും പരസ്പര സ്നേഹവും നിലനില്‍ക്കുകയുള്ളൂ. പൊരുതിത്തോറ്റവര്‍ വിജയം നേടിയവരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുമ്പോള്‍ സത്യത്തില്‍ അവര്‍ കളിയില്‍ മാത്രം തോറ്റവരും മനസില്‍ തോല്‍ക്കാത്തവരുമാണ്. കളിയില്‍ മാത്രമല്ല, മനസിലും തോല്‍ക്കുന്നിടത്താണ് യഥാര്‍ത്ഥ തോല്‍വി സംഭവിക്കുന്നത്. കളികളില്‍ മാത്രമല്ല, ജീവിതത്തിലും ഇതുതന്നെയാണ് സത്യം. ജീവിത മത്സരങ്ങളില്‍ ഒപ്പം മത്സരിക്കുന്നവര്‍ മികച്ച നേട്ടങ്ങളുണ്ടാക്കുമ്പോള്‍ അവരെ അഭിനന്ദിക്കാന്‍ നമുക്കാവണം. ‘അസൂയ മൂത്ത അയല്‍ക്കാരന്റെ ദിവാസ്വപ്നങ്ങ’ളില്‍ കഴിയാതെ, വീഴ്ച പറ്റിയെങ്കില്‍ അതില്‍ മനം മടുക്കാതെ തോല്‍വിയെ പരിശോധിച്ച്, തോല്‍വിയുടെ കാരണം കണ്ടെത്തി അവയെ ഭാവിയില്‍ ഒഴിവാക്കാനുള്ള ഗൃഹപാഠം ചെയ്യുന്നെങ്കില്‍ സംശയിക്കേണ്ട, അടുത്ത വിജയം നിങ്ങളുടേതാണ്.

കയ്യാങ്കളിയിലേയ്ക്ക് പോകാതെ കാര്യങ്ങള്‍ പഠിക്കാനുള്ള മാര്‍ഗ്ഗമായി നമ്മുടെ കളികള്‍ മാറട്ടെ. നന്മയും അനുഗ്രഹവും നിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 52’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.