രാധാകൃഷ്ണൻ മാഞ്ഞൂർ
1981 ജൂൺ മാഞ്ഞൂർ വി .കെ .വി .എം .എൻ. എസ് .എസ് .ഹൈസ്കൂളിൽ പുതിയ അദ്ധ്യയന വർഷം ആരംഭം.
ഞാനടക്കമുള്ള കുറച്ചു കുട്ടികൾ മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂളിൽ നിന്നും 8-ാം ക്ലാസിലേക്ക് പറിച്ചു നടപ്പെട്ടു .എൻ .എസ് .എസ് സ്കൂളിൽ എനിക്ക് പരിചയ മുഖങ്ങളൊന്നുമില്ലായിരുന്നു.
ബഞ്ചിൽ ആരോടും മിണ്ടാതിരുന്ന എനിക്ക് മുന്നിലേയ്ക്കൊരു ചുരുളൻ മുടിക്കാരൻ വന്നു പരിചയപ്പെട്ടു.
‘ എന്റെ പേര് കൃഷ്ണൻകുട്ടി ‘
ഔപചാരികതയുടെ മുഖാവരണങ്ങളില്ലാതെ ഒരു കുട്ടി സ്വയം പരിചയപ്പെടുത്തിയത് പുതിയൊരു അനുഭവമായി .
ഞാനും പേരു പറഞ്ഞു, ചിരിച്ചു.
പിറ്റേദിവസം ഉച്ചയ്ക്ക് മുൻപ് വന്ന സരസ്വതിയമ്മ ടീച്ചറാണ് ഒരു നിർദ്ദേശം വച്ചത് .
“ഇനി നമുക്കൊരു പാട്ടു കേൾക്കാം … കൃഷ്ണാ നീയൊരു പാട്ടുപാടിയ്ക്കേ …”
ടീച്ചർ പറഞ്ഞുതീർന്നതും എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്നലെ പരിചയപ്പെട്ട ചങ്ങാതി ഒരു മടിയും കൂടാതെ എഴുന്നേറ്റു നിന്ന് ഒരു ചലച്ചിത്ര ഗാനം പാടുകയാണ് .
“ഹൃദയം ദേവാലയം … പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം”
ഗാനത്തിൻറെ ആരോഹണത്തിലും അവരോഹണത്തിലും ലയിച്ചു നിന്നു പാടിയ ആ സ്നേഹിതനാണ് പിന്നീട് പ്രശസ്ത ഗായകനും സിനിമാ സംഗീത സംവിധായകനുമായ കെ. ജി. കൃഷ്ണൻകുട്ടി . (കെ.ജി. കൃഷ്ണ)കിഴക്കേ തേവലക്കര ഗവൺമെൻറ് യുപിസ്കൂൾ , ഗവൺമെൻറ് യുപിഎസ് ചവറ സൗത്ത് എന്നീ സ്കൂളുകളിൽ 27 വർഷം സംഗീത അദ്ധ്യാപകനായി ജോലിചെയ്തു. 2022 മാർച്ച് 31 -ന് ജോലിയിൽ നിന്നും വിരമിച്ചു.
സൗഹൃദങ്ങൾ നിലക്കണ്ണാടികളാണ്. നമ്മുടെ തന്നെ പ്രതിബിംബം സൃഷ്ടിക്കുന്ന നിലക്കണ്ണാടി .
പ്രതീകവത്ക്കരിയ്ക്കപ്പെട്ട ഈ സുഹൃത് ബന്ധത്തിന് സ്നേഹത്തിൻറെ ,അഭിരുചികളുടെ സമാനതകളുണ്ടായിരുന്നു.
കാലം തെറ്റിയെത്തുന്ന വേനൽ മഴ പോലെയാണ് കെ.ജി.കൃഷ്ണയുടെ വരവും പോക്കും.ഈ ഇൻറർവ്യൂ അങ്ങനെ അപ്രതീക്ഷിതമായി പിറന്നുവീണതാണ് … തികച്ചും യാദൃശ്ചികം … കരുനാഗപ്പള്ളിയിലെ റിട്ടയർമെൻറ് യോഗത്തിന്റെ തിരക്കിനിടയിൽ തന്റെ പ്രിയപ്പെട്ട കുട്ടികളുടെ സ്നേഹവാത്സല്യങ്ങൾക്കു നടുവിൽ നിന്നാണ് കെ.ജി.കൃഷ്ണ വന്നത്.
ജീവിതമെന്ന ക്ഷണിക വൈകാരികതയ്ക്കപ്പുറം തൻറെ കർമ്മമണ്ഡലത്തെ കൃത്യമായി വിലയിരുത്തുകയായിരുന്നു ഇവിടെ … സാമ്പ്രദായിക സംഗീത പഠനരീതികൾ പിൻപറ്റി കുട്ടികളുടെ പ്രിയപ്പെട്ട സംഗീത ഗുരുനാഥനായത് അമ്മയോടുള്ള ആത്മബന്ധങ്ങൾ , ജീവിതത്തിലെ സങ്കട മഴകൾ, … എല്ലാം ഇവിടെ തുറന്നു പറയുന്നു…
ചോദ്യം :- ഇരുപത്തിയേഴു വർഷത്തെ അദ്ധ്യാപന ജീവിതത്തെ എങ്ങനെ കാണുന്നു?
ഉത്തരം :- 1995 ൽ സർവീസിൽ കയറി . ഞാൻ പഠിച്ചത് ശാസ്ത്രീയസംഗീതം അത് കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നത് മറ്റൊരു ജീവിത നിയോഗം … ഇതു ശരിക്കും ഞാൻ ആസ്വദിച്ചു ചെയ്ത ജോലിയാണ് . ഒരു പൂന്തോട്ടത്തിലെ പല വർണ്ണങ്ങളിലുള്ള പൂക്കൾ എന്നു പറയുന്നതു പോലെയാണ് കുട്ടികൾ . അവർക്ക് പല അഭിരുചികളുണ്ടാവും. അവരോട് സ്നേഹത്തോടെ മാത്രം പെരുമാറുക . ചില കുട്ടികൾക്ക് സംഗീതത്തേക്കാൾ അവർക്ക് ശോഭിക്കാനാവുന്നത് മറ്റെന്തെങ്കിലും കളികളിലാവും. ഞാനവരെ അതിലേക്ക് വഴിതിരിച്ചു വിടും.
ചോദ്യം :- നിരവധി കാസറ്റുകൾക്ക് സംഗീതം പകരുകയും, ഗാനങ്ങൾ പാടുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ ?
ഉത്തരം :- 1986 മുതൽ 90 വരെയുള്ള കാലഘട്ടം കാസെറ്റുകളുടേതായിരുന്നു . പിന്നീടത് സിഡി കാലഘട്ടത്തിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു.
നിരവധി കാസറ്റുകൾക്ക് ഈണം പകർന്നു, ഗാനങ്ങൾ പാടി . ജയപ്രകാശ് സാലിയുടെ ഗായത്രി കാസെറ്റ്സ് , ബിനോയിയുടെ പ്രതീക്ഷ കാസെറ്റ്സ് എന്നീ വമ്പൻ കമ്പനികൾക്കു വേണ്ടിയായിരുന്നു കൂടുതലും പ്രവർത്തിച്ചത്. അതൊരു തിരക്കുപിടിച്ച കാലമായിരുന്നു. ഭക്തിഗാനങ്ങൾ, മ്യൂസിക് ആൽബങ്ങൾ അങ്ങനെ നിരവധി പ്രോജക്റ്റുകൾ .
85 പരം കാസറ്റുകളിലായി തൊള്ളായിരത്തിനു മുകളിൽ ഗാനങ്ങൾക്ക് ഈണം പകരാനും കുറെ ഗാനങ്ങൾ ആലപിക്കാൻ സാധിച്ചു . ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏറെ അഭിമാനം തോന്നാറുണ്ട്. സംഗീതത്തിനു വേണ്ടി ഇത്രയൊക്കെ ചെയ്യാൻ സാധിച്ചുവല്ലോയെന്നത് സംതൃപ്തിയേകുന്നു … കോട്ടയം ജില്ലയിൽ മേമ്മുറി എന്ന ഗ്രാമത്തിൽ ജനിച്ച് സംഗീതമെന്ന മഹാസാഗരത്തിനു മുന്നിൽ അൽഭുതപ്പെട്ടു നിൽക്കുന്ന വെറുമൊരു കുട്ടിയാണു ഞാൻ …
ചോദ്യം :- ജാനകിയമ്മയെപ്പോലെയുള്ള ഇതിഹാസവുമൊത്തുള്ള ഓർമ്മകൾ ?
ഉത്തരം :- 2001 ൽ ‘ദക്ഷിണ ‘ യെന്ന കാസെറ്റിൽ ജാനകിയമ്മ പാടി .
ഞങ്ങൾ ജാനകിയമ്മയുടെ പാട്ട് റിക്കോർഡ് ചെയ്യാൻ മദ്രാസിലെത്തി. ഞങ്ങൾ ചെല്ലുന്ന ദിവസം ജാനകിയമ്മയുടെ മകൻറെ കുട്ടിയുടെ പിറന്നാളാണ്. പ്രിയപ്പെട്ട ഗായിക പൂജാമുറിയിൽ പ്രാർത്ഥനയിലാണ് . കുറച്ചുകഴിഞ്ഞ് ഇറങ്ങിവന്നത് ഞങ്ങൾക്കുള്ള പായസവുമായാണ് . ലോകം മുഴുവൻ ആരാധിക്കുന്ന ആ മഹാഗായികയ്ക്കു മുന്നിൽ നിന്നപ്പോൾ അൽപ്പം അമ്പരപ്പുണ്ടായിരുന്നു.
പിറ്റേദിവസം 2 പാട്ടുകൾ അവർ പാടി . ഞങ്ങൾ കൊണ്ടുപോയ ഗാനം അവർ തെലുങ്കിലേക്ക് പകർത്തിയെഴുതി. പിന്നീടത് ശുദ്ധമലയാളത്തിൽ പാടുകയാണ് ചെയ്തത് . (അവരന്ന് എഴുതിയെടുത്ത മ്യൂസിക് നോട്ട് ഞാനിന്നും പൊന്നു പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരു ഗാനം കേട്ടു പഠിക്കുമ്പോൾ അവർ കാണിക്കുന്ന ശ്രദ്ധയും, കരുതലും നാം കണ്ടു പഠിക്കണം. സംഗീതത്തെ ഈശ്വര തുല്യമായി കാണുന്ന ആ സമീപനം എന്നെ അമ്പരപ്പിച്ചു. പാടുമ്പോൾ ആ ചുണ്ടുകൾ മാത്രം ചലിക്കും. നമ്മുടെ ചില ഗായകർ ശരീരമിളക്കി തലയിട്ടളക്കി റിക്കോർഡിങ് റൂം പൊളിക്കുന്നതു പോലുള്ള കോപ്രായങ്ങൾ കാണിക്കുമ്പോൾ ചിരി വരാറുണ്ട്. ‘ ദക്ഷിണ ‘ യിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു . സുജാതയും, ഞാനും ഇതിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.’ മരിയൻ ഡിജിറ്റ്സ് ‘ ഇത് റീപ്രൊഡക്ഷൻ ചെയ്തിറക്കിയിട്ടുണ്ട്.
ചോദ്യം :- ജാനകിയമ്മയോടുള്ള ആരാധന കുട്ടിക്കാലം മുതലുണ്ടായിരുന്നോ?
ഉത്തരം :- ആ ആരാധനയ്ക്കു പുറകിൽ എൻറെ അമ്മയുണ്ട്. അമ്മ നന്നായി പാടുമായിരുന്നു. എൻ്റെ ചെറുപ്രായത്തിൽ തന്നെ ഞങ്ങളുടെ അച്ഛൻ മരിച്ചു.അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. ഞാനിപ്പോഴും ഓർക്കുന്നു ഞങ്ങളുടെ മേമ്മുറിയിലെ വീടിൻറെ തിണ്ണയിലിരുന്ന് രാത്രിയിൽ അമ്മ പാടിയ ഹിറ്റ് ഗാനം ” പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു പട്ടുറുമാലു കെട്ടി ഞാൻ ” … അമ്മ ശരിക്കും ലയിച്ചു പാടും. ഞാനും , ചേട്ടനും ഇത് കേട്ടു കൊണ്ട് ഉറങ്ങിയ കാലമുണ്ട്. അമ്മയുടെ പാട്ടിലെ ആ രാജകുമാരിയെ അന്ന് മനസ്സിൽ കുടിയിരുത്തിയതാണ്.
അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്നെ ക്ലാസിക് സംഗീതം പഠിപ്പിക്കുകയെന്നതായിരുന്നു. ആ സ്വപ്നത്തിന്റെ തുടർച്ചയിൽ ഞാനൊരു എളിയ ഗായകനായി, സംഗീത ഗുരുനാഥനായി, മ്യൂസിക് ഡയറക്ടറായി …
‘ ദക്ഷിണ ‘യ്ക്കു കരാർ ഒപ്പിട്ടപ്പോഴെ തീരുമാനമെടുത്തു രണ്ടു ഗാനമെങ്കിലും ഇതിഹാസ ഗായികയെ കൊണ്ട് പാടിപ്പിക്കണമെന്ന് … അതൊരു സ്വപ്ന പൂർത്തീകരണം കൂടിയായിരുന്നു. എൻറെ ജീവിതം മുഴുവൻ സംഗീതമായിരുന്നു … എന്നെ പുനർനിർമ്മിച്ചത് സംഗീതമാണ് …
ചോദ്യം :- വയലാർ ശരത്ചന്ദ്രവർമ്മയുമായുള്ള സൗഹൃദം ?
ഉത്തരം :- വയലാർ ശരത്ചന്ദ്രവർമ്മയുമൊത്ത് ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. ബിനോയിയുടെ പ്രതീക്ഷ കാ സെറ്റ്സിനുവേണ്ടി ‘ മണ്ഡല പുണ്യം’ എന്ന വർക്ക്, അതിൽ കെ. ജി മാർക്കോസാണ് പാടിയിരിക്കുന്നത്. പിന്നീടത് വേണുഗോപാലും, എം.ജി. ശ്രീകുമാറുമൊക്കെ പാടി . ശരത്ചന്ദ്രവർമ്മ എനിക്കുവേണ്ടി മുപ്പതോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ചോദ്യം :- ഏതൊക്കെ ഗായകരുമായി സഹകരിച്ചിട്ടുണ്ട് ?
ഉത്തരം :- കെ .എസ് ചിത്ര, സുജാത , വേണുഗോപാൽ, എം. ജി ശ്രീകുമാർ , കെസ്റ്റർ ,മധു ബാലകൃഷ്ണൻ , കെ. ജി മാർക്കോസ് , ഉണ്ണിമേനോൻ, റീന മുരളി, ലേഖാ നായർ , മനീഷ തമിഴിൽ നിന്ന് സ്വർണലത , ഉണ്ണികൃഷ്ണൻ , മനോ അങ്ങനെ നിരവധി പ്രശസ്തർക്കൊപ്പം വർക്കു ചെയ്യാൻ സാധിച്ചു.
ചോദ്യം :- പാട്ടുകൾ ഈണം പകർന്നതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗാനം ഏതാണ് ?
ഉത്തരം :- കെ .എസ് ചിത്രയും ഞാനും ചേർന്നു പാടിയ ഒരു ഡ്യൂയറ്റുണ്ട് – ” നിൻ നീല നയനങ്ങൾ പുൽകിയുറങ്ങുന്ന ” ഈ ഗാനം ഏറെ പ്രിയപ്പെട്ടതാണ് .
ചോദ്യം :- സംഗീത രംഗത്തേയ്ക്ക് വരുന്നവർക്ക് എന്തെങ്കിലും ഉപദേശങ്ങൾ ?
ഉത്തരം :- സംഗീതം ശാസ്ത്രീയമായി പഠിക്കണം. കീർത്തനവും, വർണ്ണവുമൊക്കെ ആഴത്തിൽ പഠിച്ചേ പറ്റൂ . നമ്മുടെ ദാസേട്ടനൊക്കെ ശാസ്ത്രീയമായ് ഏതു രാഗത്തെയും തൊട്ടറിയുന്നതിന്റെ കാര്യം ഒന്ന് ശ്രദ്ധിച്ചുനോക്കൂ. ഏതു രാഗത്തിലും അതിൻറെ ഉൾക്കാമ്പു കണ്ടെത്താനുള്ള ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാവുന്നത്. ഏതെങ്കിലും ഒരു താളവാദ്യം അഭ്യസിക്കുന്നത് നല്ലതാണ് . സംഗീതം സംബന്ധിച്ചുള്ള ഏതുകാര്യവും ഉപാസനയോടെ ചെയ്യാൻ ശ്രമിക്കുക. ധാരാളം പുസ്തകങ്ങൾ വായിക്കുക. നല്ല ഹൃദയത്തിൽ നിന്നേ നല്ല പാട്ടുകൾ ഉണ്ടാവൂ. ശുദ്ധ ഹൃദയത്തിൽനിന്ന് ആനന്ദത്തിന്റെ നീരുറവയുണ്ടാവും.
ചോദ്യം :- പുതിയ സംഗീത പ്രോജക്ടുകൾ ഏതൊക്കെയാണ്?
ഉത്തരം :- പ്രശസ്ത ഗാനരചയിതാവ് ശ്രീരാഗം ഷാജി സംവിധാനം ചെയ്യുന്ന ഒരു സിനിമ , മലയാളത്തിലെ പ്രശസ്തയായ ഒരു നടി നായികയാവുന്ന ‘മഴമരങ്ങൾ ‘ എന്ന സിനിമ ,രണ്ട് ഡോക്യുമെൻററി സിനിമകൾ ഇതൊക്കെയാണ് പുതിയ പ്രോജക്റ്റുകൾ .
ചോദ്യം :- നല്ല ഗാനങ്ങൾ പിറക്കുന്നില്ല എന്നൊരു പരാതി സിനിമാ ലോകത്തുണ്ട് . ഈ വിഷയത്തെ എങ്ങനെ സമീപിക്കുന്നു?
ഉത്തരം :- നല്ല ഗാനങ്ങൾ എഴുതാൻ നല്ല കവികൾ ഇല്ലാതാവുന്നതാണ് പ്രശ്നം. നല്ല ഗാനത്തിലാണ് നല്ല ഈണത്തിന്റെ അസ്ഥി . ബാക്കി മജ്ജയും, മാംസവുമൊക്കെ മ്യൂസിക് ഡയറക്ടർ നിർമ്മിക്കുന്നതാണ് . ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളറിഞ്ഞ് ഗാനങ്ങളെഴുതാൻ കവി തയ്യാറാകുമ്പോൾ നല്ല സംഗീതം പിറക്കാൻ വഴിതെളിയും. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ ‘ എന്നഗാനം ശ്രദ്ധിച്ചുനോക്കൂ. നാടൻ പാട്ടിൻറെ വശ്യതയിൽ വളരെ ഫാസ്‌റ്റായിട്ട് പാടിയ ഗാനം . ആ ഗാനത്തിന്റെ രചനയിൽ ഒരു ശിൽപ്പഭദ്രതയുണ്ട്. അതാണ് ആ ഗാനത്തിൻറെ വിജയം.
ഭാര്യ :- ഗീത കൃഷ്ണ (കോട്ടയം മെഡിക്കൽ കോളേജിൽ കാർഡിയാക് തെറാപ്പി ഡിപ്പാർട്ട്മെൻറ് )
മകൾ :- ശ്രുതി കൃഷ്ണ ബി.എസ്.സി – നേഴ്സ് തിരുവനന്തപുരം
മകൻ :- സൂരജ് കൃഷ്ണ .എം.എസ്.സി ഫിസിക്സ് . ബാംഗ്ലൂർ ഐടി മേഖലയിൽ വർക്ക് ചെയ്യുന്നു.
സംഗീത് കൃഷ്ണ ണ – ബി കോം , ടാക്സ് കൺസൾട്ടേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
കെ.ജികൃഷ്ണയുടെ ഫോൺ നമ്പർ 9496944807/95268 247 46
ഉപരേഖ
ഒരു വർഷം മുമ്പ് ഒരു സിനിമ ചർച്ചയുമായി ബന്ധപ്പെട്ട് കെ. ജി. കൃഷ്ണ എന്റെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വന്നു. ‘ മഴമരങ്ങൾ ‘ എന്ന എന്റെ കഥാ സിനിമയാക്കണം. ഇതായിരുന്നു ആവശ്യം .ഞാൻ സമ്മതിച്ചു. പക്ഷെ രണ്ടാമത്തെ ആവശ്യം എന്നെ ഞെട്ടിച്ചു.” രാധേ , ഇതിൻറെ തിരക്കഥ നീ എഴുതണം.”
ഞങ്ങളുടെ മറ്റൊരു പ്രോജക്റ്റ് മുടങ്ങിപ്പോയതിന്റെ ജാള്യതയിൽ തിരക്കഥ എഴുതില്ലെന്ന് ഞാൻ ശഠിച്ചു.
” നമ്മൾ നമ്മുടെ ജീവിതത്തെ മാറ്റി തീർത്തില്ലെങ്കിൽ പിന്നെ ആരാണതു ചെയ്യുക. നീ എഴുതിയേ പറ്റൂ . ” കെ. ജി പറഞ്ഞ ആ വാക്കുകൾ എൻറെ മനസ്സു മാറ്റി. ഞാൻ തിരക്കഥയെഴുതി. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെയും കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട . ചങ്ങാതിക്ക് ഹൃദയാഭിവാദ്യങ്ങൾ
മാഞ്ഞൂർ എൻഎസ്എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സ്റ്റാർസ് ഓഫ് ’83 (1983 എസ് എസ് എൽ സി ബാച്ച് – ബി ഡിവിഷൻ) 10-4- 2022 പകൽ 11മണിക്ക് കെ.ജികൃഷ്ണയുടെ കപിയ്ക്കാട്ടെ വസതിയിലെത്തി ആദരിക്കുന്നു.. ഞങ്ങളുടെ ഈ വാട്സ്ആപ്പ്
ഗ്രൂപ്പിനെപ്പറ്റി വിശദമായ് അടുത്ത ലക്കത്തിൽ വായിക്കാം.
Leave a Reply