രാധാകൃഷ്ണൻ മാഞ്ഞൂർ

സിനിമ സംവിധായകൻ്റെ കലയാണ്, നൂറു ശതമാനം സംവിധായകൻ്റെ മാത്രം … – സത്യജിത്ത് റേ . ഗ്രാമങ്ങളിലെ സിനിമാശാലകൾ കോവിഡ് വ്യാപനത്തോടെ നിശ്ചലങ്ങളായി. കാഴ്ചയുടെ ഭ്രമാത്മക ഭൂമിക സൃഷ്ടിച്ചിരുന്ന തിയേറ്ററുകൾ സാമൂഹികാനുഭവങ്ങളുടെ പൊതുവിടങ്ങളായിരുന്നു. തിരശ്ശീലയിൽ കാണുന്ന നായകനും, നായികയും നമ്മളിലാരൊക്കെയോ ആണെന്നു ഊറ്റം കൊണ്ടിരുന്ന മലയാളി സന്തോഷങ്ങളിലും സന്താപങ്ങളിലും സിനിമയെ ചേർത്തുപിടിച്ചു.

നമ്മുടെ പൊതുശീലങ്ങൾ പലതും കോവിഡ് മഹാമാരി തകർത്തെറിഞ്ഞു. ആഘോഷങ്ങളും , ആൾക്കൂട്ടങ്ങളും പാടില്ലെന്നുള്ള ഭരണകൂട നിർദേശങ്ങൾ സിനിമാ തിയേറ്ററുകളുടെ തകർച്ചയ്ക്ക് കാരണമായി. സവിശേഷമായ ഈ ലോക യാഥാർത്ഥ്യത്തിനു നടുവിൽ നമ്മുടെ മലയാള സിനിമയും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

പുതിയ കാലത്തിൻറെ കാഴ്ചകളോട് പൊരുത്തപ്പെട്ട് നാം 0.T.T പ്ലാറ്റ്ഫോമുകളിൽ കൂടി സിനിമ റിലീസ് ചെയ്തു തുടങ്ങി . സിനിമാ കൊട്ടകയുടെ ഒഴിഞ്ഞ സ്പെയ്സിലേക്കാണ് 0.T.T പ്ലാറ്റ്ഫോമുകൾ ഉയർന്നുവന്നത്.

പുതുമയുടെ ശബ്ദവും അടയാളങ്ങളും സിനിമയിൽ പരീക്ഷിക്കുന്ന ഒരുപറ്റം സിനിമാ പ്രവർത്തകർ വളർന്നു വരുന്നുണ്ട്. മാറുന്ന മലയാള സിനിമാ സങ്കൽപ്പങ്ങളോട് പ്രതിബദ്ധതയും, ആത്മസമർപ്പണവുമുള്ള ഇവരിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം.

ഇതു മിഥുൻ മനോഹർ .

മലപ്പുറം ജില്ലയിൽ കോട്ടയ്ക്കൽ സ്വദേശി. ‘ പാട്ടുപെട്ടി ‘ എന്ന സിനിമ (നിർമാതാക്കളില്ലാതെ ) മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച് O.T.T പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു വിജയിപ്പിച്ചെടുത്ത സംവിധായക പ്രതിഭ. മിഥുൻ മനോഹറിന്റെ ചിത്രരശ്മി ബുക്സുമായി സഹകരിക്കുന്ന കുറച്ച് സാഹിത്യ സഹൃദയ സുഹൃത്തുക്കളുണ്ട്, ചില സിനിമാ ചങ്ങാതികളുണ്ട്. വലിയ മുടക്കു മുതലുകളില്ലാതെ ഒരു സിനിമ എങ്ങനെയെടുക്കാമെന്ന് ഇവർ നമ്മോട് വിളിച്ചു പറയുന്നു. ഒരു വലിയ നിശ്ചയദാർഢ്യത്തിന്റെ കരുതലിൽ നിന്നാണ് ‘ പാട്ടു പെട്ടി ‘ പിറന്നതെന്ന് സംവിധായകൻ മിഥുൻ മനോഹർ പറയുന്നു.

മിഥുൻ മനോഹർ

ചോദ്യം :- ഏറെ വർഷം മലയാളം തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായ് പ്രവർത്തിച്ച താങ്കൾ കുറച്ചുകാലത്തെ നിശബ്ദതയ്ക്കു ശേഷമാണല്ലോ ഇൻഡസ്ട്രിയിൽ സജീവമാകുന്നത് ?

നമ്മുടെ സിനിമാ വ്യവസായം പണത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോയി. വളരെ എയർകണ്ടീഷൻണ്ടായിട്ടുള്ള ഒരു ഭാവമാറ്റം വന്നുകഴിഞ്ഞു .

ഷൻഡായിട്ടുള്ള ഒരു ഭാവമാറ്റം വന്നു കഴിഞ്ഞു. സിനിമയുടെ മെയിൻസ്ട്രീമിൽ നിന്നും ഒന്ന് മാറിനിൽക്കാൻ തീരുമാനിച്ചു. മലപ്പുറം കോട്ടയ്ക്കലിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്തു . ‘ ചിത്രരശ്മി ബുക്സ് ‘ എന്ന പേരിൽ കോട്ടയ്ക്കലിൽ ഒരു പ്രസാധന വിതരണ സ്ഥാപനം തുടങ്ങി.

381 ടൈറ്റിലുകൾ ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു. ‘ ചിത്രശമി ബുക്സ് ‘ എന്നു പേരിട്ടത് തന്നെ എൻറെ അച്ഛനാണ്. ഇന്നു മലയാളത്തിലെ എണ്ണം പറഞ്ഞ പല എഴുത്തുകാരുടെയും പുസ്തകങ്ങൾ ഞങ്ങളിലൂടെ പുറത്തുവന്നുകഴിഞ്ഞു.

 

ചോദ്യം :- രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം രംഗത്തു പ്രവർത്തിച്ച താങ്കൾ എന്തുകൊണ്ടാണ് ഷോർട്ട് ഫിലിം രംഗത്തേക്ക് ചുവട് മാറ്റിയത് .

കാര്യങ്ങൾ പരത്തി പറയുന്നതിലും ഇഷ്ടം , ചെറുതിനുള്ളിൽ സൂക്ഷിക്കുന്ന വലിയ കടലിനോടായിരുന്നു പ്രിയം… ഉദാഹരണം വിലാസിനിയുടെ ‘അവകാശികൾ ‘ എത്രയോ തടിച്ച പുസ്തകമാണ് … അതു മുഴുവൻ ഓർത്തുവയ്ക്കുമോ നമ്മൾ . പക്ഷെ എംടിയുടെ ‘ മഞ്ഞ് ‘ നോക്കൂ. കാച്ചികുറുക്കി അതിന്റെ സത്ത് മാത്രം നമുക്ക് മുൻപിൽ വച്ചു തരുന്നു…

ഇടയ്ക്ക് കുറച്ചു ഷോർട്ട് ഫിലിമുകൾ ‘ചിത്രരശ്മിയുടെ ‘ യൂട്യൂബ് ചാനലിൽ കൂടി പുറത്തിറക്കിയിരുന്നു. എന്തുകൊണ്ടൊ കേരളീയർ ഷോർട്ട് ഫിലിമുകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല ..

ചോദ്യം :- ‘പാട്ടുപെട്ടി ‘ എന്ന ഒന്നേകാൽ മണിക്കൂർ സിനിമ O.T .T പ്ലാറ്റ്ഫോമിൽ വളരെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് കോവിഡ് പടർന്നു നിൽക്കുന്ന പ്രതികൂല സാഹചര്യത്തിലും എങ്ങനെയാണ് മികച്ച വിജയം കൈവരിച്ചത് ?

ഷോർട്ട് ഫിലിം പ്രവർത്തനം , പുസ്തക പ്രസാധനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി നിൽക്കുമ്പോഴാണ് കഥാകൃത്ത് ഭാസ്കരൻ കരിങ്ങപ്പാറയുടെ കഥ ശ്രദ്ധയിൽപ്പെട്ടത് . അദ്ദേഹത്തിൻറെ ഗ്രാമത്തിൽ നടന്ന ഒരു സംഭവകഥ . ഏതാണ്ട് എൺപതുകളുടെ തുടക്കത്തിലായിരുന്നു ആ സംഭവ കഥ . ഗായകനായ ഒരു ചെറുപ്പക്കാരന്റെ പ്രണയ നിരാസങ്ങളുടെ കഥ : പ്രേമൻ എന്ന ഗായകനും സരിത എന്ന പേരുള്ള ടീച്ചറുമാണ് കേന്ദ്ര കഥാപാത്രങ്ങൾ . സമൂഹത്തിനുമുന്നിൽ പ്രണയിച്ചു പോയെന്നുള്ള ഒരു തെറ്റ് മാത്രം. പാട്ടും പ്രണയവുമൊക്കെയായി തീവ്രാനുരാഗത്തിന്റെ ദിനങ്ങൾ പുനസൃഷ്ടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചോദ്യം :- നിർമ്മാതാക്കളില്ലാത്ത സിനിമ എന്നൊരു വിശേഷണം …? ഇതൊന്നു വിശദമാക്കാമോ ?

അതെ . ‘ പാട്ടുപെട്ടി ‘ ആ ഗണത്തിൽ പെടുന്ന സിനിമയാണ്. ഒരേ മനസ്സുമായി പ്രവർത്തിച്ച ഞങ്ങളുടെ കൂട്ടായ്മയിലാണ് ഫണ്ട് ഉണ്ടാവുന്നത്. ക്യാമറകൾ സ്വന്തമായിട്ടുള്ളവർ ഞങ്ങൾക്കു സൗജന്യമായി തന്നു സഹകരിച്ചു. മറ്റൊന്നു കൂടിയുണ്ട് മൂന്നു ദിവസം കൊണ്ട് സിനിമ ചിത്രീകരിക്കാൻ സാധിച്ചു . മൂവി ക്യാമറയും അനുബന്ധ യൂണിറ്റുമൊക്കെ പരിമിതമായ ദിവസം കൊണ്ട് സജ്ജമാക്കിയതിനു പുറകിൽ കഠിനപ്രയത്നമുണ്ട്.

ചോദ്യം :- ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരു ഹൈലൈറ്റാണ്. ആരാണ് രചന ? ഗായകർ ആരൊക്കെയാണ് ?

ഗാനരചന നടത്തിയത് മധു ആദ്രശ്ശേരി , സുധാകരൻ ചുലൂർ എന്നിവരാണ് . സുരേഷ് ചെറുകോട് , ബിജു ടി സി എന്നിവരാണ് ഗായകർ. കോട്ടയ്ക്കൽ മുരളി സംഗീതം നൽകി.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ?

സിനിമയിലെ നായകൻ പ്രേമനെ അവതരിപ്പിച്ച ആർ .കെ . താനൂർ നൂറോളം ഷോർട്ട് ഫിലിമുകളിലും, ഇരുനൂറോളം തെരുവു നാടകങ്ങളിലും അഭിനയിച്ച കലാകാരനാണ്. ഊർമ്മിള കോട്ടയ്ക്കലാണ് നായിക. അവരും മികച്ച അഭിനേത്രിയാണ്.

ചോദ്യം :- ‘ പാട്ടുപെട്ടി ‘ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത അനുഭവം എന്തെങ്കിലും ?

പരപ്പനങ്ങാടിയിൽ സിനിമയുടെ ചിത്രീകരണത്തിനായി ഒരു പഴയ കെട്ടിടം ഞങ്ങൾ കണ്ടെത്തിയിരുന്നു. സിനിമ ഷൂട്ടിംഗിനായി അവർ കൊടുക്കില്ലന്നു പറഞ്ഞതാണ്. പിന്നീട് ഉടമസ്ഥർ ഞങ്ങൾക്ക് കെട്ടിടം വിട്ടുതന്നു. തടികൊണ്ട് നിർമ്മിച്ച പഴയ ഇരുനില മാളിക . പൊടിപിടിച്ചു കിടന്ന ആ മാളികയുടെ ചരിത്രം അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് . മലയാളത്തിന്റെ ലക്ഷണമൊത്ത നോവൽ ‘ ഇന്ദുലേഖ ‘ ഒ . ചന്ദുമേനോൻ എഴുതിയത് ഈ കെട്ടിടത്തിലിരുന്നാണ്.

(പരപ്പനങ്ങാടിയിലെ മുൻസിഫ് കോടതിയിൽ മജിസ്ട്രേറ്റ് ആയി ജോലി ചെയ്തിരുന്ന കാലത്ത് .) ഞാനെൻറെ സഹപ്രവർത്തകരോട് ഇതൊരു ചരിത്രം നിമിഷമാണെന്നു പറഞ്ഞു. ‘ ഇന്ദുലേഖ ‘യുടെ പിറവിക്കു കാരണമായ കെട്ടിടത്തിൽ നമുക്കും ഒരു സിനിമ ചിത്രീകരിക്കാൻ പറ്റുന്നത് ഒരു ഭാഗ്യമാണ് .

പിന്നെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട് മൂന്നുദിവസംകൊണ്ട് ഒരു സിനിമയോ ? എന്നു പുഛിച്ചവർ നിരവധി യുണ്ടായിരുന്നു. അവരൊക്കെ പിന്നീട് ഞങ്ങളെ വിളിച്ച് അഭിനന്ദിച്ചു, അംഗീകാരങ്ങൾ നൽകി. ഇതൊക്കെ സന്തോഷം നൽകുന്നു.

ചോദ്യം :- പുതിയ സിനിമാ പ്രോജക്ടുകൾ ?

മലയാളത്തിലും , തമിഴിലുമായി ഒരു ചിത്രം ഒരുങ്ങുന്നു. അത് അഞ്ചു ദിവസം കൊണ്ട് ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ. 90 ദിവസം കൊണ്ട് സിനിമ ചിത്രീകരിച്ച് നിർമ്മാതാവിന്റെ പോക്കറ്റ് കാലിയാക്കുന്ന സംവിധായകരോട് എനിക്ക് യോജിപ്പില്ല. കാരണം ഫ്രെയിം ടു ഫ്രെയിമായി ഉള്ളിൽ സിനിമയുണ്ടെങ്കിൽ വെറും അഞ്ചു ദിവസം കൊണ്ട് ഫീച്ചർ ഫിലിം ചിത്രീകരിക്കാനാവും. ഇതെന്റെ അനുഭവമാണ് .

മിഥുൻ മനോഹറിൻറെ ഫോൺ നമ്പർ :- 9061437123

ഉപരേഖ

‘ പാട്ടുപെട്ടി’ സിനിമയും, മനോഹരഗാനങ്ങളും ഇതോടൊപ്പം നൽകിയിരിക്കുന്നു . (യൂ ട്യൂബ് ലിങ്ക് .)