രാധാകൃഷ്ണൻ മാഞ്ഞൂർ
ഇഷ്ടമുള്ള പാട്ടുകൾ എക്കാലവും നമ്മുടെ മനസ്സിൽ വേരുകളാഴ്ത്തി നിൽക്കും . സ്ഥലകാല ബോധങ്ങളില്ലാത്ത ചില നേരത്ത് മനസ്സിലേക്ക് കടന്നു വരും. എത്ര പെട്ടെന്നാണ് നാം ആ പഴയ കാലത്തെ ഓർത്തെടുക്കാൻ ശ്രമിക്കുന്നത്.
ഈ അടുത്ത കാലത്ത് കുമളിയിലേയ്‌ക്കൊരു ബസ് യാത്ര നടത്തി. ബസ്സിനുള്ളിൽ ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലെ ഗാനം . മറ്റാരുമല്ല പ്രിയപ്പെട്ട ജാനകിയമ്മ പാടി അനശ്വരമാക്കിയ “ആടി വാ കാറ്റേ, പാടി വാ കാറ്റേ” എന്ന ഹിറ്റ് ഗാനം. വണ്ടിയിപ്പോൾ പാമ്പനാർ എത്തിനിൽക്കുന്നു. ചുറ്റിനും തേയിലത്തോട്ടങ്ങളുടെ സായാഹ്ന ഭംഗി. ചിത്രത്തിൽ ഊട്ടിയുടെ മനോഹാരിതയിലാണ് ഈ ഗാനം ചിത്രീകരിച്ചത്.
ഒരു നിമിഷം ഞാനും ഊട്ടിയിലാണെന്ന് വിചാരിച്ചു പോയി. ജാനകിയുടെ ശബ്ദം ഉച്ചസ്ഥായിലെത്തിനിൽക്കുന്നു. പതിയെ ഈ ഗാനം എന്നിലേക്ക് അരിച്ചിറങ്ങി.
ഇപ്പോൾ ഞാൻ നിൽക്കുന്നത് 85′ ലെ പ്രീഡിഗ്രി കാലത്താണ്. കുറവിലങ്ങാട് ദേവമാതാ കോളജിലെ മൂന്നാം നിലയിലെ ഓഡിറ്റോറിയം. അവിടെ കൊച്ചിൻ കലാഭവൻെറ ഗാനമേള. സ്റ്റേജിൽ സെൽമ ജോർജ് പാടുന്നു. ‘ആടി വാ കാറ്റേ….. പാടി വാ കാറ്റേ’…. ജാനകിയമ്മ അവരിൽ പരകായ പ്രവേശം നടത്തിയതുപോലെ… എത്ര സുന്ദരമായി അവർ പാടിയിരിക്കുന്നു.
ഓഡിറ്റോറിയത്തിലെ നിലയ്ക്കാത്ത കയ്യടി ഇന്നും ഓർക്കുന്നു. ഏപ്രിൽ മാസത്തിലെ ചൂടുകാറ്റ് കൊമേഴ്സ് ബിൽഡിങ് കടന്ന് വീശുന്നുണ്ട്. ഞങ്ങളുടെ പ്രീഡിഗ്രിക്കാലം അവസാനിക്കാറായിരുന്നു . ക്യാമ്പസിലെ പ്രിയ ചങ്ങാതികൾ, കൗമാര ബഹള കാലം ….എല്ലാം ഒരു നിമിഷം ഓർത്തു. ഏറ്റവും സുന്ദര നിമിഷങ്ങൾക്ക് മുകളിൽ ആണ് ആ ഗാനം എന്നിൽ ആവേശിച്ചു നിൽക്കുന്നത്. ഒരു ഗാനം എത്ര പെട്ടെന്നാണ് നമ്മുടെ ചിന്തകളെ മാറ്റി തീർക്കുന്നത്.
മറ്റൊരു പാട്ടോർമ്മ എൻറെ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന തോംസൺ തിയേറ്റർ സമ്മാനിക്കുന്നതാണ് . അവിടെയും ഗായിക ജാനകിയമ്മ തന്നെ . ‘തൃഷ്ണ’ യെന്ന ചിത്രത്തിലെ ‘ശ്രുതിയിൽ നിന്നുയരും…. നാദശലഭങ്ങളെ ‘ എന്ന പ്രശസ്ത ഗാനം. വൈകുന്നേരം ഷോ തുടങ്ങുംമുൻപ് വയ്ക്കുന്ന പ്രധാന ഗാനങ്ങളിലൊന്നാണിത്. ജാനകിയമ്മ പാട്ടുമായി അകത്തേയ്ക്ക് പോയി കഴിഞ്ഞാൽ സിനിമ ‘ന്യൂസ് റീൽ ‘ തൊട്ട് തുടങ്ങുകയായി. ഇതൊരു അലിഖിത നിയമമാണ്. അകത്തു പാട്ട് വച്ചു ഇനി രക്ഷയില്ല എന്ന വേവലാതിയിൽ ഇരുവേലിയ്ക്കൽപ്പാലം മുതൽ സിനിമ തീയറ്റർ വരെ ഓടിയ ചരിത്രമുണ്ട്. നഷ്ടം കൊണ്ട് കുറുപ്പുന്തറ തോംസൺ തിയേറ്റർ പൊളിച്ചുമാറ്റിയെങ്കിലും ഞങ്ങൾ ഗ്രാമീണജനതയുടെ മനസ്സിൽ ഇന്നും ആ തീയേറ്ററുണ്ട്….. സത്യനും, നസീറും, ഷീലയുമൊക്കെ സജീവമാക്കിയ ആ ദിനങ്ങളുണ്ട്, ജാനകിയമ്മയുടെ ആ പാട്ടുകളുണ്ട്.
ഉപരേഖ
ഒരുദിവസം ബുദ്ധൻ പ്രഭാഷണത്തിനായി ഒരുങ്ങുകയായിരുന്നു. ആ നേരത്ത് ഒരു പക്ഷി വാതിൽക്കൽ നിന്ന് മനോഹരമായി പാടാൻ തുടങ്ങി. ഗാനത്തിൻ്റെ ലയ ഭംഗിയിൽ ബുദ്ധനും പ്രകൃതിയും ലയിച്ചു. പക്ഷി പാട്ട് നിർത്തിയപ്പോൾ വല്ലാത്തൊരു നിശബ്ദത അവിടമാകെ പടർന്നു. അന്നദ്ദേഹം ഒന്നും സംസാരിച്ചില്ല . നിശബ്ദത തന്നെ ഒരു പ്രഭാഷണമായി മാറി. ആ നിശബ്ദതയിലൂടെ അദ്ദേഹം സംവദിച്ചു. പക്ഷിയുടെ ഗാനം ബുദ്ധനിൽ അത്രമേൽ സ്വാധീനിച്ചു.
Leave a Reply