രാധാകൃഷ്ണൻ മാഞ്ഞൂർ
അമേരിക്കൻ പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച സമ്മാനിക്കുന്ന ഒരു ചെറുകഥയെപ്പറ്റിയാണ് പറഞ്ഞുവരുന്നത് . ക്യാപ്റ്റൻ ഇത്താക്ക് ചാക്കോ . മലയാളം ബി. എ . എന്ന കഥ – ഇത്താക്ക് ചാക്കോ , ബി .എ . മലയാളം ബിരുദക്കാരൻ . അപ്പിഹിപ്പി സ്റ്റൈൽ . സാഹിത്യത്തിൽ കമ്പമുള്ളവൻ. കള്ളുകുടിയൻ. പൂർണിമ പോൾ പൂമംഗലം എന്ന അമേരിക്കൻ മലയാളി വനിതയെ കെട്ടി ഏഴാംകടലിനക്കരെ താമസം തുടങ്ങി. അമേരിക്കയിൽ ചെന്നിട്ടും കള്ളുകുടി അവസാനിപ്പിക്കാതെ ജീവിതം ആഘോഷിച്ചു നടന്നു. ഒടുവിൽ പൂർണിമ പോൾ ഇത്താക്ക് ചാക്കോയെ ഉപേക്ഷിക്കുന്നു. വീണ്ടും നാട്ടിലെ പഴയ ഉപഷാപ്പിൽ കയറി കള്ളു പൂശി മാനം, നോക്കി കിടന്ന ഇത്താക്ക് ചാക്കോയുടെ ജീവിതചിത്രം വായനക്കാർ മറക്കില്ല. മലയാളിയുടെ പൊങ്ങച്ച ജീവിതങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ഈ കഥ ” ഷിക്കാഗോയിലെ മഞ്ഞ് ‘ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു. (ലോഗോസ് ബുക്സ്, പാലക്കാട് )
“പ്രിയ മിസ്റ്റർ ഇത്താക്ക് അറിയുവാൻ, ഇത്താക്കു ചേട്ടൻറെ മാനസാന്തരത്തിൽ എനിക്കതിയായ സന്തോഷമുണ്ട്. ചേട്ടനറിയാമല്ലോ ഞാനിപ്പോൾ ദൈവത്തിൻറെ കുഞ്ഞാണ് . കർത്താവിനെ തന്നെ പ്രതിശ്രുതവരനായി സ്വീകരിച്ചു കഴിഞ്ഞു . ഇനിയൊരു തിരിച്ചുപോക്ക് എനിക്കാവില്ല..”
– ( ക്യാപ്റ്റൻ ഇത്താക്ക് ചാക്കോ . മലയാളം ബി.എ. എന്ന ചെറുകഥയിൽ നിന്ന്)
ഇനി കഥ എഴുതിയ വ്യക്തിയെ പരിചയപ്പെടുത്താം.
തമ്പി ആൻറണി . പ്രശസ്ത മലയാളം, ഹോളിവുഡ് താരം. നടൻ ബാബു ആൻറണിയുടെ ജേഷ്ഠൻ . അൽപത്തഞ്ചാം വയസ്സിലാണ് കഥയെഴുത്തും സിനിമാ അഭിനയവും ആരംഭിക്കുന്നത്.
തമ്പി ആൻറണി എഴുതിയ പ്രവാസലോകത്തെ കഥകൾ വളരെ ശ്രദ്ധേയമാവുന്നു . ശുദ്ധഹാസ്യത്തോടെ കേരളവും, അമേരിക്കയും പശ്ചാത്തലമായി വരുന്ന ഈ കഥകളിൽ ഇരു സംസ്കാരങ്ങളുടെയും നന്മതിന്മകൾ വെളിവാക്കി തരുന്നു. എല്ലാം നോക്കി കാണുന്ന മലയാളി മനസ്സിന്റെ സ്നേഹസ്പർശം അകം പൊള്ളി വീഴുന്നു. മനുഷ്യ മനസ്സിൻറെ ഉഭയ ജീവിതങ്ങളെ വ്യക്തമാക്കി തരുന്ന നാൽപ്പതോളം കഥകൾ തമ്പി ആൻറണി മലയാളിക്ക് സമ്മാനിച്ചു കഴിഞ്ഞു.
തമ്പി ആൻറണിക്ക് പൊൻകുന്നം പബ്ലിക് ലൈബ്രറി ഒരു പൗര സ്വീകരണം നൽകി.
ഇനി എഴുത്തുകാരൻ പറയട്ടെ .
വർഷങ്ങൾക്കു മുൻപേ പാലാ സെൻറ് തോമസ് കോളേജിൽ ബി.എ. മലയാളം മുഖ്യവിഷയമായി പഠിക്കാൻ തീരുമാനിച്ചാണ് ചെല്ലുന്നത്. വീട്ടുകാർ എൻറെ തീരുമാനത്തിന് മാറ്റം വരുത്തിച്ചു. ബി എസ് സി യ്ക്ക് ചേർത്തു. ഒ. വി വിജയന്റെ ‘ഖസാക്കിൻറെ ഇതിഹാസം ‘ എന്ന നോവൽ എന്നെ വിസ്മയിപ്പിച്ച കാലമായിരുന്നു അത്. അതിലെ വാചകങ്ങൾ ഉരുവിട്ടു നടക്കുമായിരുന്നു . രചനാ വഴികളിൽ എം മുകുന്ദനും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പൊൻകുന്നം പബ്ലിക് ലൈബ്രറിയിലെ സ്ഥിരം വായനക്കാരനായിരുന്നു.
പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പയും ‘ പൊൻകുന്നം ദാമോദരന്റെ ‘പച്ചപ്പനം തത്ത ‘ എന്ന കവിതയും പ്രിയപ്പെട്ടതായി .
കോതമംഗലം എൻജിനീയറിംഗ് കോളേജിൽ നിന്നും പഠനം പൂർത്തിയായി.
പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായി . പ്രിയപ്പെട്ട എഴുത്തുകാരെ അന്നും കൂടെ കൂട്ടി. ബഷീറും, പി . കുഞ്ഞിരാമൻ നായരും , എം. ടിയും , മാധവിക്കുട്ടിയും , മലയാറ്റൂർ രാമകൃഷ്ണനും , സക്കറിയയും , മേതിലും എഴുത്തു വഴികളിൽ പ്രീയപ്പെട്ടവരായി. എൻറെ കഥകൾ, കഥാപാത്രങ്ങളോടൊപ്പമുള്ള അനിശ്ചിതമായ ഒരു യാത്രയാണ്. കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ ഞാൻ പോലുമറിയാതെ കഥാപാത്രങ്ങളായി വരുന്നു . Every Journey is determined by uncertainty എന്നല്ലേ . ഈ അനിശ്ചിതത്വത്തിന്റെ ഒരു പൂർത്തീകരണമാകാം എന്റെ കഥകളും കഥാപാത്രങ്ങളും .
ആദ്യം നായകനായി അഭിനയിച്ച ഇംഗ്ലീഷ് സിനിമയായ ‘ ബിയോണ്ട് ദ സോൾ ‘ എന്ന ചിത്രത്തിലെ പ്രൊഫസർ. ആചാര്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഹോണ ലുലു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല നടനുള്ള അവാർഡ് കിട്ടിയിരുന്നു. അഭിനയത്തിന് അന്താരാഷ്ട്ര ബഹുമതി കിട്ടിയതുമൊക്കെ യാദൃശ്ചികം മാത്രമാകാം. അനുജൻ ബാബു ആൻറണിക്ക് ശേഷം സിനിമയിൽ അഭിനേതാവായി വന്നതുകൊണ്ടാവാം എനിക്കു പോലും പ്രശസ്തിയുടെ ത്രിൽ ഒക്കെ നഷ്ടപ്പെട്ടിരുന്നു.
ഇപ്പോൾ ‘ കാരൂരിന്റെ ‘ ‘ പൊതിച്ചോറ് ‘ എന്ന ചെറുകഥ പ്രശസ്ത സംവിധായകൻ രാജീവ് നാഥ് സിനിമയാക്കുന്നു. ‘ഹെഡ്മാസ്റ്റർ ‘ എന്ന പേരിൽ. ഈ ചിത്രത്തിൽ എന്നോടൊപ്പം അനുജൻ ബാബു ആൻറണിയും, പഴയകാല നായിക ജലജയുടെ മകളും അഭിനയിക്കുന്നു. ഈ സിനിമ എനിക്ക് ഒരുപാട് പ്രതീക്ഷകൾ തരുന്നു. അഭിനയത്തിന്റെ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.
തമ്പി ആൻറണി
തെക്കേക്കുറ്റ് ആൻറണിയുടെയും മറിയാമ്മയുടെയും മൂന്നാമത്തെ മകൻ. പൊൻകുന്നത്ത് ജനനം. ഇപ്പോൾ കാലിഫോർണിയയിൽ സാൻഫ്രാൻസിസ്കോയിൽ ആലരോ എന്ന ചെറു പട്ടണത്തിൽ സ്ഥിരതാമസം.
ഭാര്യ :- പ്രേമ .
മക്കൾ :- നദി ,സന്ധ്യ, കായൽ
കഥാസമാഹാരങ്ങൾ :- വാസ്കോഡിഗാമ ,പെൺ ബൈക്കർ മരക്കിഴവൻ
നോവൽ :- ഭൂതത്താൻ കുന്ന് .
കവിതാസമാഹാരം :- മല ചവിട്ടുന്ന ദൈവങ്ങൾ .
നാടക സമാഹാരം: – ഇടിച്ചക്ക പ്ലാമൂട് പോലീസ്റ്റേഷൻ .
ഉപരേഖ
വാസ്കോഡി ഗാമക്ക് ‘ബ്രിട്ടീഷ് മലയാളി ‘ പുരസ്കാരം, ബഷീറിൻറെ പേരിലുള്ള ‘അമ്മ മലയാളം ‘ പുരസ്കാരം, ബിയോണ്ട് ദ സോൾ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം .
മലയാള ചിത്രങ്ങളായ പളുങ്ക്, സൂഫി പറഞ്ഞ കഥ , ഇൻ ഗോസ്റ്റ് ഹൗസ് ഇൻ , ജാനകി , പാപ്പലീയോ ബുദ്ധ , ഇവൻ മേഘരൂപൻ എന്നിവയിൽ പ്രധാന വേഷങ്ങൾ ചെയ്തു .
സാൻഫ്രാൻസിസ്കോ ബേ ഏരിയ മലയാളി അസോസിയേഷൻ (MACA ) അമേരിക്കയിലെ സാഹിത്യ സംഘടനയായ ഘാന എന്നിവയുൾപ്പെടെ പല സാംസ്കാരിക സംഘടനകളിലും സജീവം.
നന്മേ നേരുന്നു
ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയ രാധയ്ക്ക്അ ഭിനന്ദനങ്ങൾ…ഒപ്പം പുതിയ ഒട്ടേറെ അറിവുകൾക്കും.. നന്ദി.. സ്നേഹം….
കൊച്ചേ..നന്നായിട്ടൊണ്ട്. ഇപ്പോഴാ ഇങ്ങനെ ഒരാളെക്കുറിച്ചു അറിയുന്നത്… സന്തോഷം… ഇനിയും എഴുതു.. ❤❤❤
തമ്പി ആൻറണിയെപ്പറ്റിയുള്ള കുറിപ്പ് ഗംഭീരമായി ‘മലയാള സാഹിത്യ- കലാലോകത്ത് വളരെ വൈകിയെത്തുകയും പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്ത ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ മക്കളുടെ പേര് ശ്രദ്ധിക്കൂ ശരിക്കും മലയാളിത്തം തുളുമ്പുന്ന പേരുകൾ. RD യുടെ കുറിപ്പുകളിലെല്ലാം വ്യത്യസ്തതകളുണ്ട്. കൃത്യമായ സമയത്തെ ഉചിതമായ തെരഞ്ഞെടുപ്പുകളാണ് അവയെല്ലാം. ആശംസകൾ, അഭിനന്ദനങ്ങൾ
Thank you all for the appreciation and comments