രാധാകൃഷ്ണൻ മാഞ്ഞൂർ

മാർച്ച് സ്കൂൾ , കോളേജു ക്യാമ്പസുകൾക്ക് വേർപാടുകളുടെ കാലം.

കൗമാരക്കാർക്ക് പത്താം ക്ലാസിന്റെ ചുറ്റുവട്ടത്തു നിന്ന് വിരമിക്കാൻ സമയമാവുന്ന കാലമാണിത്. എസ് എസ് എൽ സി എന്ന കടമ്പയ്ക്കൊപ്പം ആരൊക്കെ എവിടെയൊക്കെ എത്തിച്ചേരുമെന്ന ആശങ്കകൾ പിടിമുറുക്കുന്നു.

മഹാകവി കാളിദാസൻറെ സാഹിത്യ പിന്മുറക്കാർ അവതരിക്കുന്ന ഓട്ടോഗ്രാഫ് താളുകൾ നാമെങ്ങനെ മറക്കും ….?

“നീയെന്നെ മറന്നാലും, ഞാൻ നിന്നെ മറക്കില്ല” എന്ന ക്ലീഷേ കവി വാചകം എഴുതി എന്നെ ഞെട്ടിച്ച ചങ്ങാതിയ്ക്ക് എൻറെ തിരിച്ചറിയൽ രേഖ കൂടി കാണിച്ചപ്പോഴാണ് എന്നെ മനസ്സിലായത് ! മറവിയുടെ ചില്ലു ജാലകം തുറന്ന് ഓർമ്മകൾ ഭൂതകാല ഭിത്തിയിൽ സ്ഥാനംപിടിക്കും… അതാണ് ഓട്ടോഗ്രാഫിന്റെ ധർമ്മം.

കോളേജ് ക്യാമ്പസുകളിൽ ഡിഗ്രിക്കാർക്ക് മാർച്ച് , ഏപ്രിൽ മാസങ്ങൾ സ്റ്റഡി ടൂർ , പരീക്ഷപ്പനികൾ ഹോസ്റ്റൽ മുറി ഉപേക്ഷിക്കൽ അങ്ങനെ നിരവധി നൊമ്പരങ്ങൾ …..

തൃശ്ശൂർ ജില്ലയിൽ പഴയ പ്രതാപം തുളുമ്പി നിൽക്കുന്ന ഒരു കലാലയത്തിലെ പൂർവ്വ വിദ്യാർഥി തൻറെ ക്യാമ്പസ് നൊമ്പരം പങ്കിട്ടു. 1989 -ലെ ഡിഗ്രിക്കാലം തീരുകയാണ്. എക്സാം കഴിഞ്ഞ് ഹോസ്റ്റൽ മുറി ഒഴിഞ്ഞു പോവുന്ന ആ ദിവസം ….

ആ പകൽ ദിവസം എല്ലാവരും ഹോസ്റ്റൽ വരാന്തയിൽ ഒത്തുകൂടി . ഹോസ്റ്റൽ മുറിയുടെ രണ്ടാം നില പടർന്നു നിൽക്കുന്ന ബൊഗേയ്ൽവില്ല ചെടി….. ചെറിയ കണ്ണിമാങ്ങ പറച്ചു തിന്നിരുന്ന പേരില്ലാമാവ്…..

അവയെല്ലാം നാളെമുതൽ അന്യമാകുമല്ലോ എന്നോർത്തപ്പോൾ ആകെ സങ്കടം.

89′ ലെ മാതൃഭൂമി കലണ്ടറിൽ ആദ്യമായും അവസാനമായും ഞാനൊരു സങ്കടക്കുറിപ്പെഴുതി “ഞങ്ങളുടെ ഹോസ്റ്റൽ മുറിക്ക് വിട …. ഇനി പുതിയ മെമ്പർക്ക് സ്വാഗതം .”

എന്റെ സഹമുറിയൻ രസികനായ സന്തോഷ് കൃഷ്ണനായിരുന്നു. (അവനിപ്പോൾ പാലക്കാട് പോലീസ് സേനയിൽ ജോലി ചെയ്യുന്നു. ) പുതിയ ചന്ദ്രികാ സോപ്പിന്റെ കവറിനുള്ളിൽ ഒരു കത്തെഴുതി വച്ചിട്ടാണ് മുറി പൂട്ടി ഇറങ്ങിയത്

സോപ്പു കൂടിനുള്ളിലെ കത്തിൽ എന്താണ് എഴുതിയത് ? “ഞാൻ തിരക്കി”

“അളിയാ ഞാനൊരു തമാശ കാണിച്ചു. ഒരു കത്തെഴുതി”. പ്രിയപ്പെട്ട ചങ്ങാതി ഈ സോപ്പ് താങ്കൾക്കുള്ളതാണ്. ഈ ഹോസ്റ്റൽ മുറി മൂന്നുവർഷം ഉപയോഗിച്ച ഒരു സീനിയർ വിദ്യാർഥി ഒരു ജൂനിയർ വിദ്യാർത്ഥിക്ക് തരുന്ന ‘ദക്ഷിണ.’ മൂന്നുവർഷം കഴിഞ്ഞ് നീ ഈ മുറി പൂട്ടിയിറങ്ങുമ്പോൾ ഇതുപോലൊരു സോപ്പ് കരുതി വയ്ക്കണം …..പുതിയ താമസക്കാരനായ് ….” വിചിത്രമായ കത്തിലെ വാചകങ്ങൾ പറഞ്ഞ് അവൻ ചിരിച്ചു.

“വർഷങ്ങൾ കഴിഞ്ഞ് നമുക്ക് ഇവിടെ വരണം …..നമ്മുടെ പഴയ ഈ ഹോസ്റ്റൽ മുറിയിൽ ഒരു രാത്രി ഉറങ്ങണം …. പഴയ ഓർമ്മകൾ തിരിച്ചുപിടിക്കണം ……”

അന്നാദ്യമായ് അവൻറെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു …..

അതെ ….മാർച്ച് വേർപാടുകളുടെ മാസം തന്നെയാണ്.

എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റ് വാങ്ങാൻ ചെന്ന എൺപതുകളിലെ ഒരു സായാഹ്‌നത്തെപ്പറ്റിയാണ് സെബാസ്റ്റ്യൻ എന്ന ( റിട്ടയേഡ് പട്ടാളക്കാരൻ ) സഹൃദയ സുഹൃത്ത് പറഞ്ഞത് . ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലായിരുന്നു സെബാസ്റ്റ്യന്റെ സ്കൂൾ പഠന കാലം. ഹാൾ ടിക്കറ്റ് വാങ്ങി പുറത്തേയ്ക്കിറങ്ങിയപ്പോൾ ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപിക മേരിയമ്മ എന്ന കന്യാസ്ത്രീ തൊട്ടുമുന്നിൽ. ‘സെബാസ്റ്റ്യ’ എങ്ങനെയുണ്ട് പഠിത്തം . എസ്എസ്എൽസിയാണ് മറക്കരുത്. പത്താംക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേരണം. പട്ടാളത്തിൽ ഒന്ന് നോക്കികൂടെ ….നല്ല പൊക്കമുണ്ടല്ലോ …. ഞാനെൻറെ വിദ്യാർഥികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ” എന്റെ ടീച്ചറിന്റെ ആ വാക്കുകൾ എന്നിലൊരു സ്വപ്നത്തിന് തുടക്കമിടുകയായിരുന്നു. ഒരിക്കൽപോലും ഭാവി ജീവിതത്തെ കുറിച്ച് ആലോചിക്കാത്ത ഞാനന്നുമുതൽ ദേശസ്നേഹം ചുര മാന്തുന്ന ഒരു പട്ടാളക്കാരനായി രൂപാന്തരം പ്രാപിച്ചു.

പ്രീഡിഗ്രി കഴിഞ്ഞ് മിലിട്ടറിയിൽ മൂന്നാമത്തെ ടെസ്റ്റിൽ കടന്നു കൂടി. ദീർഘനാൾ വടക്കേയിന്ത്യയിൽ കഴിഞ്ഞു. പിന്നീട് കാഞ്ഞിരപ്പള്ളിയിൽ താമസമുറപ്പിച്ചു. റിട്ടയർമെൻറ് ജീവിതം ആഘോഷിച്ചു നടക്കുമ്പോഴാണ് എൺപതുകളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നത്.

പഴയ സ്കൂൾ ചങ്ങാതികളെ കണ്ടപ്പോൾ ഞാൻ ആദ്യം തിരക്കിയത് മേരിയമ്മയെന്ന കന്യാസ്ത്രീ ടീച്ചറെയാണ്. ഞങ്ങളുടെയൊക്കെ ജീവിതത്തെ അർഹിക്കുന്ന രീതിയിൽ വഴിതിരിച്ചുവിടാൻ പ്രേരിപ്പിച്ച ആ നല്ല മനസ്സിൻറെ ഉടമസ്ഥയെ എങ്ങനെയും കണ്ടെത്തണം. ഒടുവിൽ ആ ശ്രമം വിജയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടുക്കി ജില്ലയിലെ തന്നെ ഒരു ഉൾഗ്രാമത്തിൽ വിശ്രമജീവിതം നയിക്കുകയാണ് ഞങ്ങളുടെ ഗുരുനാഥ .

ഗ്രൂപ്പിൻറെ ഭാഗമായ് ഞങ്ങൾ നാലുപേർ മാത്രമാണ് പോയത്.

കന്യാസ്ത്രീ മഠത്തിന്റെ വിസിറ്റേഴ്സ് റൂമിൽ ഞങ്ങളുടെ മേരിയമ്മ ടീച്ചർ കാത്തിരിക്കുന്നു.

ഞങ്ങൾ കൊണ്ടുചെന്ന ആപ്പിളും, ഓറഞ്ചുമൊക്കെ സ്നേഹത്തോടെ സ്വീകരിച്ചു . ഇടയ്ക്ക് മേരിയമ്മ എന്തൊക്കെയോ പുലമ്പുന്നുമുണ്ട്. കൂടെയുള്ള സിസ്റ്റർ ഞങ്ങളോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു.

” അമ്മയ്ക്ക് ഇടയ്ക്കിടെ ഓർമ്മക്കുറവുണ്ട് …സാരമില്ല നിങ്ങൾ സംസാരിച്ചോളൂ….”

ഞാൻ ആകെ വിഷണ്ണനായി .
ഇംഗ്ലീഷ് അദ്ധ്യാപികയായി ചുറുചുറുക്കോടെ നടന്ന അവരുടെ അധ്യാപന കാലം ഓർത്തെടുക്കാൻ ശ്രമിച്ചു. കാലം എത്ര ക്രൂരമായി നമ്മോട് പെരുമാറുന്നു ….? ഭൂതകാലത്തിന്റെ വഴിയമ്പലങ്ങളിൽ ഞാനെന്നെ തിരഞ്ഞു നടന്നു.

കുറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. ഇടയ്ക്ക് ഓർമ്മ വന്നപ്പോൾ എന്റെ വിദ്യാർത്ഥികളാണന്നു പറഞ്ഞ് അവർ കണ്ണീർ പൊഴിച്ചു.

ഞങ്ങൾ പറഞ്ഞതും വന്നതുമൊക്കെ മേരിയമ്മ കേട്ടിട്ടുണ്ടോ ആവോ …..

ആ കണ്ണുകളിൽ ഒരു തരം നിസ്സംഗത മാത്രം ….

എൻറെ കൂടെയുള്ള രാജീവും , മുരളിയും , ജോസഫുമൊക്കെ യാത്രപറഞ്ഞിറങ്ങുകയാണ്.

ഞാൻ മേരിയമ്മ ടീച്ചറിന്റെ കൈകളിൽ പിടിച്ച് യാത്ര ചോദിച്ചു.

ഞാനപ്പോൾ പഴയ ആ പത്താം ക്ലാസുകാരനായി മാറി ….. പട്ടാളക്കാരനാവാൻ ഉപദേശിച്ച ആ ദൈവദാസിയുടെ അനുഗ്രഹം തേടി .

എൻറെ കൈകളിൽ പിടിച്ച് മേരിയമ്മ ടീച്ചർ മഹാകവി ഇക്ബാലിന്റെ ആ ഗാനം പതിയെ മൂളുന്നതു കേട്ടു ….”

“സാരേ ജഹാം സേ അച്ഛാ….”

“എടാ സെബാസ്റ്റ്യാ നിന്നെ മനസ്സിലായിട്ടുണ്ട് …. ഭാഗ്യം ” ചങ്ങാതികൾ തിരിച്ചു വന്നിട്ടു എന്നോടു പറഞ്ഞു.

എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. കന്യാസ്ത്രീ മഠത്തിന്റെ ചുവരിൽ തൂക്കിയിരുന്ന ദീപിക കലണ്ടർ എന്നെ ഓർമിപ്പിച്ചു.

മാർച്ച് 14 .

അതെ …മാർച്ച് …. വേർപാടുകളുടെയും നൊമ്പരങ്ങളുടെയും കാലമാവുന്നു …… ഓർമ്മകൾ ചില്ലിട്ടു വയ്ക്കുന്ന ലൈബ്രറിയാവുന്നു.