ഫാ. ഹാപ്പി ജേക്കബ്

പ്രതീക്ഷ അറ്റ ജനത പ്രതീക്ഷയോടെ കാത്തിരുന്ന ദിവസം . വേദപുസ്തകത്തിൽ വലിയ പ്രവാചകൻമാർ നൂറ്റാണ്ടുകൾക്കു മുൻപേ പ്രവചിച്ചു. യശയ്യാ 62 : 11, സഖറിയ 9: 9 . സീയോൻ പുത്രിയേ ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക ; യെരുശലേം പുത്രിയേ ആർപ്പിടുക ! ഇതാ നിൻറെ അടുക്കൽ വരുന്നു ; അവൻ നീതിമാനും ജയശാലിയും താഴ്മ ഉള്ളവനുമായി കഴുതപ്പുറത്തും പെൺ കഴുതയുടെ കുട്ടിയായ ചെറു കഴുതപ്പുറത്തും കയറി വരുന്നു.

ഇന്നത്തെ ചിന്താവിഷയം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് വി. മത്തായി 21: 1 -11. താഴ്മയുടെ അടയാളമായ കഴുതയെ തിരഞ്ഞ് അതിന്റെ പുറത്ത് കയറി രാജകീയ യാത്ര നടത്തുമ്പോൾ എളിമയുടെ പ്രതീകമായി മാത്രമല്ല. കർത്താവിന് ആവശ്യമുള്ളവരെ തിരഞ്ഞെടുക്കുമ്പോൾ മനുഷ്യചിന്തയ്ക്ക് അപ്പുറമാണ്. ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരായ മത്സ്യത്തെ പിടിക്കുന്നവരെ ആയിരുന്നു. ധാരാളം പ്രത്യേകതകൾ ആ യാത്രയിൽ കാണാമായിരുന്നു.

ആ യാത്രയിൽ പങ്കുകാരായിരുന്നവർ ഒലിവിൻ ചില്ലകൾ കൈയിൽ ഏന്തിയിരുന്നു. വിജയത്തിൻറെ പ്രതീകമാണ് ഒലിവ് എങ്കിലും അതിനു അപ്പുറം വലിയ ഒരു അർത്ഥം നമുക്ക് നൽകിയിരുന്നു . മിശിഹാ അല്ലെങ്കിൽ അഭിഷിക്തൻ എന്ന നിലയിൽ അവനെ വെളിപ്പെടുത്തുന്നു. പഴയ നിയമ കാലത്ത് പ്രവാചകനായി പുരോഹിതനായി രാജാവായി അഭിഷേകം ചെയ്യുമ്പോൾ ഒലിവ് തൈലം ഉപയോഗിച്ചിരുന്നു. പിന്നീടുള്ള കാലത്ത് ഒലിവ് ഇല സമാധാനം ,സമ്പൽസമൃദ്ധി, ജയം എന്നിവയുടെ പ്രതീകമായിരുന്നു. അന്തിമവിജയം അത് മരണത്തിൻ മേലുള്ള വിജയം തന്നെ ആണെന്ന് ഈ പ്രവർത്തി സൂചിപ്പിച്ചു. ഹേ മരണമേ നിൻറെ ജയം എവിടെ ? ഹേ മരണമേ നിൻറെ വിള മുള്ള് എവിടെ ? 1 കോരി 15:55

അവൻ വിനീതനായ കഴുതയെ തിരഞ്ഞെടുത്തതിലും താൻ സമാധാന പ്രഭു എന്ന് പഠിപ്പിച്ചു. എളിമയും വിനയവും പ്രസംഗവിഷയം മാത്രമായ ഇന്ന് ജീവിതവും അങ്ങനെ ആവണം എന്ന് ക്രിസ്തു പഠിപ്പിച്ചു. അവർ ആർത്ത് വിളിച്ചു. ഹോശാന അതിൻറെ അർത്ഥം “കർത്താവേ ഇപ്പോൾ രക്ഷിക്കണമേ ” എന്നാണ്. കാത്തിരിപ്പിന്റെ വിരാമം, രോഗങ്ങളിൽ നിന്ന് മുക്തി , വിശപ്പിന് അപ്പം ,മരിച്ച ച്ച ലാസറിന് ജീവൻ. പിന്നെ വേറെ എന്ത് വേണം ജനത്തിന് തൃപ്തി വരാൻ . അവർ ആർത്ത് വിളിച്ച് അവനെ ആനയിച്ചു. ഒരു ദിവസം കഴിഞ്ഞപ്പോൾ ഇവർ തന്നെ ആർത്ത് വിളിച്ചത് അവനെ ക്രൂശിക്ക എന്നാണ്. എന്തൊരു വിരോധാഭാസം ! നാമം ഇതുപോലെ അല്ലെ . നമ്മുടെ ഓരോ കാര്യങ്ങളും നടത്തി തരുവാൻ ദൈവം വേണം. അതിന് ശേഷം എന്താണ് . സത്യത്തിൽ ഈ ജനം ഒരു ഭൗതീക രാജാവിനെ അല്ലേ ആഗ്രഹിച്ചത്. ഈ പ്രശംസയുടെ നടുവിലും ആരവങ്ങൾക്കിടയിലും കർത്താവ് യെരുശലേമിനെ നോക്കി വിലപിച്ചു. ഈ നാളിലെങ്കിലും സമാധാനത്തിനുള്ളത് നീ അറിഞ്ഞിരുന്നെങ്കിലും കൊള്ളാമായിരുന്നു. പ്രവാചകന്മാർ പറഞ്ഞതും, യോഹന്നാൻ പറഞ്ഞതും, കർത്താവ് പ്രസംഗിച്ചതും ശ്ലീഹന്മാർ പഠിപ്പിച്ചതും ഇന്നും ആവശ്യമായിരിക്കുന്നു. മാനസാന്തരപ്പെടുക. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ഇനി എങ്കിലും നാം മനസ്സിലാക്കണ്ടേ . കല്ലോട് കല്ല് ശേഷിക്കാത്ത കാലം വരും എന്ന് യെറുശലേമിനെ നോക്കി പറഞ്ഞത് എന്ത് കൊണ്ടാണ് നാം മനസ്സിലാക്കാതെ പോകുന്നു.

ഈ യാത്ര ആരംഭിക്കുന്നത് ലാസറിനെ ഉയർപ്പിച്ച ബഥാന്യയിൽ നിന്നായിരുന്നു. അവസാനിച്ചത് തന്റെ കുരിശു മരണത്തിലും . ഞാൻ തന്നെ പുനരുദ്ധാനവും ജീവനുമാകുന്നു എന്ന് ലാസറിന്റെ ഭവനത്തിൽ വച്ച് പ്രതിവചിക്കുന്നു. മരണത്തെ പോലും അതിജീവിക്കുവാൻ തനിക്ക് കഴിയും എന്ന് പറഞ്ഞത് ഇവിടെ ഈ യാത്രയുടെ അന്ത്യത്തിൽ യാഥാർത്ഥ്യം ആകുന്നു. നശിച്ച് പോകുന്ന ലോകത്തിനു വേണ്ടി യത്നിക്കുന്ന നമുക്ക് ഈ ഓശാന പെരുന്നാൾ നിത്യതയുടെ അനുഭവമാക്കി മാറ്റാൻ കഴിയില്ലേ . നമ്മുടെ അധരങ്ങൾ പൂട്ടപ്പെടുമ്പോഴും ഈ കല്ലുകൾ പ്രകൃതിതന്നെ സ്തുതിക്കും എന്ന് കർത്താവ് അരുളുന്നു.

ഈ ദിവസത്തെ ചിന്തകൾ ഒരു ഓർമ്മ മാത്രമല്ല. കാത്തിരുന്ന രാജാവിനെ ആനയിക്കുവാൻ നാമും കടന്നുവരണം. ഹോശാന പാടി അവനെ ഹൃദയങ്ങളിലേയ്ക്ക് ആനയിക്കാം. രാജോചിതമായി തന്നെ അവനെ സ്വീകരിക്കാം. കാരണം അവൻ നമ്മുടെ രാജാവ് തന്നെ . അവനിൽ മാത്രമല്ലേ രക്ഷയുള്ളൂ. അവനിൽ ഭരിക്കപ്പെടുകയും വിധേയപ്പെട്ട പ്രജയും നാം ആയാലേ ജീവിതം അനുഗ്രഹിക്കപ്പെട്ടതാകൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത് യഹോവ ഉണ്ടാക്കിയ ദിവസം . ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക. യഹോവേ ഞങ്ങളെ രക്ഷിക്കണമേ . യഹോവേ ഞങ്ങൾക്ക് ശുഭത തരണമേ. സങ്കീ: 118 :24 -25 . ഏവർക്കും സമാധാനത്തിന്റെ പ്രത്യാശയുടെ ഓശാന പെരുന്നാൾ ആശംസകൾ .

പ്രാർത്ഥനയോടെ

ഹാപ്പി ജേക്കബ് അച്ചൻ

 

  റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.