ഫാ. ഹാപ്പി ജേക്കബ്

വലിയ നോമ്പിൻറെ അനുഭവത്തിലേക്ക് നാം വീണ്ടും കടന്നു വരികയാണല്ലോ. ആത്മീകതയുടെ ബലം നൽകുന്ന അനുഭവം ആയ നോമ്പും ഉപവാസവും ഈ ദിനങ്ങളുടെ പ്രത്യേകതയാണ്. എന്തിനുവേണ്ടി എന്നൊരു ചോദ്യം നമ്മളിൽ ഉയരുകയാണെങ്കിൽ അതിൻറെ ഉത്തരം ആത്മീയമായ ഒരു ശിക്ഷണമാണ് നോമ്പ് നമുക്ക് തരുന്നത് . അതിൻറെ ഗുണഭോക്താവും നമ്മൾ തന്നെ. എന്നാൽ സഭയുടെ കല്പന മറന്ന് പിതാക്കന്മാരുടെ പഠിപ്പിക്കലുകളും പ്രമാണങ്ങളും മാറ്റി നമ്മുടെതായ ചിന്താഗതികളും നിൽക്കുമ്പോൾ വലിയ പ്രാധാന്യം കാണാൻ കഴിയില്ല. എന്നാൽ പാലിക്കുന്നവർക്ക് ഇത് പരിവർത്തനത്തിന്റെ ദിനങ്ങളാണ്.

ഏതൊരുവനും നോമ്പിലൂടെ യാത്ര ചെയ്താൽ അവന് ലഭിക്കുന്ന പരിവർത്തനത്തിന്റെ മൂല്യമാണ് ആദ്യദിനത്തിലെ വായനയിൽ നാം കാണുന്നത്. വി. യോഹന്നാൻ 2 : 1-11 വരെയുള്ള ഭാഗങ്ങളാണ് വായനാ ഭാഗം. രണ്ട് പ്രധാന ചിന്തകൾ നാം കാണുന്നു. എല്ലാവിധ പ്രശ്നങ്ങളിലൂടെ നാം കടന്നു പോകുമ്പോഴും അതിന്റെ പരിഹാരം ക്രിസ്തുവിൽ ഉണ്ട് എന്നുള്ളതും രണ്ടാമതായി നാം അവന്റെ ഹിതം അനുസരിച്ച് നമ്മെ തന്നെ ഏൽപ്പിച്ച് കൊടുത്താൽ അത്ഭുതകരമാംവിധം നമ്മുടെ മൂല്യത വർദ്ധിക്കുംഎന്നുള്ളതും ഈരണ്ട് കാര്യങ്ങളും നോമ്പിൻറെ അവസാനം ആണ് നാം മനസ്സിലാക്കുന്നതെങ്കിലും ആദ്യ ദിനത്തിൽ തന്നെ ഈ ചിന്തകൾ നമ്മെ നോമ്പിലേക്ക് കടത്തുന്നു.

കേവലം ജീവിതവുമായി പോകുന്ന ഓരോ ക്രിസ്ത്യാനിയും താൻ വെറും വെള്ളമായി ജീവിച്ച് പോകുമ്പോൾ എപ്പോഴെങ്കിലും നാം കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ ഇതുവരെയും രുചിച്ചിട്ടില്ലാത്ത മേൽത്തരം വീഞ്ഞിന്റെ ഗുണങ്ങളിലേക്ക് നാം എത്തുന്നു. പടിവാതിൽക്കൽ വരെ മാത്രം കടന്നു ചെല്ലുവാൻ കഴിയുമായിരുന്ന നമ്മെ അകത്തളങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു . നമ്മുടെ മൂല്യവർധന ഏവരാലും പ്രശംസിക്കപ്പെടുന്നതിന് കാരണവുമാകുന്നു. ഇവിടെ നാം കാണുന്നത് രൂപാന്തരം ക്രിസ്തുവിലൂടെ സാധ്യമാകുന്നതായിട്ടാണ്. നമ്മുടെ മൂന്നാം തിരിവും അത് ദൈവത്തിങ്കലേക്കുമാകുമ്പോൾ പരിവർത്തനം നമ്മിൽ സാധ്യമാകും.

രണ്ടാമതായി സ്വയത്തിലും ധനത്തിലും ഒക്കെയാണ് നാം ഇന്ന് പ്രശംസക്ക് പാത്രിഭവിക്കുന്നത്. എന്നാൽ ഈ ദിനം നമ്മെ പഠിപ്പിക്കുന്നത് പരിശുദ്ധ മാതാവിന്റെ വാക്കുകളിലൂടെയാണ് . അവൻ പറയുന്നത് പോലെ നിങ്ങൾ പ്രവർത്തിക്കുവിൻ. അനുസരണവും വിധേയത്വവും വിശ്വസ്തതയും ഒക്കെ ഇതിൻറെ വശങ്ങളാണ്. എവിടെ ഒക്കെ നാം സ്വയത്തിൽ പ്രശംസിക്കുന്നുവോ അവിടെയൊക്കെ ബലഹീനതയാണ് ഫലം .

അത്തരുണത്തിൽ നാം ചിന്തിക്കുമ്പോൾ ഈ നോമ്പ് നമ്മുടെ അനുഗ്രഹവും , നമ്മളിലൂടെ ദൈവം പ്രവർത്തിക്കുന്ന ദിനങ്ങളുമാണ്. അനുഗ്രഹത്തോടെ ഈ നോമ്പിനെ നമുക്ക് വരവേൽക്കാം. പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ

  

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.