ബിനോയ് എം. ജെ.

ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ളത് എന്താണ്? പണം? അധികാരം? പ്രശസ്തി? അല്ലെങ്കിൽ നാമെന്തിനു വേണ്ടി ജീവിക്കണം? ജീവിതത്തിന്റെ ലക്ഷ്യമെന്ത്? ആനന്ദമാകുന്നു (happiness) ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ളത്! അതുണ്ടെങ്കിൽ പണവും അധികാരവും പ്രശസ്തിയുമെല്ലാം താനെ വന്നുകൊള്ളും. അതില്ലാതെ പണവും അധികാരവും പ്രശസ്തിയുമെല്ലാം വ്യർത്ഥമാണ്. ജീവിതലക്ഷ്യം ആനന്ദമാണെങ്കിൽ അതിലേക്കുള്ള മാർഗ്ഗം വിശ്രാന്തിയുമാണ് .നിങ്ങൾ എത്രയധികം വിശ്രാന്തിയിലാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. നിങ്ങൾ ജീവിക്കുന്നുവോ മരിക്കുന്നുവോ എന്നുള്ളതല്ല. നിങ്ങളുടെ ജീവിതം വിശ്രാന്തിയിലാണെങ്കിൽ ആ ജീവിതം ഒരു വൻ വിജയമാണ്. മരിക്കുമ്പോൾ നിങ്ങൾ വിശ്രാന്തിയിലാണെങ്കിൽ ആ മരണവും വിജയം തന്നെ.

പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ വിശ്രാന്തി തകരുന്നു. ആഗ്രഹങ്ങൾ സഫലമാകാതെ വരുമ്പോൾ നമ്മുടെ വിശ്രാന്തി അപകടത്തിലാവുന്നു. ഇതിന്റെയർത്ഥം നാം വിശ്രാന്തിയേക്കാൾ കൂടുതൽ പ്രാധാന്യം പ്രശ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും കൊടുക്കുന്നു എന്നതാണ്. ഇതാണ് മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം. നിങ്ങൾക്ക് വിശ്രാന്തി വേണ്ടെങ്കിൽ അത് നിങ്ങൾക്ക് തരുവാൻ ദൈവത്തിനുപോലും സാധ്യമല്ല. നിങ്ങൾ അത് തീക്ഷ്ണമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അത് എളുപ്പത്തിൽ നേടിയെടുക്കുവാനും കഴിയും. മനുഷ്യന് വാസ്തവത്തിൽ വേണ്ടത് പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമല്ല. അങ്ങനെ ഒരു പരിഹാരം ഒരിക്കലും സംഭവിക്കുവാൻ പോകുന്നില്ല. മറിച്ച് പ്രശ്നങ്ങളിൽനിന്നെല്ലാം മുക്തമായ ഒരു ജീവിതമാണ്. ഇതിനെ വിശ്രാന്തി എന്ന് വിളിക്കാം. അതിന് സജ്ജമായ ഒരു മനസ്സാണ് വേണ്ടത്. എന്തൊക്കെ തന്നെ വന്നാലും ഞാൻ വിശ്രാന്തിയിൽ കഴിയും എന്ന് ദൃഢനിശ്ചയം ചെയ്യുക. എല്ലാത്തിനേയുംകാൾ പ്രാധാന്യം വിശ്രാന്തിക്ക് തന്നെ കൊടുക്കുക. അപ്പോൾ മനസ്സ് താനേ വിശ്രാന്തിയിലേക്ക് വന്നു കൊള്ളും.

ജീവിതത്തിന്റയും, അതിലെ ആഗ്രഹങ്ങളുടെയും ,പ്രശ്നങ്ങളുടെയും സുഖഭോഗങ്ങളുടെയും പിറകേ ഓടുമ്പോൾ മനസ്സിന്റെ വിശ്രാന്തി അപകടത്തിലാകുന്നു. അത് ആത്മഹത്യാപരമാണ്. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാണെങ്കിൽ നേട്ടങ്ങൾ കൊണ്ടെന്ത് പ്രയോജനം? നിങ്ങൾ ദുഃഖിതനാണെങ്കിൽ ലൗകിക വിജയങ്ങൾ കൊണ്ടെന്ത് പ്രയോജനം? അതൊന്നും വിജയങ്ങളല്ല. വിശ്രാന്തിയാകുന്നു യഥാർത്ഥമായ ജീവിതവിജയം. നിങ്ങൾ വിശ്രാന്തി അഭ്യസിക്കുവാൻ പഠിച്ചാൽ ജീവിക്കുവാൻ പഠിച്ചിരിക്കുന്നു. വിശ്രാന്തി യാവട്ടെ അഭ്യസിക്കുവാൻ എളുപ്പമുള്ളതും ക്ലേശരഹിതവുമാണ്. പണമുണ്ടാക്കുവാൻ ആവശ്യമുള്ളതിന്റെ നൂറിലൊന്ന് പ്രയത്നം മതിയാവും വിശ്രാന്തി അഭ്യസിക്കുവാൻ. ക്ലേശിച്ച് പണമുണ്ടാക്കിയിട്ടെന്ത് പ്രയോജനം? അത് നഷ്ടപ്പെടുമ്പോൾ നിങ്ങളുടെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമായിരിക്കും. ലൗകികമായ നേട്ടങ്ങൾ ഒന്നും ശാശ്വതമല്ല. മഠയന്മാരെ അവയുടെ പിറകേ ഓടൂ. നിങ്ങൾക്ക് ശാശ്വതമായ ജീവിതവിജയം വേണമെങ്കിൽ വിശ്രാന്തി അഭ്യസിക്കുവിൻ. മറ്റുള്ള വിജയങ്ങളെല്ലാം താത്കാലികങ്ങളും പരാജയത്തിന്റെ മുന്നോടിയുമാകുന്നു.

ലൗകിക ജീവിതത്തെ തിരഞ്ഞെടുക്കുന്നതിന് പകരം വിശ്രാന്തിയെ തിരഞ്ഞെടുക്കുവിൻ. തുടക്കക്കാർക്ക് ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ലൗകിക ജീവിതത്തിലാണ് വിശ്രാന്തി കിടക്കുന്നതെന്ന് അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. മനുഷ്യർ പണത്തിന്റെയും പ്രശസ്തിയുടെയും പിറകെ ഓടുന്നത് സന്തോഷം കൊതിച്ചുകൊണ്ടാണ്. വാസ്തവത്തിൽ ലൗകിക ജീവിതത്തിന് നിങ്ങളുടെ ആനന്ദത്തെ കൂട്ടുവാനോ കുറക്കുവാനോ ഉള്ള കഴിവില്ല. നിങ്ങൾക്ക് എന്നും ശരാശരി ആനന്ദത്തിൽ തന്നെ കഴിയാം. എന്നാൽ ആനന്ദത്തെ വർദ്ധിപ്പിക്കുവാൻ ഒരു(ഒരേയൊരു) മാർഗ്ഗമുണ്ട്. അത് വിശ്രാന്തിയാകുന്നു. വിശ്രാന്തിയിലൂടെ നിങ്ങൾക്ക് അനന്താനന്ദത്തിലേക്ക് ചുവട് വക്കാം. അതിനെ നിങ്ങളിൽ നിന്നും എടുത്തു കളയാൻ ആർക്കും കഴിയുകയില്ല. ലൗകിക വസ്തുക്കളെ നിങ്ങളിൽ നിന്നും എടുത്തു കളയാൻ ബാഹ്യലോകത്തിന് കഴിഞ്ഞേക്കാം. നിങ്ങളാവട്ടെ ബുദ്ധിപൂർവ്വം അവയിൽ നിന്നും മനസ്സിനെ അടർത്തി മാറ്റിയിരിക്കുന്നു. ഇനിമേൽ നിങ്ങൾ ബാഹ്യലോകത്തിന്റെ അടിമയല്ല! നിങ്ങൾ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു!!

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120