റവ. ഫാ. ഹാപ്പി ജേക്കബ്ബ്

ആവിര്‍ഭാവ കാലം മുതലേ മനുഷ്യൻറെ സഹയാത്രികരാണ് വേദനയും പ്രയാസവും രോഗവും. ആശ്വസിപ്പിക്കാനും നല്ല വർത്തമാനങ്ങൾ ഒക്കെ പറയാനും നമുക്ക് താല്പര്യം കൂടുതൽ ആണെങ്കിലും സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടിവരുമ്പോഴാണ് കാഠിന്യം മനസ്സിലാവുന്നത് . ഓരോ കാലങ്ങളിലും ഓരോ കാരണങ്ങളാണ് ഉരുതിരിഞ്ഞ് വന്നിട്ടുള്ളത്. ദൈവകോപം എന്ന് ചിലർ, പാപം കൊണ്ടാണ് എന്ന് മറ്റൊരു വ്യാഖ്യാനം, ആഹാര വിരുദ്ധത ആണ് ചില കൂട്ടുകാർ. ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ ആയിരുന്നെങ്കിൽ ആധുനികശാസ്ത്രം അളന്ന് തിട്ടപ്പെടുത്തി രോഗങ്ങൾ നിർണയിക്കുന്നു. എന്നിട്ടും എങ്ങും പിടികൊടുക്കാതെ രോഗങ്ങൾ പെരുകി കൊണ്ടേയിരിക്കുന്നു. നിസ്സാരം എന്ന് കരുതുന്ന പല രോഗങ്ങളും നിമിഷംകൊണ്ട് മാരകം ആകുന്നു. ചികിത്സ തുടങ്ങിയ പലതും എങ്ങും എത്താതെ കിടക്കുന്നു. ഒരു ലക്ഷണവും സൂചനയും നൽകാതെ പലരും ലോകത്തിൽ നിന്ന് മാറ്റപ്പെടുന്നു.

ഉത്തരാധുനികതയുടെ ഈ കാലത്തും , പുരോഗമന ശാസ്ത്രം വളർന്നിട്ടും ഒരാൾക്ക് രോഗം വന്നാൽ ആ കുടുംബം തന്നെ മാനസികമായി തളരുകയും സാമ്പത്തികമായി അടിത്തറ ഇളക്കുകയും ചെയ്യുന്നു. ഒരു വ്യക്തിക്ക് എന്തേലും മാരകരോഗം ബാധിച്ചാൽ ആ വ്യക്തിയുടെ അവസ്ഥ മരണം വിധിക്കപ്പെട്ട ഒരു വ്യക്തിയുടെ സമമാകുന്നു. എന്നാൽ എല്ലാ കാലത്തും മനുഷ്യൻ ആശ്രയിച്ചിരുന്നത് ദൈവിക പരിപാലനമാണ്. എല്ലാ ചികിത്സാ രീതികളും പരീക്ഷിച്ച് പരാജയപ്പെടുമ്പോൾ അവസാന പിടിവള്ളിയായി ഏത് നിരീശ്വരവാദിയും വിളിക്കും – ” എൻറെ ദൈവമേ ” !

പണ്ട് കാലത്ത് ലോകം മുഴുവനും ഭയത്തോട് കൂടി നോക്കി കണ്ടിരുന്ന ഒരു രോഗമാണ് കുഷ്ഠം , ചികിത്സ ഇല്ല എന്നത് തന്നെയായിരുന്നു അതിൻറെ ഭയാനകത . ഒരുവൻ രോഗി ആയാൽ കുടുംബവും മാതാപിതാക്കളും ഉപേക്ഷിക്കും. മറ്റ് രോഗികളോടൊപ്പം മരണം വരെ മനുഷ്യൻ ഏത്തപ്പെടാത്ത ഇടങ്ങളിൽ കഴിയുക ഇതായിരുന്നു അവസ്ഥ. ചുരുക്കത്തിൽ മരണം നോക്കി ജീവിക്കേണ്ട പച്ചയായ മനുഷ്യൻ.

വി. ലൂക്കോസിന്റെ സുവിശേഷം 5-ാം അധ്യായത്തിൽ ഇത് പോലൊരു രോഗിയുടെ വർണ്ണന ഉണ്ട് . ഈ ഭാഗം ചിന്തിക്കുമ്പോൾ രണ്ട് അത്ഭുതങ്ങളാണ് കടന്നു വരുന്നത്. രോഗിയായ ഒരു വ്യക്തി എങ്ങനെ പുരുഷാര നടുവിൽ കർതൃ സന്നിധിയിൽ എത്തപ്പെട്ടു. പിടിക്കപ്പെട്ടിരുന്നുവേൽ മരണ ശിക്ഷയായിരുന്നു അവന് ലഭിക്കുക. എന്നാൽ ആ മരണത്തെ പോലും തള്ളികളഞ്ഞ് എൻറെ ദൈവത്തിൻറെ മുൻപാകെ എത്തിപ്പെട്ടാൽ തനിക്ക് സൗഖ്യം ലഭിക്കും എന്നുള്ള നിശ്ചയദാർഢ്യം അവന് ബലം നൽകി കാണും .

ഇന്ന് ഈ രോഗം ലോകത്ത് നിന്ന് തന്നെ മാറ്റപ്പെട്ടു . പിന്നെ ഈ ഭാഗത്ത് എന്ത് ചിന്ത എന്ന് സംശയിക്കുന്നവരുണ്ടാകാം. ശരീരത്തിൽ ഇല്ല എങ്കിലും മനസ്സിൽ , ചിന്തയിൽ ഒക്കെ കുഷ്ഠം അതി കഠിനമായി ബാധിച്ച പലരും നമ്മുടെ ഇടയിൽ ഉണ്ട് . ഒരുവനെക്കുറിച്ചും നല്ലത് പറയാൻ ഇല്ലാത്ത ഒരു കൂട്ടം . പലപ്പോഴും ദൈവ മുൻപാകെ ആൾക്കാർ കടന്ന് വരുവാൻ പോലും ഇവർ അനുവദിക്കില്ല. എല്ലാ നന്മകളെയും വികലരാക്കുന്നവരാണ് ഈ കൂട്ടർ. അവരെയൊക്കെ അതിജീവിച്ച് വേണം ഇന്ന് ആർക്കെങ്കിലും ദൈവ മുൻപാകെ കടന്ന് വരുവാൻ .

രണ്ടാമത്തെ ചിന്തയായി വരുന്നത് അവൻറെ പ്രാർത്ഥനയാണ്. എനിക്ക് വേണം, എനിക്ക് താ, എല്ലാം എനിക്ക് എനിക്ക് എന്ന് പ്രാർത്ഥിക്കുവാനേ നമുക്ക് അറിയൂ. മരണത്തിന്റെ നടുവിൽ നിൽക്കുന്ന ഈ മനുഷ്യൻ പ്രാർത്ഥിച്ചത് ” കർത്താവേ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കുക ” എത്ര ഉന്നതമായ പ്രാർത്ഥന. എൻറെ കർത്താവ് അറിയാതെ ഒന്നും ഭവിക്കയില്ല എന്നറിയാവുന്നവന്റെ പ്രാർത്ഥന. വിശ്വാസത്തിൻറെ മകുടമായി ശോഭിച്ചവന്റെ പ്രാർത്ഥന. തന്റെ രോഗത്തെ മാറ്റുവാൻ കഴിയും എന്ന് വിശ്വസിച്ചവന്റെ പ്രാർത്ഥന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൊടുവാൻ അറച്ച് നിൽക്കുന്നവരുടെ നടുവിൽ വച്ച് നമ്മുടെ കർത്താവ് അവനെ തൊട്ടു . അവന് സൗഖ്യം ലഭിച്ചു. അവനോട് ആവശ്യപ്പെടുന്നത് നീ തിരികെ ദേവാലയത്തിൽ ചെന്ന് സ്തോത്രം അർപ്പിക്കുവാനാണ്.

ഈ നോമ്പിന്റെ നാളിൽ നമുക്ക് നമ്മളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം. നമ്മുടെ വിശ്വാസം ഏത് അളവിലാണ്. ഒരു രോഗം, ഒരു ബുദ്ധിമുട്ട് വന്നാൽ പിന്നെ ഓട്ടമാണ് – വിശ്വാസം കൊണ്ടല്ല. മറ്റുള്ളവരുടെ വിശ്വാസത്തിന് കാരണമാവാൻ, ഇവിടെ വന്നാൽ സൗഖ്യം, അവിടെ പോയാൽ സൗഖ്യം – ഇക്കാര്യങ്ങളാണ് പിന്നെ കേൾക്കുക. എന്നാൽ ഞാൻ എൻറെ കർത്താവിൻറെ അടുത്ത് പോകും , അവൻ എന്നെ കാണും , അവൻ കൈവെച്ച് എന്നെ സൗഖ്യം ആക്കും എന്ന് വിശ്വസിക്കുവാൻ നമുക്ക് കഴിയുമോ?

ഈ രോഗി എത്ര നാളായി ആഗ്രഹിച്ചു കാണും. ഒരാൾ വന്ന് ആശ്വസിപ്പിക്കണം, കൈ പിടിക്കണം , തലോടണം – ഒരിക്കലും നടക്കില്ല എന്ന് കരുതിയിടത്താണ് കർതൃകരം അവൻറെ മേൽ വന്നത് . യഹൂദ മര്യാദ അനുസരിച്ച് അശുദ്ധനെ തൊട്ടവനും അശുദ്ധനാകും. നമ്മുടെ വേദന മാറ്റാൻ അവൻ വേദന സഹിച്ചു , നമ്മെ സ്വതന്ത്രരാക്കാൻ അവൻ ശാപമേറ്റു, നമ്മുടെ പാപങ്ങൾക്കും ശിക്ഷയ്ക്കുമായി അവൻ അടികൊണ്ട് ; നമ്മെ ശുദ്ധീകരിക്കാൻ അവൻ അശുദ്ധനായി.

ഈ നോമ്പ് കാലത്ത് നാം ആഗ്രഹിക്കുന്നു , പ്രാർത്ഥിക്കുന്നു. കർത്താവേ അവിടത്തേക്ക് മനസ്സുണ്ടെങ്കിൽ …

പ്രാർത്ഥനയോടെ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907