മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനു എതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്ത് വന്നു . ആരോപണവിധേയമായ ഓണ്‍ലൈന്‍ പത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തന്റെ അറിവോ സമ്മതമോ ഇല്ലാത്ത ചിത്രം എടുക്കുകയും അത് മുഖം മറച്ച നിലയില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയും ചെയ്തതിനു എതിരെയാണ് സുനിത ശക്തമായ പ്രതികരണവുമായി വന്നത് .
മാധ്യമപ്രവര്‍ത്തനം എന്നാല്‍ എന്നു മുതലാണ് ഇങ്ങനെയൊക്കെയായത്? എന്ന് കടുത്ത ഭാഷയില്‍ ചോദിച്ചു കൊണ്ടാണ് സുനിത പരസ്യമായി ഓണ്‍ലൈന്‍ മാധ്യമത്തിനു എതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്ത മാധ്യമത്തിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് സുനിത ഇപ്പോള്‍. അയര്‍ലണ്ടില്‍ താമസിക്കുന്ന സിബി സെബാസ്റ്റ്യന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഈ പത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആസ്ട്രേലിയയിലാണ്.
മന്ത്രിയെ കുടുക്കിയ മാധ്യമപ്രവര്‍ത്തകയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് എന്ന് പറഞ്ഞാണ് സുനിതയുടെ ചിത്രം ചേര്‍ത്ത വാര്‍ത്ത വന്നിരിക്കുന്നത്.മന്ത്രിയുമായി ഫോണില്‍ സംസാരിച്ച വീട്ടമ്മയായ റിപ്പോര്‍ട്ടര്‍ എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട് .നേരത്തെയും നടി സാന്ദ്ര തോമസിന്റെ ചിത്രം തെറ്റായി ഉപയോഗിച്ചു എന്ന ആരോപണം ഈ ഓണ്‍ലൈന്‍ മാധ്യമം നേരിട്ടിട്ടുണ്ട്. മറ്റൊരു സാന്ദ്ര തോമസിന്റെ വാര്‍ത്തയ്ക്ക് ഒപ്പം നടിയും നിര്‍മ്മാതാവും ആയ സാന്ദ്ര തോമസിന്റെ ചിത്രം വാര്‍ത്തയില്‍ വന്നതിനു എതിരെ അന്ന് നടി രൂക്ഷപ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സമാനമായ സംഭവം ആണ് ഇപ്പോള്‍ സുനിത ദേവദാസിനും ഉണ്ടായത്.