കാമുകിയുമായി ചേർന്നു ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിലെ കൂട്ടുപ്രതി സുനിത ജീവിച്ചത് ദുരിത സാഹചര്യങ്ങളിലെന്ന് പൊലീസ്. വെള്ളറട വാലൻവിളയിലെ സുനിതയുടെ വീട്ടിൽ അച്ഛനും അമ്മയുമാണു താമസം. രണ്ടരസെന്റ് സ്ഥലത്ത് ഒരു മുറിയും ഹാളും മാത്രമുള്ള വീട്. മകൾ കൊലപാതകത്തിൽ പങ്കാളിയായ വിവരമറിഞ്ഞു തളർന്നിരിക്കുകയാണു മാതാപിതാക്കൾ.
ഹൈദരാബാദിലായിരുന്നപ്പോൾ സുനിത മാതാപിതാക്കൾക്കു പണം അയച്ചിരുന്നു. നാട്ടിൽ വന്ന ശേഷം പണം നൽകിയിട്ടില്ല. പിതാവ് ടാപ്പിങ് ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. സുനിതയുടെ രണ്ട് സഹോദരൻമാർ മാതാപിതാക്കൾക്കു ചെലവിനും ചികിൽസയ്ക്കും പണം നൽകുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് സുനിത അവസാനമായി വീട്ടിലെത്തിയത്. പഠനത്തിൽ സമർഥയായിരുന്നു സുനിത. വീട് ഇടിഞ്ഞുവീണപ്പോൾ, ഒൻപതാം വയസിൽ സുനിതയെ മാതാപിതാക്കൾ അനാഥാലയത്തിലാക്കി.
നല്ല മാർക്കോടെ എസ്എസ്എൽസിയും പ്രീഡിഗ്രിയും ജയിച്ച സുനിത സെക്കന്തരാബാദിൽ നഴ്സിങിന് ചേർന്നു. അവിടെ ജോലിക്കിടെയാണ് റോയ്തോമസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. മൂന്നു കുട്ടികൾ പിറന്നശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. മനോനില തെറ്റിയ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നതായി സുനിത വീട്ടുകാരോടു പറഞ്ഞിരുന്നു.
അതിനിടയിലാണു സഹപാഠിയായിരുന്ന പ്രേംകുമാറിനെ വീണ്ടും പരിചയപ്പെടുന്നത്. റോയിയുടെ മൂന്നു കുട്ടികളുമായാണ് ചെറുവാരക്കോണത്തെ സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിനെത്തിയത്. പിന്നീട് ഇരുവരും ഒരുമിച്ച് വില്ലയിൽ താമസം ആരംഭിച്ചു. പ്രേംകുമാറിന്റെ ഭാര്യ ബന്ധം അറിഞ്ഞതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം സെപ്റ്റംബർ അവസാനത്തോടെ പ്രേംകുമാർ പേയാട്ടെ വില്ല ഒഴിഞ്ഞു. വീടിന്റെ താക്കോൽ ഒക്ടോബർ രണ്ടിന് സുരക്ഷാ ജീവനക്കാരനെ ഏൽപ്പിച്ചു. അഡ്വാൻസ് നൽകിയ തുക തിരിച്ചുവാങ്ങിയതടക്കം ഓൺലൈൻ പണമിടപാടാണ് നടത്തിയത്. പ്രേംകുമാറിന്റെ പെരുമാറ്റത്തിൽ പൊലീസിനു സംശയം തോന്നിയതും, ‘അവളെ ഞാൻ കൊന്നുവെന്ന്’ പറയുന്ന ഇയാളുടെ വോയ്സ് മെസേജ് ലഭിച്ചതുമാണ് പ്രതികളെ കുടുക്കിയത്
 
	 
		

 
      
      



 
               
               
              




 
            
Leave a Reply