കോഴിക്കോട് ∙ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു 30നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന്ന് അയ്യപ്പ ധർമസേന ജനറൽ സെക്രട്ടറി ഷെല്ലി രാമൻ പുരോഹിത്, ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ.എം. ഭക്തവൽസലൻ തുടങ്ങിയവർ പറഞ്ഞു. ഹർത്താലിനോടനുബന്ധിച്ചു തിങ്കളാഴ്ച വിവിധ ക്ഷേത്രങ്ങളിൽ പ്രാർഥനകൾ നടത്തും. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

അതേസമയം ഹർത്താല്‍ ആഹ്വാനവുമായി തൃശൂരിലെ തിയേറ്ററുകളിൽ ഒരു സംഘം നോട്ടിസുകൾ വിതരണം ചെയ്തു. ഹർത്താൽ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് നോട്ടിസിലുള്ളത്. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലുള്ള നോട്ടിസുകളാണ് തൃശൂരിലെ വിവിധ സ്ഥാപനങ്ങളിലെത്തിയത്. സംഭവത്തിൽ തിയേറ്ററുടമ പൊലീസിൽ പരാതി നൽകി.

എന്നാൽ ചില സംഘടനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകൾ കോട്ടയത്തു പതിവു പോലെ സർവീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എസ്.സുരേഷ് അറിയിച്ചു. എംജി സർവകലാശാല പരീക്ഷകൾക്കൊന്നും മാറ്റമില്ല. കെഎസ്ആർടിസി പതിവു പോലെ സർവീസ് നടത്തുമെന്നു കോട്ടയം ഉൾപ്പെടുന്ന സെൻട്രൽ സോണിന്റെ ട്രാഫിക് ഓഫിസർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു അറിയിച്ചു.

ഹർത്താലുമായി സഹകരിക്കില്ലെന്ന് ആർഎസ്എസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഹർത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചു. ശബരിമലയുടെ പേരിൽ 30ന് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിൽ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് യോഗം അറിയിച്ചു. ആയിരക്കണക്കിനു വർഷംകൊണ്ട് ഉയർന്നുവന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിനകംതന്നെ ഏറെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനകൊണ്ട് അളന്നുകളയാമെന്നു വിചാരിക്കുന്നതു ചരിത്രവിരുദ്ധമാണെന്നു സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് പറഞ്ഞു.

ഹർത്താലിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ സർക്കാർ അന്വേഷണം നടത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. ഹർത്താലുമായി ആർഎസ്എസിനു ബന്ധമില്ല. ചില സംഘടനകൾ ഹിന്ദു സംഘടനകളെന്ന പേരിൽ ഹർത്താൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി അറിയിച്ചു.

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ല. പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രവിശ്വാസികളുടെ ഇടയിലെ ബോധവൽക്കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.