കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ വിയോഗ വേദനയിലാണ് മലയാള സിനിമാലോകം. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ വിനീത് ശ്രീനിവാസൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. പിന്നണി ഗായകനായി താൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനം എഴുതിയത് ബീയാര്‍ പ്രസാദ് ആണെന്ന് വിനീത് കുറിക്കുന്നു.
“ബീയാർ പ്രസാദ്. പിന്നണി ഗായകനായി ഞാൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ട് പ്രസാദേട്ടൻ എഴുതിയതാണ്. ഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. ‘കൂന്താലിപ്പുഴ’ എന്നത് അദ്ദേഹത്തിന്റെ സാങ്കല്പികസൃഷ്‌ടിയാണ്.പ്രസാദേട്ടനെ സ്നേഹപൂർവ്വം,ആദരപൂർവ്വം ഓർക്കുന്നു.കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു”, എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ വാക്കുകൾ.
കവിത പാടുന്ന കുട്ടനാടന്‍ കാറ്റിന്റെ തലോടല്‍ ആ പാട്ടുകളിലെല്ലാമുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴം പോലെ മധുരമുള്ള പാട്ടുകള്‍ മലയാളിക്ക് പകര്‍ന്നുതന്ന്, മഴത്തുള്ളികള്‍ പൊഴിഞ്ഞ നാടന്‍ വഴികളിലൂടെ ബീയാര്‍ പ്രസാദ് നമ്മെ കൈപിടിച്ചു കൊണ്ടുപോയത് പാട്ടിന്റെ പച്ചത്തുരുത്തിലേക്കായിരുന്നു. അവിടെ കേരനിരകളും ഒന്നാംകിളി പൊന്നാണ്‍കിളിയും കസവിന്റെ തട്ടമിട്ട മൊഞ്ചത്തിയുമൊക്കെ ചേര്‍ന്ന് നമ്മെ സ്വീകരിച്ചു. പൊന്നോടു പൂവായതും മാന്‍ചുനപോല്‍ പൊള്ളുന്നതുമായ പാട്ടുകള്‍ നമുക്കായി എഴുതി. ജലം പുഷ്പതീർഥമായ് തളിക്കുവാന്‍ നദികള്‍ മത്സരിച്ചപോല്‍ ബീയാര്‍ പ്രസാദിന്റെ പാട്ടുകള്‍ ആസ്വാദകരുടെ ഉള്ളില്‍ ഏതാണ് പ്രിയപ്പെട്ടതെന്നറിയാതെ മത്സരിച്ചു നിന്നു.
മങ്കൊമ്പിലെ മേളവാദ്യ കലാകാരനായ അച്ഛന്‍ ബാലകൃഷ്ണപ്പണിക്കരുടെ താള ബോധം കുട്ടിക്കാലത്തു തന്നെ മകനിലേക്കും പകര്‍ന്നു കിട്ടി. ബീയാറിന്റെ മൂന്നാം വയസിലാണ് അമ്മ കല്യാണിക്കുട്ടിയമ്മയെ അച്ഛന്‍ മലയാളം വിദ്വാന്‍ പഠിക്കുവാന്‍ അയക്കുന്നത്. അമ്മയ്‌ക്കൊപ്പം മിക്ക ദിവസവും ക്ലാസുകളില്‍ മകനെയും കൂട്ടി. അതോടെ കുട്ടിക്കാലത്തു തന്നെ സാഹിത്യ സ്‌നേഹവും വന്നു ചേര്‍ന്നു. വായനയിലേക്ക് അതിവേഗത്തില്‍ കടക്കുവാന്‍ അത് സഹായകമായി. യൗവനകാലത്ത് സജീവ നാടക പ്രവര്‍ത്തകനായിരുന്നു. അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേക്കും നാടക രചനയിലേക്കും എത്തി. പിന്നെ കവിതയും പാട്ടെഴുത്തുമൊക്കെയായി. കോളജ് പഠനകാലത്ത് തന്നെ ട്യൂട്ടോറിയല്‍ കോളജില്‍ മലയാളം അധ്യാപകനുമായി.
എഴുത്തും നാടകപ്രവര്‍ത്തനവുമായി നീങ്ങുന്നതിന് ഇടയിലാണ് സിനിമാപ്രവേശം. 1993ല്‍ പുറത്തിറങ്ങിയ ജോണി എന്ന ചിത്രത്തിന്റെ രചന നടത്തിയെങ്കിലും ബീയാര്‍ പ്രസാദ് ഗാനരചയിതാവാകുന്നത് പിന്നെയും പത്തു വര്‍ഷങ്ങള്‍ക്കു ശേഷം. തിരക്കഥാകൃത്തായി അറിയപ്പെടേണ്ടിയിരുന്ന ബീയാര്‍ പ്രസാദിനെ ഇന്ന് സിനിമ ആസ്വാദകര്‍ക്ക് കൂടുതല്‍ പരിചയം ഗാനരചയിതാവായാണ്. പ്രിയദര്‍ശനുമായുള്ള കൂടിക്കാഴ്ചയാണ് സിനിമാ ഗാനരചനയിലേക്ക് എത്തിക്കുന്നത്. ബീയാര്‍ പ്രസാദിന്റെ, ദേവദാസി സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു കഥ, ഒരിക്കല്‍ ഒരു മാഗസിനില്‍ പ്രസിദ്ധീകരിച്ചു. കഥ കണ്ട് നിര്‍മാതാവായ ഗുഡ്‌നൈറ്റ് മോഹന്‍ വിളിക്കുന്നു. ‘ഈ കഥ നമുക്ക് പ്രിയദര്‍ശനെക്കൊണ്ട് സിനിമയാക്കിയാലോ?’ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ബീയാര്‍ സമ്മതംമൂളി. പ്രിയദര്‍ശനെ കണ്ട് കഥ സംസാരിച്ചെങ്കിലും ഇത് വലിയൊരു ക്യാന്‍വാസില്‍ ഹിന്ദിയിലോ ഇംഗ്‌ളീഷിലോ ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കഥാ ചര്‍ച്ചയ്ക്ക് ശേഷം ബീയാറും പ്രിയദര്‍ശനും തമ്മില്‍ സാഹിത്യം സംസാരിക്കുവാന്‍ തുടങ്ങി. വയലാറിന്റെയും പി. ഭാസ്‌ക്കരന്റെയും ഒ.എന്‍.വിയുടെയുമൊക്കെ കവിതകള്‍ വിഷയമായി. അവരുടെ കവിതകള്‍ അക്കമിട്ട് ബിയാര്‍ ചൊല്ലിയതോടെ പ്രിയദര്‍ശനും അതിശയം. പാട്ടെഴുത്തും വശമുണ്ടെന്ന് മനസ്സിലാക്കിയ പ്രിയദര്‍ശന്‍ എന്റെ അടുത്ത പടത്തില്‍ പാട്ടെഴുതാന്‍ നിങ്ങളെ വിളിച്ചിരിക്കുമെന്ന് പറഞ്ഞെങ്കിലും ബീയാര്‍ അതൊരു വെറും പറച്ചിലായി മാത്രം കണ്ടു.
എന്നാല്‍, തന്റെ സിനിമകള്‍പോലെ അതൊരു കോമഡിയായിരുന്നില്ല പ്രിയദര്‍ശന്. അദ്ദേഹം വാക്കു പാലിച്ചു. ആറു മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം പ്രിയദര്‍ശന്‍ വിളിച്ചു, ‘എന്റെ പുതിയ പടം തുടങ്ങുന്നു. ബീയാര്‍ വേണം പാട്ടുകളെഴുതാന്‍.’
മുസ്‌ലിം പശ്ചാത്തലത്തിലുള്ള പാട്ടുകളാണ് ചിത്രത്തിലെന്ന് അറിഞ്ഞതോടെ മുസ്‌ലിം ഗ്രന്ഥങ്ങളും മാപ്പിളപ്പാട്ടുകളുമൊക്കെ കണ്ടെത്തി പദസമ്പത്തുകള്‍ പരിചയപ്പെടാന്‍ തുടങ്ങി. ഇസ്‌ലാമിക ദര്‍ശനമടക്കമുള്ള ഗ്രന്ഥങ്ങള്‍ വായിച്ച ബലത്തില്‍ പ്രിയദര്‍ശന്‍ ചിത്രത്തിലെ പാട്ടെഴുതാന്‍ ബിയാര്‍ ചെന്നൈയ്ക്കു വണ്ടി കയറി.
പാട്ടൊക്കെ എഴുതാന്‍ അറിയുമോ എന്നൊന്നു നോക്കണമല്ലോ, മുസ്‌ലിം പശ്ചാത്തലത്തില്‍ പ്രണയം ആവിഷ്‌ക്കരിക്കുന്നൊരു ഗാനം എഴുതാന്‍ പ്രിയദര്‍ശന്‍ ബിയാറിനോട് ആവശ്യപ്പെട്ടു. പഠിച്ചെടുത്ത പദസമ്പത്തുക്കള്‍ നിരത്തി നിമിഷം നേരം കൊണ്ടൊരു പാട്ടെഴുതി. പ്രിയദര്‍ശന്‍ പാട്ട് ശ്രദ്ധിച്ചു വായിച്ചു, ആകെ നിരാശന്‍. ‘അയ്യോ നമുക്കിത്രയും കട്ടിയുള്ള അറബി വാക്കുകളൊന്നും വേണ്ട, വല്ല മൊഞ്ചത്തിയോ മൊഹബത്തോ ചേര്‍ത്തൊരു സാധനം മതി.’ അതോടെ ബീയാറിനും ആശ്വാസമായി. തനിക്കും കൂടുതല്‍ വഴങ്ങുന്നത് അതു തന്നെ.
ഒന്നാംകിളി പൊന്നാണ്‍കിളി വണ്ണാംകിളി മാവിന്‍മേല്‍
രണ്ടാംകിളികണ്ടു കൊതികൊണ്ടുവരവുണ്ടപ്പോള്‍
മൂന്നാംകിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്….
‘കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍’ വിദ്യാസാഗറിന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനമാണ് ബീയാറിനെ ആസ്വാദകര്‍ക്കിടയില്‍ പ്രിയങ്കരനാക്കുന്നത്. പുതിയ ഗാനരചയിതാവാണെന്നു കണ്ടതോടെ വിദ്യാസാഗറിന് ആകെ സംശയം. ശരിയാകുമോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്‍തന്നെ ഗ്യാരന്റി പറഞ്ഞു. വിദ്യാസാഗര്‍ ഒന്നാം കിളിയുടെ ട്യൂണ്‍ മൂളി. തേന്‍പുരളും മുള്ളുപോലെ ബിയാര്‍ പ്രസാദ് കേട്ടിരുന്നു. എവിടെ പിടിക്കണമെന്ന് ഒരു പിടിയും ഇല്ല. അത്രത്തോളം വേഗത്തിലുള്ള ട്യൂണ്‍. ഇടയ്ക്ക് ഒരു ഭാഗത്തു ചേര്‍ക്കാന്‍ ‘കിളിച്ചുണ്ടന്‍ മാമ്പഴമേ’ എന്നു മാത്രം കിട്ടി. പിന്നെ അതില്‍ കയറി പിടിച്ചു. എഴുതിക്കഴിഞ്ഞപ്പോഴേക്കും എണ്ണാതതിലേറെ കിളികള്‍ പാട്ടിലൂടെ പറന്നുയര്‍ന്നു.
കല്യാണ ശേഷവും ഭര്‍ത്താവിന് വഴങ്ങി കൊടുക്കാത്ത ഭാര്യ. ഇപ്പോഴും അവളുടെ മനസ്സില്‍ പഴയ കാമുകനാണ്. കിളിച്ചുണ്ടന്‍ മാമ്പഴംപോലെ സുന്ദരിയായ അവള്‍ കാത്തിരുന്നതും അവനു വേണ്ടിത്തന്നെ. ഒരു കിളിയും ഇന്നു വരെ കൊത്താത്ത തേന്‍പഴമാണ് അവള്‍. പല കിളികളും അവളാകുന്ന മാമ്പഴത്തെ കൊതിച്ച് കൊത്തുവാന്‍ വന്നെങ്കിലും അവള്‍ക്ക് പ്രിയപ്പെട്ടത് പഴയ കാമുകനാകുന്ന ഒന്നാം കിളിയാണ്. അതാകട്ടെ പൊന്നാണ്‍കിളിയുമാണ്. അതിനു ശേഷം രണ്ടാം കിളി കണ്ടു, കൊതികൊണ്ടതല്ലാതെ കിട്ടിയില്ല. മൂന്നാം കിളിയും നാലാംകിളിയുമടക്കം എണ്ണാതതിലേറെക്കിളികള്‍ അവളെ കണ്ടു മോഹിച്ചു. അവരെല്ലാം പരസ്പരം കൊത്തിയതല്ലാതെ മാമ്പഴത്തില്‍ മാത്രം കൊത്തിയില്ല. വരികളെഴുതി കണ്ടതോടെ പ്രിയദര്‍ശനും പ്രതീക്ഷിച്ചത് കിട്ടി. വിദ്യാസാഗറിനാകട്ടെ ബീയാറില്‍ വിശ്വാസവുമായി.
കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസുമിട്ടൊരു മൊഞ്ചത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി…
വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്റെ ശബ്ദം മലയാളികള്‍ ആദ്യമായി കേട്ടത് ഈ പാട്ടിലൂടെയായിരുന്നു. ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലെ ടൈറ്റില്‍ ഗാനം ശ്രദ്ധിക്കപ്പെടുമ്പോഴും എല്ലാവരുടെയും സംശയം ഈ ‘കൂന്താലിപ്പുഴ’ എവിടെയാണെന്നാണ്. ‘കഥ നടക്കുന്നത് ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലാണ്. ഞാനത് എന്റെ ഭാവനയില്‍ മെനഞ്ഞെടുത്തു. അവിടെയൊരു പുഴയുണ്ടാകും, ‘കൂന്താലിപ്പുഴ’ എന്ന് പേരുമിട്ടു. ‘കൂന്താലിപ്പുഴ കണ്ടെത്തിയ കഥ ബീയാര്‍ പ്രസാദ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. പിന്നീട് സിനിമയിലും കൂന്താലിപ്പുഴ എന്ന പേര് നിറഞ്ഞു നിന്നു.
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍
കാറ്റാലെ നിന്‍ ഈറന്‍മുടി ചേരുന്നിതെന്‍ മേലാകവേ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീല്ലയോ…
പ്രണയത്തിന്റെ കണ്ണുനീര്‍തുളളി പോല്‍ എത്രയോ ഹൃദയങ്ങളെ ഈ ഗാനം മുറിവേല്‍പ്പിച്ചിട്ടുണ്ടാകും. തോരാത്തൊരു മഴ പോലെ പ്രണയം പെയ്തിറങ്ങിയിരുന്നെങ്കില്‍ എന്ന് ഈ ഗാനം കേട്ടാല്‍ കൊതിച്ചു പോയേക്കാം. ബേണി ഇഗ്നേഷ്യസിന്റെ സംഗീതത്തില്‍ പുറത്തു വന്ന ‘വെട്ട’-ത്തിലെ തെളിച്ചമുള്ള പാട്ടുകളില്‍ ഒന്നായിരുന്നു ‘മഴത്തുള്ളികളും.’ ‘നമുക്കൊരു കഥ പറയണം ഈ പാട്ടിലൂടെ, വളരെ ലളിതമായ വരികളും ആയിരിക്കണം.’ പ്രിയദര്‍ശന്‍ സന്ദര്‍ഭം പറഞ്ഞതോടെ ബിയാര്‍ സഞ്ചരിച്ചത് പാട്ടിന്റെ മഴത്തുള്ളികള്‍ വീണ നാടന്‍ വഴികളിലൂടെയായിരുന്നു.
ബേണി ഇഗ്നേഷ്യസ് നല്‍കിയ ട്യൂണുമായി ബീയാര്‍ പ്രസാദ് തന്റെ വീട്ടിലേക്ക് മടങ്ങി. നൊമ്പരപ്പെടുത്തുന്ന ഒരീണം കേട്ടപ്പോള്‍ തന്നെ ബീയാറിനും ഹിറ്റു മണത്തു. മഴതോര്‍ന്നൊരു പകലില്‍ മങ്കൊമ്പിലെ നാട്ടുവഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ അറിയാതെ ആ വരികളെത്തി. ടമഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍വഴി….’ അടുത്ത ദിവസം തന്നെ ഫോണിലൂടെ ഈ വരികള്‍ എം. ജി. ശ്രീകുമാറിന് പറഞ്ഞു കൊടുക്കുകയും ചെയ്തു.
പാട്ട് തയാറായതോടെ ‘വെട്ട’ത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു ഈ ഗാനത്തിലേക്ക് എത്തുന്ന രംഗം. ‘വഴിയില്‍ വെച്ച് ഒരു മഴയത്ത് എന്റെ കുടക്കീഴിലേക്ക് ഓടി കയറിയ ഒരാളാ താന്‍, മഴ തീര്‍ന്നപ്പോള്‍ ഒക്കെ, ബൈ, താങ്ക്‌സ് എന്നൊക്കെ പറഞ്ഞ് ഒറ്റപ്പോക്കാ അല്ലേടോ…’ ദിലീപ് അവതരിപ്പിച്ച നായക കഥാപാത്രം ഗോപാലകൃഷ്ണന്‍ പറയുന്ന സംഭാഷണത്തിലേക്ക് എത്തിയതു പോലും ഈ പാട്ടിന്റെ വരികളിലൂടെയായിരുന്നു.
ഒരു കാതിലോല ഞാന്‍ കണ്ടീലാ…
തിരുതാളി വെച്ചതും കണ്ടീലാ
കളവാണിയാം കിളിയേ ഓര്‍ത്തീല അകലേ….
വെട്ടത്തിലെ പാട്ടുകളുടെ ചര്‍ച്ചകള്‍ക്കിടയിലാണ് ബീയാര്‍ പ്രസാദ് തന്റെ ‘ഒരു കാതിലോല ഞാന്‍ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീലാ’ എന്ന ഓണപ്പാട്ട് പ്രിയദര്‍ശനെ പാടി കേള്‍പ്പിക്കുന്നത്. എം. ജി. ശ്രീകുമാറായിരുന്നു ഈ ഗാനത്തിന്റെ സംഗീതം. പാട്ടു കേട്ടതോടെ ഈ വരികള്‍ തനിക്കു വേണമെന്നായി പ്രിയദര്‍ശന്‍. മറ്റൊരു പാട്ട് എഴുതാം എന്ന് ബീയാര്‍ പറഞ്ഞിട്ടും പ്രിയദര്‍ശന് ആ വരികളോടുള്ള ഇഷ്ടം മാറിയില്ല. ‘ എന്തായാലും തുടക്കം എനിക്കിതു തന്നെ വേണം’ എന്ന് തീര്‍ത്തു പറഞ്ഞു. പിന്നീട് ആ വരികളില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തുകയായിരുന്നു ബീയാര്‍.
‘കേരനിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം’
കുട്ടനാടിന്റെ കഥ പറഞ്ഞ ‘ജലോത്സവ’ത്തിലെ ഈ ഗാനത്തിലൂടെ കുട്ടനാടാണ് ബീയാര്‍ അവതരിപ്പിച്ചതെങ്കിലും നിറഞ്ഞു നിന്നത് കേരളം തന്നെ. അല്‍ഫോണ്‍സ് സംഗീതം നല്‍കിയ ഗാനത്തില്‍ കുട്ടനാടന്‍ ചേറിന്റെ മണവും ചേര്‍ന്നതോടെ ആസ്വാദകര്‍ക്ക് ആ മണ്ണില്‍ ചവിട്ടിയ സുഖവും. ‘കുട്ടനാടിനെക്കുറിച്ച് നമുക്കൊരു പാട്ടു വേണം. കുട്ടനാട്ടുകാരന്‍ എഴുതുമ്പോള്‍ അത് ഏറ്റവും നന്നാകുമെന്നാണ് എന്റെ പ്രതീക്ഷ’ കുട്ടനാട്ടുകാരന്‍ ബീയാറിനോട് സിബിമലയില്‍ പറഞ്ഞത് ഇത്രമാത്രമാണ്. എന്നാല്‍ അതിലൊരു കുഞ്ഞു പ്രകോപനമില്ലേ. ബിയാറിനും തോന്നിയത് അതുതന്നെ. കുട്ടനാടന്‍ പ്രകൃതിയും മണ്ണും കാറ്റും സ്വര്‍ണമണി നിറമുള്ള പൊന്നാര്യന്‍ കതിരുമൊക്കെ മനസ്സിലേക്ക് ആവാഹിച്ച് എഴുതി തുടങ്ങി.
കന്നോടു തരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയര്‍പ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്
പെണ്ണിവള്‍ കള മാറ്റും കളമൊഴിയായ്…
കറുത്ത് സുന്ദരിയായ പെണ്‍കുട്ടി. കയ്യില്‍ നിറയെ വളകളും കിലുങ്ങുന്ന കൊലുസുമൊക്കെയിട്ട് അവള്‍ ക്ലാസിലേക്ക് ഓടി വരും. ആരെങ്കിലുമൊരു പാട്ടുപാടാന്‍ പറഞ്ഞാല്‍ ആദ്യം ചാടി എഴുന്നേല്‍ക്കും. പാരലല്‍ കോളജിലെ തന്റെ പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളായിരുന്നു ബീയാര്‍ പ്രസാദിന് അവളും.
കാലവും സാഹചര്യവുമൊക്കെ അവളെയും മാറ്റി എടുത്തു. തന്റെ പ്രിയപ്പെട്ട ശിഷ്യയെ വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുനാഥന്‍ കണ്ടത് ഒരു കൊയ്ത്തുകാലത്തായിരുന്നു. പാടത്തു പണി കഴിഞ്ഞു വരുന്ന ആ സുന്ദരിയ്ക്ക് ഇന്ന് കൈയില്‍ വളകളും കാലില്‍ കൊലുസുമില്ല. ചേറു പുരണ്ട ചിരി മാഞ്ഞു തുടങ്ങി. ബീയാറിന്റെ ഉള്ളില്‍ ഒരു കണ്ണീര്‍ചിത്രമായി അവള്‍ അസ്വസ്ഥതപ്പെടുത്തി കുടിയിരുന്നു. ‘കേരനിരകളാടും’ എന്ന ഗാനമെഴുതുമ്പോള്‍ കുട്ടനാടന്‍ സുന്ദരികളില്‍ ബീയാറിന്റെ ഓര്‍മകളില്‍ ആദ്യം തെളിഞ്ഞ മുഖം അവളുടേതായിരുന്നു. മണ്ണിന്റെ മണമുള്ള അവളുടെ വിയര്‍പ്പിനു മധുമണമല്ലേ. കാലിലെന്തിനാണ് തങ്കവള, ഞാറ്റോല പച്ചവളയില്ലേ. പൊന്നും തെളി കൊലുസവള്‍ക്ക് കുട്ടനാട്ടിലെ മണ്ണുതന്നെ തീര്‍ക്കുന്നില്ലേ. കള മാറ്റുമ്പോഴും അവള്‍ കളമൊഴിയാള്‍ തന്നെയാണ്. ബിയാര്‍ പ്രിയ ശിഷ്യയെ, ആ കുട്ടനാട്ടുകാരിയെ പാട്ടിലൂടെ നമുക്കും പരിചയപ്പെടുത്തി.
ശ്രീനിവാസിന്റെ സംഗീതത്തില്‍ സീതാകല്യാണം, ശരത്തിനൊപ്പം തല്‍സമയം ഒരു പെണ്‍കുട്ടി (”പൊന്നോടു പൂവായ്,’ ‘ഓ തിങ്കള്‍പക്ഷി’) ദീപാങ്കുരനൊപ്പം തട്ടുംപുറത്ത് അച്യുതനിലെ മുത്തുമണി രാധേ തുടങ്ങിയവയാണ് മറ്റ് പ്രധാന ഗാനങ്ങള്‍.
Leave a Reply