അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയത്തിൽ പോലീസ്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണ്. ഇവരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോഴാണ് പോലീസ് ഈ വിവരം കണ്ടെത്തിയത്. മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തിരച്ചിലിൽ വന്നിട്ടുണ്ട്.
ദേവി പുനർജൻമത്തിൽ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങൾ കൂടുതലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽനിന്നു രക്തം വാർന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. മരിച്ച ആര്യയ്ക്കും നാട്ടിൽ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.
ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേമാസങ്ങളായി ഇവർ ജീവിച്ചിരുന്നതെന്ന വിവരം ബന്ധുക്കളിൽനിന്ന് പോലീസിൽ ലഭിച്ചിരുന്നു. ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവർ പിന്തുടർന്നിരുന്നത്. ചില ആരാധനകളിലൂടെയുള്ള നിർവാണമാണ് ഇവർ തിരഞ്ഞിരുന്നത്.
ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവർഷമായി ആരോടും സംസാരിക്കാതെ നവീൻ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളാണ് ഇതുസംബന്ധിച്ച സൂചനകൾ പോലീസിനു നൽകിയത്.
സ്വകാര്യ സ്‌കൂളിൽ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജർമനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്.വിദേശഭാഷകൾ പഠിപ്പിച്ചിരുന്ന ഇവർ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ഇടപെട്ടിരുന്ന ഇരുവരും നല്ല അധ്യാപകരായാണ് സ്‌കൂളിലും അറിയപ്പെട്ടിരുന്നത്.ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂൾ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനു പിന്നാലെയുള്ള കൂട്ടമരണത്തിൽ ഇവർക്കു തമ്മിൽ വേർപിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.
യുവതികളുടെ അപ്രതീക്ഷിത മരണത്തെത്തുടർന്നുണ്ടായ ഞെട്ടലിലാണ് മേലത്തുമേലെയിലെയും മൂന്നാംമൂടിലെയും നാട്ടുകാർ. സുഹൃത്തുക്കളായ ഒരു പുരുഷനും രണ്ടു യുവതികളും അരുണാചൽപ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്ത ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാധ്യമങ്ങളിലൂടെ നാട്ടുകാർ അറിഞ്ഞത്. മേലത്തുമേലെ, മൂന്നാംമൂട് പ്രദേശവാസികളാണ് മരിച്ച ആര്യയും ദേവിയും എന്നറിഞ്ഞതോടെ ഏവരും ഞെട്ടി. തുടർന്ന് ഇരുവീടുകൾക്കു മുന്നിലേക്കും ബന്ധുക്കളും പരിചയക്കാരും നാട്ടുകാരുമെത്തി.
പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല വീട്ടുകാർ. യുവതികളെക്കുറിച്ച് നല്ല അഭിപ്രായമാണ് സ്ഥലത്തെത്തിയവരെല്ലാം പറഞ്ഞത്. പഠനം കഴിഞ്ഞ് സ്പെഷ്യൽ കോഴ്സ് പാസായശേഷം രണ്ടുവർഷം മുൻപാണ് ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയാകുന്നത്. ഇവിടെവെച്ചാണ് അധ്യാപിക ദേവിയുമായി പരിചയമാകുന്നതും പിന്നീടത് ദൃഢമായ സൗഹൃദത്തിലേക്കു മാറിയതും.
മേയ് ആറിന് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ക്ഷണക്കത്ത് പരിചയക്കാരായ ഭൂരിഭാഗം പേർക്കും എത്തിച്ചു. ഏകമകളുടെ വിവാഹക്ഷണക്കത്ത് മാതാപിതാക്കളായ അനിൽകുമാറും ബാലാംബികയും നേരിട്ടാണ് എല്ലാവർക്കും എത്തിച്ചത്. സാമ്പത്തികഭദ്രതയുള്ള കുടുംബമാണ് ആര്യയുടേത്. വീടിനു സമീപമാണ് അനിൽകുമാറിന്റെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നത്. എല്ലാവർക്കും ആര്യയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ.
മരണാനന്തരജീവിതത്തിലേക്ക് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതും ശരീരത്തിന് ചുറ്റും മുറിവേറ്റ പാടുകളും അന്ധവിശ്വാസത്തിലേക്ക് വിരൽ ചൂണ്ടുന്നതായി പോലീസ് സംശയിക്കുന്നു. മാർച്ച് 27-നാണ് നവീനും ദേവിയും വിനോദയാത്രയ്ക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് തിരുവനന്തപുരം വിമാനത്താവളം വഴി അരുണാചലിലേക്ക് പോയത്. വിനോദയാത്രയെന്ന് പറഞ്ഞതിനാൽ ബന്ധുക്കളും സംശയിച്ചില്ല. കൊൽക്കത്ത, ഗുവാഹത്തി വഴിയാണ് അരുണാചലിലേക്ക് പോയതെന്നാണ് വിവരം. ഇവർ പോയ കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കണ്ടെടുത്തിരുന്നു.
തിരുവനന്തപുരം സ്വകാര്യ ആയുർവേദ കോളേജിൽ സഹപാഠികളായിരുന്നു നവീനും ദേവിയും. 14 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം. തിരുവനന്തപുരത്തെ ആയുർവേദ റിസോർട്ടിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. കുട്ടികളില്ല. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജർമൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് ദേവി. സ്കോളർഷിപ്പോടെ ജർമനിയിൽ പോയാണ് ഇവർ ജർമൻ ഭാഷ പഠിച്ചത്. നവീൻ ഓൺലൈൻ ട്രേഡിങ്ങിലും കേക്ക് നിർമ്മാണത്തിലും സജീവമായിരുന്നു.
ഇങ്ങനെയാണ് ഇവർ അടുത്ത സുഹൃത്തുക്കളായത്. ദേവി കോവിഡ് കാലത്തിന് മുൻപ് സ്‌കൂളിൽനിന്ന് രാജിവെച്ചിരുന്നു. ആര്യ സുഖമില്ലെന്ന് പറഞ്ഞ് ഒരാഴ്ചമുൻപ് സ്‌കൂളിൽ നിന്ന് ലീവെടുത്തിരുന്നു. ആര്യ വീട്ടുകാരോട് പറയാതെയാണ് പോയത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ മകളെ കാണാനില്ലെന്ന് കാണിച്ച് 27-ന് വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനുമാണ് ഒപ്പം പോയതെന്ന് പോലീസിന് മനസ്സിലാകുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ ബന്ധുക്കളെ വിളിക്കാനുള്ള നമ്പർ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറ്റാനഗർ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കൾ മരണവിവരം അറിയുന്നത്.
കോട്ടയം മീനടം നെടുംപൊയ്കയിൽ റിട്ട. ഇൻകംടാക്‌സ് ഉദ്യോഗസ്ഥൻ എൻ.എ.തോമസി (കുഞ്ഞുമോൻ) ന്റെയും കെ.എഫ്.ഡി.സി. റിട്ട. മാനേജർ അന്നമ്മ തോമസിന്റെയും മകനാണ് നവീൻ. നവീനിന്റെ സഹോദരി നീതു തോമസ് കുടുംബസമേതം അമേരിക്കയിലാണ്. ലത മങ്കേഷാണ് ദേവിയുടെ അമ്മ. ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ എച്ച്.എൽ.എൽ. ഉദ്യോഗസ്ഥനായിരുന്നു. ആര്യയുടെ അമ്മ: ജി.ബാലാംബിക. വിവാഹശേഷം മിക്കവാറും നവീനും ദേവിയും തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. ഇടയ്‌ക്ക് കുറച്ചുദിവസങ്ങളിൽ ഇവർ കോട്ടയം മീനടത്തെ വീട്ടിലെത്തുമെങ്കിലും നാട്ടിൽ ആരുമായും ഇവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു.
Leave a Reply