രണ്ടു വര്‍ഷമായി റിയാദില്‍ തടങ്കലില്‍ കഴിയുന്ന സൗദി അറേബ്യന്‍ രാജകുമാരി ബസ്മ ബിന്ദ് സൗദ് അബ്ദുല്‍ അസിസ് അല്‍ സൗദിന്റെയും മകള്‍ സൗഹദ് അല്‍ ഷെരീഫിന്റെയും മോചനത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായം തേടി അനുയായികള്‍. ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്ബ്, കോമണ്‍വെല്‍ത്ത് ജനറല്‍ സെക്രട്ടറി പട്രീഷ്യ സ്‌കോട്ട്‌ലന്‍ഡ് എന്നിവര്‍ക്കാണ് ബസ്മ രാജകുമാരിയുടെ അനുയായികള്‍ കത്തെഴുതിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബസ്മ രാജകുമാരിയുടെ ഹൃദയാരോഗ്യ നില മോശമാണ്. അടിയന്തിരമായി മെഡിക്കല്‍ പരിചരണം ലഭ്യമാക്കേണ്ടതുണ്ട്. തടങ്കലില്‍നിന്ന് മോചിപ്പിക്കുന്നത് അനുസരിച്ചായിരിക്കും അവരുടെ തുടര്‍ ജീവിതമെന്നും രാജകുമാരിയുടെ കുടുംബ നിയമ ഉപദേഷ്ടാവ് ഹെന്റി എസ്ട്രാമെന്റും ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന ഗ്രാന്‍ഡ് ലിബെര്‍ട്ടിയിലെ ലൂസി റേയും കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് ഞങ്ങള്‍ നിങ്ങളോട് യാചിക്കുന്നു. അവര്‍ കോമണ്‍വെല്‍ത്ത് പൗരന്മാരായതിനാല്‍ അവര്‍ക്കായി പോരാടുന്നതില്‍ നിങ്ങള്‍ക്ക് ധാര്‍മികമായ ബാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു -ഇരുവരും കത്തില്‍ പറയുന്നു. ബസ്മ രാജകുമാരിക്കും മകള്‍ക്കും സൗദി അറേബ്യയിലെയും ഡൊമിനിക്ക ദ്വീപിലെയും പൗരത്വമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹെന്റി എസ്ട്രാമെന്റും ലൂസി റേയും ഇരുവരെയും മോചിപ്പിക്കാനുള്ള സഹായം തേടിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗദിയുടെ രണ്ടാമത്തെ ഭരണാധികാരിയുടെ മകളാണ് ബസ്മ. ഹൃദ്‌രോഗത്തിന് വിദഗ്ധ ചികിത്സക്കായി ജിദ്ദയില്‍നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 2019 മാര്‍ച്ചിലാണ് ബസ്മയെയും മകളെയും കാണാതാകുന്നത്. പിന്നാലെ, ഇരുവരെയും അന്യായമായി തടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തോളം ഇക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ 2020 ഏപ്രിലില്‍ ബസ്മ രാജകുമാരി തന്നെ തന്റെ ട്വിറ്ററില്‍ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. തന്നെയും മകളെയും അല്‍ ഹൈര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു കേസും തന്റെ മേല്‍ ചുമത്താതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യം മോശമായ അവസ്ഥയിലാണ്. മെഡിക്കല്‍ സഹായം ലഭ്യമായിട്ടില്ല. അത് മരണത്തിലേക്കു നയിച്ചേക്കാം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാജകുടുംബത്തിന് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ബസ്മ ട്വിറ്ററില്‍ പറഞ്ഞു. തന്നെ വിട്ടയക്കണമെന്ന് സൗദി രാജാവിനോടും കിരീടാവകാശിയോടും ആവശ്യപ്പെടുന്ന ട്വീറ്റില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍, മറ്റു മനുഷ്യാവകാശ സംഘടനകള്‍, യു.എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് എന്നിവരെയും ടാഗ് ചെയ്തിരുന്നു. ആഭ്യന്തര വിയോജിപ്പുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൗദിയില്‍ രാജ കുടുംബാംഗങ്ങളെ അന്യായമായി തടവിലാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.