ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണനെതിരെ സുപ്രീംകോടതി. സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റിസ് കര്‍ണന്റെ നടപടി റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവിനു ശേഷമുള്ള ജസ്റ്റിസ് കര്‍ണന്റെ എല്ലാ നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. കഴി!ഞ്ഞ ഫെബ്രുവരി 12 നാണ് കര്‍ണന് സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത്. അതിനുശേഷം ജസ്റ്റിസ് കര്‍ണന്‍ സ്വീകരിച്ച ജുഡീഷ്യലായിട്ടുള്ളതും ഭരണപരവുമായുള്ള എല്ലാ തീരുമാനങ്ങളുമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
തന്നെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ തന്നെ സ്റ്റേ ചെയ്തത്. ഉത്തരവ് സ്റ്റേ ചെയ്തത് കൂടാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിനോട് വിശദീകരണം എഴുതി നല്‍കാനും കര്‍ണന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 29 നു മുന്‍പ് കീഴുദ്യോഗസ്ഥന്‍ വഴി വിശദീകരണം എഴുതി നല്‍കാനാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതത്. മാത്രമല്ല തന്റെ നിയമാധികാരത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൈകടത്തരുതെന്നും കര്‍ണന്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന്, ജസ്റ്റിസ് സി.എസ്. കര്‍ണനെ ഒരു ജുഡീഷ്യല്‍ ചുമതലയും ഏല്‍പ്പിക്കരുതെന്ന് സുപ്രീം കോടതി, ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ജയ് കൗളിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണന്റെ എല്ലാ നടപടികളും സുപ്രീംകോടതി റദ്ദാക്കിയത്.