സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജിഷ വധക്കേസ്, പുറ്റിങ്ങൽ കേസ് എന്നിവ പറഞ്ഞ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റാൻ കഴിയില്ല. സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
സുപ്രീം കോടതി ഉത്തരവ് വരുമ്പോള്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്ന് ടി.പി.സെന്‍കുമാര്‍. അഭിഭാഷകര്‍ പ്രതിഫലം വാങ്ങാതെയാണ് തന്റെ കേസില്‍ ഹാജരായത്. സുപ്രീംകോടതി നിയമം നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഫയലുകള്‍ കൃത്രിമമായി ഉണ്ടാക്കിയതിനെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും. സര്‍ക്കാറിനെ വിമര്‍ശിക്കുന്നില്ല. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് താന്‍ പ്രതികരിക്കുന്നുമില്ല. രാജ്യത്ത് എല്ലായിടത്തും ഉദ്ദ്യോഗസ്ഥരെ നിയമിക്കുന്നതിലും മാറ്റുന്നതിലും തന്റെ കേസിലെ വിധി ഒരു വഴിത്തിരിവായി മാറും. എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും ശരിയായി പ്രവര്‍ത്തിച്ചാല്‍ നീതി ലഭിക്കുമെന്നതിന് തെളിവാണ്. കോടതി ഉത്തരവ് കിട്ടിയിട്ട് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു.
സർക്കാരിന്റെ ഭരണപരമായ തീരുമാനമാണെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് തളളിയാണ് കോടതി സെൻകുമാറിനെ മാറ്റിയ സർക്കാർ തീരുമാനത്തിനെതിരെ വിധിപറഞ്ഞതന്നാണ് ആദ്യ വിവരം. കഴിഞ്ഞ വർഷം മെയ് 31 നാണ് ഡി ജിപി സ്ഥാനത്തു നിന്നും സെൻകുമാറിനെ മാറ്റാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചത്. പിന്നീട് ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിക്കുകയും ചെയ്തു.
ജിഷ, പുറ്റിങ്ങൽ കേസുകളിൽ സ്വീകരിച്ച നിലപാട് പൊലീസിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയതിനാലാണു പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെൻകുമാറിനെ മാറ്റിയതെന്നായിരുന്നു കോടതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം. ജിഷാകേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തി പൊലീസ് ഉദ്യോഗസ്ഥരെ സെൻകുമാർ സംരക്ഷിക്കാൻ ശ്രമിച്ചു. പുറ്റിങ്ങൽ അപകടത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കൊല്ലം ജിലാഭരണക്കൂടത്തെ പഴിചാരാനാണു സെൻകുമാർ ശ്രമിച്ചതെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണു സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.
തന്നെ സ്ഥലംമാറ്റിയ നടപടി നിലവിലുളള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നായിരുന്നു സെൻകുമാറിന്റെ വാദം. ജിഷ, പുറ്റിങ്ങൽ കേസുകളിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെൻകുമാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയോട് ആവശ്യപ്പെട്ടു.
Leave a Reply