ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതകളില്‍ കള്ളു ഷാപ്പുകള്‍ തുറക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി. ഉപാധികളോടെയാണ് സുപ്രീം കോടതി ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ കള്ള് ഷാപ്പ് ഉടമസ്ഥരും തൊഴിലാളികളും സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. വിദേശമദ്യശാലകളുടെ നിരോധനം ഇളവു ചെയ്തുകൊണ്ടുള്ള വിധി കള്ളു ഷാപ്പുകള്‍ക്കും ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
ദേശീയ സംസ്ഥാന പാതകളിലെ 520 കള്ളുഷാപ്പുകളാണ് ഇപ്പോള്‍ പൂട്ടിക്കിടക്കുന്നത്. പുതിയ ഉത്തരവ് വന്നതോടെ ഇവയില്‍ മിക്ക ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഏതൊക്കെ ഷാപ്പുകള്‍ തുറക്കണമെന്നത് സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനായിരിക്കും. തുറക്കാനുള്ള അനുമതിക്കായി ഷാപ്പുടമകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ പൂട്ടിക്കിടക്കുന്ന മുഴുവന്‍ ഷാപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് ഷാപ്പുടമകളുടെ പ്രതീക്ഷ.
പഞ്ചായത്തുകളുടെ കീഴിലുള്ള നഗര പ്രദേശങ്ങളിലെ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വിധിയില്‍ ഇളവ് വരുത്താമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോടതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
Leave a Reply