സൂരജ് രാധാകൃഷ്ണൻ

മാതൃദിനത്തിനെതിരെ സംസാരിക്കുന്നവരെ ‘അമ്മയോട് സ്നേഹമില്ലാത്തവർ’ എന്ന് ചാപ്പകുത്തുന്നവർക്ക് മദറിങ്ങ് സൺഡേയെക്കുറിച്ചും, മാതൃദിനത്തിൻ്റെ ചരിത്രത്തെ പറ്റിയും, അന്ന ജാർവിസിനെ പറ്റിയും ഒട്ടും അറിവില്ലായിരിക്കണം. മാതൃദിനത്തിൽ കുറഞ്ഞത് ഒരു സോഷ്യൽ മീഡിയ പോസ്റ്റെങ്കിലും ഇട്ടില്ലെങ്കിൽ മോശമെന്ന് കരുതുന്ന നിഷ്കളങ്കത ചമയുന്നവർ വേറെയും. ഇങ്ങനെ മാതൃദിനം ഉറക്കെ ആഘോഷിക്കപ്പെടുമ്പോൾ തന്നെ, അമ്മയില്ലാത്തവർ, അത് ആരെന്നറിയാത്തവർ, അവരെ വെറുക്കുന്നവർ എന്നിങ്ങനെ പല തലങ്ങളിൽ ജീവിക്കുന്ന ജീവിതങ്ങളെ കുറിച്ച് വ്യാകുലപ്പെടാത്ത സമൂഹം കുറഞ്ഞത് മാതൃദിന ചരിത്രമെങ്കിലും അറിഞ്ഞിരിക്കണം.

മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് അമേരിക്കയിലും ഇന്ത്യയിലും അതുപോലെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നതെങ്കിൽ യുകെയിലും അയർലൻഡിലും അത് മാർച്ച് ഒന്ന് മുതൽ ഏപ്രിൽ നാല് വരെയുള്ള ഏതെങ്കിലും ഒരു ദിവസമാകാം. അമ്മമാരെ ആദരിക്കാൻ ഒരു ദിനം വേണമെന്ന് ആവശ്യപ്പെട്ട്, അങ്ങനെയൊന്ന് തുടങ്ങാൻ കാരണക്കാരിയായ അതേ വനിത പിന്നീട് ആ ദിനം നിർത്തലാക്കാൻ പോരാടിയതാണ് അമേരിക്കൻ മാതൃദിന ചരിത്രം. അതിന് മുന്നേ യുകെയിലെ മാതൃദിനം വന്ന വഴി അറിയാം.

പണ്ട് കാലത്ത് ജോലികൾ കൂടുതലും സമ്പന്നരുടെ വീട്ടിലും അവരുടെ സ്ഥലവും ചുറ്റിപറ്റിയായിരുന്നു. ഇവിടെ ഇംഗ്ലണ്ടിലും ധനിക പ്രഭുക്കളുടെ വീട്ടുജോലിയിലായിരുന്നു ഭൂരിഭാഗം പേരും. അവരുടെ താമസവും പ്രഭുക്കന്മാരുടെ വീട്ടിൽ തന്നെ. പതിനാറാം നൂറ്റാണ്ടിൽ അന്നത്തെ മത പുരോഹിതരുടെയൊക്കെ ഇടപെടൽ കാരണമായിരിക്കണം ഈ ജോലിക്കാർക്കൊക്കെ അവരുടെ ‘മദർ ചർച്ച്’ കളിലേക്ക് പോകാൻ ഒരു ദിവസം അനുവദിക്കപ്പെട്ടു. മാതൃ ഇടവക പള്ളിയിലേക്ക് പോകുമ്പോൾ ബന്ധുക്കളും ബാല്യകാല സുഹൃത്തുക്കളുമൊക്കെ ഒരുമിക്കുന്ന ഈ ദിവസം ജന മനസ്സുകളിൽ വലിയ ആഘോഷമായിരുന്നിരിക്കണം. ‘മദറിങ്ങ് സൺഡേ’ എന്നാണ് ഈ ദിവസത്തെ വിളിക്കുന്നത്. “മനുഷ്യാ, നീ മണ്ണാകുന്നു മണ്ണിലേക്കു തന്നെ മടങ്ങുകയും ചെയ്യും” എന്ന് ഓർമ്മപ്പെടുത്തുന്ന ‘വിഭൂതി ബുധൻ’ (Ash Wednesday) തുടങ്ങിയാൽ നാലാമത്തെ ഞായറാഴ്ചയാണ് മദറിങ്ങ് സൺഡേ ആയി അവധി കൊടുത്തിരുന്നത്. ഈസ്റ്ററുമായി ബന്ധപ്പെട്ട് കിടക്കുന്ന ദിവസമായത് കൊണ്ട് മദറിങ്ങ് സൺഡേയും ചന്ദ്ര വർഷം ആസ്പദമാക്കിയാണ്. അത് കൊണ്ട് തന്നെ ആ വർഷം ഏത് ദിവസമാണോ ഈസ്റ്റർ അതനുസരിച്ച് മദറിങ്ങ് സൺഡേ ദിവസവും മാറും. വലിയനോമ്പ് കാലമായത് കൊണ്ട് പ്രഭുക്കന്മാർക്ക് ഈ ഒരു ദിവസത്തെ അവധി കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കില്ല. പറഞ്ഞു വരുന്നത് അമ്മയുമായി ഒരു ബന്ധവും ഈ ദിവസത്തിനില്ല. മാത്രമല്ല, പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും വ്യവസായവൽക്കരണത്തിൻ്റെ ഭാഗമായി ജോലി ലഭ്യത കൂടിയതും നഗരവൽക്കരണത്തിൻ്റെയും മറ്റും പശ്ചാത്തലത്തിൽ ഈ ദിവസത്തിൻ്റെ പ്രത്യേകതയും ഇല്ലാതായി. പിന്നെ എങ്ങനെയാണ് ഈ ദിവസം വീണ്ടും ആഘോഷിക്കപെട്ട് തുടങ്ങിയത്. അത് മനസ്സിലാക്കാൻ അമേരിക്കൻ മാതൃദിന ചരിത്രം കൂടി പറയേണ്ടതുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിലെ കഥയാണ്. ആൻ റീവ്സ് ജാർവിസ് എന്ന സ്ത്രീക്ക് പതിമൂന്ന് മക്കളുണ്ടായി. ശൈശവ മരണനിരക്ക് വളരെ കൂടുതലായിരുന്ന അന്ന് ആനിൻ്റെ നാല് കുട്ടികൾക്ക് മാത്രമേ കൗമാരം കാണാൻ സാധിച്ചുള്ളൂ. മാതൃദിനം സൃഷ്ടിച്ച, പിന്നീട് അതിനെ തള്ളി പറഞ്ഞ ലോക പ്രശസ്തയായ അന്ന ജാർവിസ് ആയിരുന്നു ആ നാലുപേരിൽ ഒരാൾ .

തൻ്റെ ഒൻപത് കുട്ടികളുടെ മരണം ആനിനെ നന്നേ വിഷമിപ്പിച്ചു. അതേ സമയം, തന്നെ പോലുള്ള അമ്മമാരുടെ പ്രാധാന്യത്തെ പറ്റി ആൻ ചിന്തിച്ച് തുടങ്ങി. അങ്ങനെ അവർ അവിടെയുള്ള അമ്മമാരെയൊക്കെ ചേർത്ത് മദേഴ്സ് ഡേ വർക്ക് ക്ലബ്ബുകൾ സംഘടിപ്പിച്ചു. സമൂഹത്തിലെ അമ്മമാർക്ക് ശുചിത്വത്തിൻ്റെ പ്രധാന്യം പഠിപ്പിക്കുകയും ആരോഗ്യകരമായ ജീവിതത്തിൻ്റെ പ്രധാന്യം എന്നിങ്ങനെ ഒരു അമ്മയ്ക്ക് വേണ്ട എല്ലാ കാര്യങ്ങൾക്ക് വേണ്ടിയും ഈ ക്ലബ്ബുകൾ പ്രവർത്തിച്ചു. ആയിടെയാണ് അമേരിക്കൻ ആഭ്യന്തര യുദ്ധം തുടങ്ങുന്നത്. യുദ്ധത്തിൽ പരുക്ക് പറ്റിയ ആർക്കും മദേഴ്സ് ഡേ ക്ലബ് പക്ഷഭേദമന്യേ ശുശ്രൂഷ നൽകി. യുദ്ധം സമാപിച്ചപ്പോൾ യുദ്ധത്തിൻ്റെ മുറിവുണക്കാൻ ‘മദേഴ്സ് ഫ്രണ്ട്ഷിപ്പ് ഡേ’ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഈ സമയങ്ങളിൽ, ആൻ അമ്മമാരുടെ ത്യാഗങ്ങളെ ആദരിക്കാൻ ഒരു ദിനത്തിൻ്റെ ആവശ്യകതയെ പറ്റി സംസാരിക്കുമായിരുന്നു. അങ്ങനെയൊന്ന് യാഥാർഥ്യമാകുന്നതിന് മുന്നേ തന്നേ അവർ മരണപ്പെട്ടു. പക്ഷേ ആനിൻ്റെ മകൾ അന്ന ജാർവിസ് അമ്മമാർക്ക് വേണ്ടി ഒരു ദിവസം കൊണ്ട് വരുമെന്നു പ്രതിജ്ഞ എടുത്തു. അമേരിക്കൻ ഗവൺമെൻ്റുമായുള്ള നിരന്തര ഇടപെടലും കുറച്ച് വ്യാപാര സ്ഥാപനങ്ങളുടെ സഹായം കൊണ്ടും അന്നയുടെ ആവശ്യം അമേരിക്ക മൊത്തം അറിയുകയും അവസാനം 1914 ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ‘മദേഴ്സ് ഡേ’ ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.

അന്നയുടെ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ മാതൃദിനത്തെ ഒരു വിൽപനച്ചരക്കായി മാത്രം കാണുന്നു എന്ന സത്യം അവർ മനസ്സിലാക്കി. അങ്ങനെ അവർ താൻ സൃഷ്ടിച്ച മാതൃദിനത്തിന് എതിരെ സ്വയം പോരാടാൻ തുടങ്ങി. “അച്ചടിച്ച ഗ്രീറ്റിങ് കാർഡ് എന്നത് നിങ്ങൾക്ക് വേണ്ടി ജീവിച്ച അമ്മയ്ക്ക് വേണ്ടി സ്വന്തം കൈപ്പടയിൽ എഴുതാൻ പോലും കഴിയത്താവണ്ണം നിങ്ങളെ മടിയരാക്കി” എന്നും ” അമ്മ എന്ന വികാരം മാറി മാതൃദിനത്തെ ലാഭത്തിൻ്റെ ദിനമാക്കി മാറ്റി” എന്നും തുടങ്ങി അന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും സമൂഹത്തിൻ്റെ അന്ധതയ്ക്കെതിരെയും നിരന്തരം ശബ്ദിച്ചു. തൻ്റെ ദുഖങ്ങൾക്ക് പരിഹാരമാകാതെ അന്ന ഈ ലോകത്തിൽ നിന്ന് യാത്രയായി. മാതൃദിനം ആഘോഷിക്കാൻ സമ്മതിച്ചത് തന്നെ ഗവൺമെൻ്റിനും കച്ചവടക്കാർക്കും വേണ്ടിയാണെന്നും ‘അമ്മ’ എന്നത് അവർക്കൊരു കച്ചവട വാക്ക് മാത്രമാണെന്നും മരണത്തിന് കുറേ മുന്നേ തന്നേ അന്ന മനസ്സിലാക്കിയിരുന്നിരിക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപ്പോഴേക്കും യുകെ യിൽ മദറിങ്ങ് സൺഡേ ഏതാണ്ട് മാഞ്ഞ് പോയിരുന്നു. ഒരു ഇംഗ്ലീഷ് യുവതി, പേര് കോൺസ്ടൻസ് പെൻസ്വിക്ക് സ്മിത്ത് . ഒരു വികാരിയുടെ മകളായിരുന്ന കോൺസ്ടൻസ് മതത്തെ ആഴത്തിൽ വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ ഒരു മതാധിഷ്ഠിത ദിവസം ആരാലും ഗൗനിക്കപ്പെടാതെ കടന്ന് പോകുന്നത് അവരെ വളരെ ആകുലപ്പെടുത്തി. അപ്പോഴാണ് അവർ അന്ന ജാർവിസിൻ്റെ മാതൃദിനം തുടങ്ങാനുള്ള പദ്ധതിയെ പറ്റി കേൾക്കുന്നത്. തൻ്റെ ആകുലതകൾ അകറ്റാനുള്ള ഊർജ്ജം കോൺസ്ടൻസ്സിന് അന്നയിൽ നിന്നും ലഭിച്ചിരിക്കണം. പിന്നീട് അവർ ആദ്യം ചെയ്തത് മദറിങ്ങ് സൺഡേ യെ കുറിച്ചുള്ള ചരിത്രവും അതിൽ മതത്തിനുള്ള പ്രാധാന്യവും ചേർത്ത് ഒരു ബുക്ക് എഴുതുകയാണ്. പിന്നീട് സ്കൂളുകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, ചർച്ച് ഓഫ് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ചില ക്രിസ്ത്യൻ സ്ഥാപ്‌നങ്ങളിലൂടെയും മദറിങ്ങ് സൺഡേ യെ കുറിച്ച് പ്രചരണം നൽകി.

ആയിടെയാണ് ഒന്നാം ലോകമഹായുദ്ധം നടന്നത്. യുദ്ധാനന്തരം മതാഘോഷങ്ങളിൽ സന്തോഷം കണ്ടെത്തിയ ജനങ്ങൾ മദറിങ്ങ് സൺഡേയും വ്യാപകമായി ആഘോഷിച്ച് തുടങ്ങി. പക്ഷേ വൈകാതെ തന്നെ ഈ മതാഘോഷം വ്യാപാരികളുടെ കച്ചവട തന്ത്രങ്ങൾക്ക് വഴങ്ങി അമേരിക്കൻ മാതൃദിനം എന്ന പോലെ ആചരിക്കാൻ തുടങ്ങുകയായിരുന്നു. ഇന്ന് യുകെയിലും മദറിങ്ങ് സൺഡേ അമേരിക്കൻ രീതിയിൽ മാതൃദിനമായി ആഘോഷിക്കപ്പെടുന്നു . ഏതായാലും മദറിങ്ങ് സൺഡേ വ്യാപാരികളുടെ കയ്യിൽ അകപ്പെടും മുന്നേ കോൺസ്ടൻസ് ഇഹലോകവാസം വെടിഞ്ഞിരുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തീർച്ചയായും അന്ന ജാർവിസിനെ പോലെ കോൺസ്ടൻസും ഈ മാറ്റത്തിനെതിരെ പോരാടിയേനെ എന്ന് അനുമാനിക്കാം.

മദറിങ്ങ് സൺഡേയുടെയും മാതൃ ദിനത്തിൻ്റെയും ചരിത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ മനസ്സിലാകുന്നത് ഈ ദിവസം ഒരു കച്ചവട തന്ത്രം മാത്രമാണെന്നാണ്. അത് മനസ്സിലാക്കി വേണം നമ്മൾ മാതൃദിനം ആചരിക്കാൻ.

സ്ത്രീയെ ബഹുമാനിക്കുന്നവർക്ക് മാത്രമേ അമ്മമാരെ പൂർണ്ണമായി ബഹുമാനിക്കാൻ സാധിക്കൂ. ഓർക്കുക, ഏതൊരു അമ്മയും ആദ്യം ഒരു സ്ത്രീയാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും. മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മയാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ, അതല്ലാ, അങ്ങനെ ഒരു അമ്മയാണ് നിങ്ങളെങ്കിൽ സ്വന്തം ജീവിതത്തിൽ ആനന്ദം കണ്ടെത്തേണ്ട സാഹചര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അമ്മയാകാത്തത് ഒരു സ്ത്രീക്ക് അപമാനമല്ല എന്നും മനസ്സിലാക്കുക. ഈ ദിനത്തിന് കാരണക്കാരായ അന്ന ജാർവിസും കോൺസ്ടൻസ് പെൻസ്വിക്ക് സ്മിത്തും, വിവാഹിതരുമല്ല,അമ്മമാരുമായില്ല. അവർക്ക് അവരുടേതായ ജീവിത ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.

മാതൃദിനത്തിൻ്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി, കച്ചവട തന്ത്രങ്ങൾക്ക് വഴങ്ങിയുള്ള പ്രഹസനങ്ങളും കാട്ടികൂട്ടലുകളും ഇല്ലാത്ത ദിനാഘോഷങ്ങളാകട്ടെ ഇനിമുതൽ. ഈ ഒരു ദിവസമെങ്കിലും ലോകം മൊത്തമുള്ള അമ്മമാർക്ക് ആത്മാർത്ഥമായ കൃതജ്ഞത രേഖപ്പെടുത്തുവാൻ വിനിയോഗിക്കുക. എല്ലാ ദിവസവും നിങ്ങളുടെ ഇഷ്ടങ്ങൾ നിറവേറ്റാൻ വെമ്പുന്ന അമ്മയ്ക്ക്, അവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ഈ ഒരു ദിവസമെങ്കിലും കരുതിക്കൂടെ? പണം കൊടുത്ത് വാങ്ങാൻ സാധിക്കാത്ത അമ്മമ്മാരുടെ സ്നേഹത്തിന് വിലയിട്ട വ്യാപാര സ്ഥാപനങ്ങളെ ഈ മാതൃദിനം മുതൽ അവഗണിക്കുക. അമ്മയോടുള്ള സ്നേഹത്തിനാകട്ടെ മുൻഗണന.

സൂരജ് രാധാകൃഷ്ണൻ : സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന സൂരജ് രാധാകൃഷ്ണൻ ഇംഗ്ലണ്ടിലെ വെയ്ക്ക് ഫീൽഡിലാണ് താമസിക്കുന്നത്.  തളിപ്പറമ്പിനടുത്ത് നടുവിൽ ആണ് കേരളത്തിൽ സൂരജ് രാധാകൃഷ്ണന്റെ സ്വദേശം.