സൂറത്ത്: ഗുജറാത്തില്‍ വൈദ്യപരിശോധനയ്ക്കായി വനിത ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ നഗ്നരാക്കി നിര്‍ത്തി. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പത്തോളം വനിതാ ട്രെയിനി ക്ലര്‍ക്കുമാരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ നഗ്നരാക്കി നിര്‍ത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ ബഞ്ചനിധി പാനി ഉത്തരവിട്ടു.
സൂററ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സൂററ്റ് മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആശുപത്രിയില്‍ ഫെബ്രുവരി 20 നാണ് സംഭവം. ഗുജറത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയെന്ന വാര്‍ത്ത വന്‍ വിവാദമായിരിക്കെയാണ് പുതിയ സംഭവം.
അവിവാഹിതരായ സ്ത്രീകള്‍ക്ക് പോലും ഗര്‍ഭ പരിശോധന നടത്തിയതായി സൂററ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എംപ്ലോയിസ് യൂണിയന്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചു.
എന്നാല്‍ ചട്ടപ്രകാരം, എല്ലാ ട്രെയിനി ജീവനക്കാരും പരിശീലന കാലയളവ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ശാരീരിക ക്ഷമത തെളിയിക്കാന്‍ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തെ പരിശീലന കാലയളവ് പൂര്‍ത്തിയായപ്പോള്‍, ചില വനിതാ ട്രെയിനി ക്ലര്‍ക്കുകള്‍ വൈദ്യ പരിശോധനയ്ക്കായി എത്തിയതാണെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
നിര്‍ബന്ധിത പരിശോധനയ്ക്ക് എതിരല്ലെന്നും എന്നാല്‍ വൈദ്യപരിശോധനയ്ക്കായി സ്വീകരിച്ച മാര്‍ഗം ശരിയായില്ലെന്നുമാണ് യൂണിയന്‍ ആരോപിക്കുന്നത്. പരിശോധനയ്ക്കായി മുറിയിലേയ്ക്ക് സ്ത്രീകളെ ഒന്നിനുപുറകെ ഒന്നായി വിളിക്കുന്നതിനുപകരം, വനിതാ ഡോക്ടര്‍മാര്‍ അവരെ സംഘമായി നഗ്നരാക്കി നിര്‍ത്തി. ഇത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് യൂണിയര്‍ ആരോപിച്ചു.
ആരോപണം അന്വേണത്തിനായി സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ മൂന്ന് അംഗ സമിതി രൂപവത്കരിച്ചു. 15 ദിവസത്തിനുള്ളില്‍ ഇവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply