കൊല്ലം: കുളത്തൂപ്പുഴ അരിപ്പയില്‍ ആദിവാസി ദലിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍ ‘കോളനിവിട്ടു കൃഷിഭൂമിയിലേക്ക്’ എന്ന ആശയവുമായി തുടരുന്ന ഭൂസമരത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം സിനിമാനടന്‍ സുരേഷ്‌ഗോപി ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് അരിപ്പ സമരഭൂമിയില്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ മുഖ്യാതിഥിയാവും. ശ്രീരാമന്‍ കൊയ്യോന്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്നു കലാപരിപാടികളും നടക്കും. ഡിസംബര്‍ 31നു മുന്‍പു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അരിപ്പ സരമഭൂമി സന്ദര്‍ശിച്ചു കൈയേറ്റക്കാരുടെ ലിസ്‌ററ് തയാറാക്കുമെന്നും ജനുവരിയില്‍ ഭൂമി കണ്ടെത്തി വിതരണം ചെയ്യാമെന്നും ഉറപ്പു നല്‍കിയെങ്കിലും സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെന്ന് എ.ഡി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദിവാസിദലിത് ഭൂസമരങ്ങളോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയും വാഗ്ദാന ലംഘനത്തിനെതിരെ മുത്തങ്ങ ദിനമായ ഫെബ്രുവരി 19നു പരിഷത്ത് സ്ഥാപകന്‍ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ നൂറു കണക്കിനു ഭൂസമരക്കാര്‍ പങ്കെടുക്കുന്ന സത്യഗ്രഹ പരിപാടി സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ നടക്കും. അന്നേദിവസം വൈകിട്ട് ഗാന്ധിപാര്‍ക്കില്‍ ‘ദേശീയ ഭൂപരിഷ്‌കരണ നയവും ദലിതരും’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും. വ്യാജ ആധാരങ്ങള്‍ ചമച്ചും കൃത്രിമമായി പാട്ടകരാറുണ്ടാക്കിയും അനധികൃതമായി കൈവശം വച്ചുവരുന്ന തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ഇപ്പോഴത്തെ എറണാകുളം ജില്ലാ കലക്ടര്‍ ഡോ. എം.ജി. രാജമാണിക്യത്തെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഒന്നരവര്‍ഷം മുന്‍പു രാജമാണിക്യം കണ്ടെത്തിയിട്ടുള്ളതും ഹൈക്കോടതി ശരിവച്ചിട്ടുള്ളതുമായ ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ളതും മുറിച്ചു വിറ്റിട്ടുള്ളതുമായ മുഴുവന്‍ തോട്ടം ഭൂമിയും തിരിച്ചു പിടിച്ചു ഭൂരഹിതര്‍ക്കു വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതി സെക്രട്ടറി രതീഷ് ടി. ഗോപി, കൊല്ലം ജില്ലാ പ്രസിഡന്റ് വി. രമേശന്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജി. ശശി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സത്യന്‍ കല്ലറ എന്നിവരും പങ്കെടുത്തു.