അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിൽ നോട്ടിസ് നൽകിയതിനു പിന്നിൽ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കലക്ടർ ടി.വി.അനുപമ പറയട്ടേയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്തത്. അതു ചെയ്തില്ലെങ്കിൽ രാഷ്ട്രീയ ആരോപണം വരാം. വിഷയത്തിൽ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നൽകി അതു പരിശോധിക്കുന്നതുവരെ പറയാൻ പാടില്ലെന്നതു മര്യാദയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചെന്നു കാട്ടിയാണ് ജില്ലാ കലക്ടർ സ്ഥാനാർഥിക്കു നോട്ടിസ് നൽകിയത്. കലക്ടർ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ദാസ്യപ്പണി ചെയ്യുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള കലക്ടറാണു അനുപമയെന്നു സുരേഷ് ഗോപി പറഞ്ഞു. അവരുടെ ആത്മാർഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കലക്ടർ എന്റെയോ എതിർത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നതാണു നിലപാട്. നീക്കത്തിനു പിന്നിൽ രാഷ്ട്രീയം ആണെങ്കിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമെങ്കിലും അവർ പറയുമല്ലോ? ഇല്ലെങ്കിൽ വേണ്ട– സുരേഷ് ഗോപി വ്യക്തമാക്കി.
15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമോയെന്നു പറഞ്ഞത് പൊള്ളത്തരം വിളിച്ചുപറഞ്ഞ വർഗത്തിനുള്ള തന്റെ മറുപടിയാണ്. അവർ ഒരുപാടു പേരെ വഴി തെറ്റിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥയ്ക്ക് അവർ പറഞ്ഞ ഭാഷയിൽതന്നെ മറുപടി നൽകേണ്ടതുണ്ട്. അത്രയും ഹൃദയവിശാലത എനിക്കുണ്ട്– അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.
സ്വിസ് ബാങ്കിൽ കൊണ്ടു ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം വച്ചു പങ്കുവയ്ക്കാനുള്ള പണമുണ്ടാകും എന്ന് പറഞ്ഞതിന്, മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ചു കറന്ന് ഒഴുക്കി അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്‍റെ അര്‍ഥം? ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ– എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
Leave a Reply