സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തെ പ്രശംസിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും സിനിമയെ കുറിച്ച് അഭിപ്രായം പങ്കിട്ടിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവച്ച അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ സൂര്യ. ട്വിറ്ററിലൂടെയാണ് അദ്ദേഹം റിയാസിന് നന്ദി പറഞ്ഞത്. ‘കരുത്തുറ്റ ആവിഷ്കരണം, ശക്തമായ രാഷ്ട്രീയ പ്രസ്ഥാവന, അഭിനന്ദനങ്ങൾ..’ റിയാസ് കുറിച്ചു. ‘നന്ദി സാർ, ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം.’ സൂര്യ കുറിച്ചു.
‘ജയ് ഭീം’ സിനിമയ്ക്ക് പ്രചോദനമായ പാർവതിക്കും കുടുംബത്തിനും സഹായവുമായും സൂര്യ രംഗത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിൽ െകാല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് 15 ലക്ഷം രൂപ സൂര്യ നേരിട്ടെത്തി കൈമാറിയിരുന്നു. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. ‘ജയ് ഭീമി’ന്റെ ലാഭത്തിൽ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവർക്കായി നൽകിയത്.
മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്. മകളും ഭർത്താവും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാൻ പോലുമിടമില്ലാത്ത കൂരയിലെ ഇവരുടെ ജീവിതം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.
ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.
Leave a Reply