ലണ്ടന്‍: ബ്രിട്ടനിലേക്ക് സര്‍വീസ് നടത്തുന്ന നാലിലൊന്ന് വിമാനങ്ങള്‍ വൈകിയാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ രേഖകളില്‍ നടത്തിയ വിശകലനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ ഈസിജെറ്റ് നടത്തുന്ന സര്‍വീസുകളില്‍ 66 ശതമാനം മാത്രമേ വ്യോമയാന നിലവാരം അനുസരിച്ച് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന കൃത്യ സമയം പാലിക്കുന്നുള്ളൂ എന്നാണ് കണക്ക്. 15 മിനിറ്റ് വരെ വൈകാന്‍ ഇളവ് നല്‍കുന്നതാണ് ഈ മാനദണ്ഡം. യുകെയിലെ 25 വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന 35 എയര്‍ലൈനുകളുടെ 8,50,000 ഫ്‌ളൈറ്റുകളുടെ വിവരങ്ങളാണ് വിശകലനം നടത്തിയത്.
എട്ട് ബ്രിട്ടീഷ് വ്യോമയാനക്കമ്പനികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. വ്യോമയാന വ്യവസായത്തില്‍ കൃത്യനിഷ്ഠയുടെ ശരാശരി നിലവാരമായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന 74 ശതമാനം പാലിക്കാന്‍ മിക്ക സര്‍വീസുകള്‍ക്കു കഴിയുന്നില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. തോംസണ്‍ 68 ശതമാനവും ജെറ്റ് 2 71 ശതമാനവും മൊണാര്‍ക്ക്, തോമസ് കുക്ക് എന്നിവ 72 ശതമാനവും വീതം പാലിക്കുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സ് നേടിയ കൃത്യനിഷ്ഠയുടെ കണക്കാണ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.
ശരാശരിക്കു മുകളില്‍ പ്രകടനം നടത്തിയ ബ്രിട്ടീഷ് കമ്പനികള്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്, ഫ്‌ളൈബി എന്നിവയാണ്. 79 ശതമാനവും 82 ശതമാനവുമാണ് ഇവ യഥാക്രമം നേടിയത്. ഈസിജെറ്റ് യുകെയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണെന്നും ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും തിരക്കുള്ള പാതകളിലുമാണ് കമ്പനിയുടെ സര്‍വീസുകളെന്നും ഈസിജെറ്റ് വക്താവ് അറിയിച്ചു. 2016ല്‍ 76 ശതമാനവും 2017ല്‍ 80 ശതമാനവും കൃത്യനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് തങ്ങളുടെ രേഖകള്‍ പറയുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
ഡച്ച് കമ്പനിയായ കെഎല്‍എം (88 ശതമാനം), ഖത്തര്‍ എയര്‍വേയ്‌സ് (86) ഐബീരിയ (84) എന്നിവയാണ് കൃത്യനിഷ്ഠയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. 60 ശതമാനവുമായി നോര്‍വീജിയന്‍, 56 ശതമാനവുമായി ഐസ്‌ലാന്‍ഡ് എയര്‍, 55 ശതമാനം നേടി എയര്‍ ട്രാന്‍സാറ്റ് ഓഫ് ക്യാനഡ എന്നിവ പട്ടികയില്‍ ഏറ്റവും പിന്നില്‍ നിലയുറപ്പിച്ചിരിക്കുന്നു. ഏതായാലും വിമാനം വൈകലിനും റദ്ദാക്കലിനും പേര്‌കേട്ട എയര്‍ ഇന്ത്യ പട്ടികയില്‍ മോശം സ്ഥാനങ്ങളിലല്ലെന്ന് ആശ്വസിക്കാം.
Leave a Reply